രണ്‍വീര്‍ സിംഗ് നായകനായ ചിത്രം '83'നെ അഭിനന്ദിച്ച് രജനികാന്ത്.

രണ്‍വീര്‍ സിംഗ് (Ranveer Singh) നായകനായെത്തിയ ചിത്രമാണ് '83'. ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ വിജയത്തിന്റെയും ക്യാപ്റ്റൻ കപില്‍ ദേവിന്റെയും കഥയാണ് '83' പറഞ്ഞത്. പ്രഖ്യാപനം മുതലേ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നിരുന്നു '83'. ഇപ്പോഴിതാ രണ്‍വീര്‍ സിംഗ് ചിത്രം കണ്ട് അഭിപ്രായം രേഖപ്പെടുത്തുകയാണ് രജനികാന്ത് (Rajinikanth).

വൗ, ഇത് എന്തൊരു സിനിമ.. ഗംഭീരം എന്നാണ് രജനികാന്ത് എഴുതിയിരിക്കുന്നത്. രണ്‍വീര്‍ സിംഗിന്റെ '83' ചിത്രത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ എന്നും രജനികാന്ത് എഴുതിയിരിക്കുന്നു. കബീര്‍ ഖാൻ ആണ് ചിത്രം സംവിധാനം ചെയ്‍തത്. രണ്‍വീര്‍ സിംഗ് നായകനായ ചിത്രം അമ്പത് കോടി ക്ലബിലേക്ക് എത്തുകയാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു.

Scroll to load tweet…

കബിര്‍ ഖാൻ, വിഷ്‍ണുവര്‍ദ്ധൻ ഇന്ദുരി, ദീപിക പദുക്കോണ്‍, സാജിഗദ് നദിയാദ്‍വാല എന്നിവരാണ് '83' നിര്‍മിച്ചത്. റിലയൻസ് എന്റര്‍ടെയ്‍ൻമെന്റ്, ഫാന്റം ഫിലിംസ്, വിബ്രി മീഡിയ, കെഎ പ്രൊഡക്ഷൻസ്, നദിയാദ്‍വാല ഗ്രാൻഡ്‍സണ്‍ എന്റര്‍ടെയ്‍ൻമെന്റ്, കബിര്‍ ഖാൻ ഫിലിംസ് എന്നിവയുടെ ബാനറിലാണ് നിര്‍മാണം. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. നിതിൻ ബെയ്‍ദ് ആണ് '83'ന്റെ ചിത്രസംയോജനം നിര്‍വഹിച്ചത്.

അസീം മിശ്ര ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. രണ്‍വീര്‍ സിംഗ് ചിത്രത്തില്‍ കപില്‍ ദേവായി അഭിനയിക്കുമ്പോള്‍ ഭാര്യാ കഥാപാത്രമായി ദീപികാ പദുക്കോണാണ് എത്തിയത്. കൃഷ്‍ണമാചാരി ശ്രീകാന്ത് ആയി തമിഴ് നടൻ ജീവയാണ് അഭിനയിച്ചത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായിട്ടാണ് '83' എത്തിയത്.