Asianet News MalayalamAsianet News Malayalam

രജനീകാന്തിന്‍റെ രാഷ്ട്രീയ പാര്‍ട്ടി ഏപ്രിലില്‍ പ്രഖ്യാപിക്കും; ഒപ്പം 'മഴവില്ല്' സഖ്യം ഉണ്ടാക്കാനും നീക്കം

ഏപ്രില്‍ 14 ന് ശേഷം പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്ന് രജനിയുടെ അടുത്തവൃത്തങ്ങളിലൊരാളാണ് ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്. പാര്‍ട്ടിയുടെ ആദ്യ സമ്മേളനം ഓഗസ്റ്റില്‍ നടത്തും. 

Rajinikanth set to launch party in April
Author
Chennai, First Published Feb 9, 2020, 1:11 PM IST

ചെന്നൈ: രജനീകാന്തിന്‍റെ രാഷ്ട്രീയ പാര്‍ട്ടി ഏപ്രിലില്‍ പ്രഖ്യാപിക്കും എന്ന് വാര്‍ത്ത. രജനിയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തമിഴ് രാഷ്ട്രീയത്തില്‍ ചെറുകക്ഷികളെ ചേര്‍ത്ത്  'മഴവില്ല്' സഖ്യമുണ്ടാക്കാനും രജനിക്ക് പദ്ധതിയുണ്ട്. സംസ്ഥാനത്തെ പ്രാദേശിക പാര്‍ട്ടികളും വലിയ പാര്‍ട്ടികളിലെ പ്രമുഖരും  നടന്‍ രജനീകാന്തിനൊപ്പം ഒരുമ്മിച്ചേക്കും. ആരാധകരുടെ ഉള്‍പ്പെടെ വലിയ കാത്തിരിപ്പിനൊടുവിലാണ് ഏപ്രിലില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന അനൗദ്യോഗിക ഏറ്റവും ഒടുവില്‍ പുറത്തെത്തിയിരിക്കുന്നത്. 

ഏപ്രില്‍ 14 ന് ശേഷം പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്ന് രജനിയുടെ അടുത്തവൃത്തങ്ങളിലൊരാളാണ് ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്. പാര്‍ട്ടിയുടെ ആദ്യ സമ്മേളനം ഓഗസ്റ്റില്‍ നടത്തും. ഓഗസ്റ്റ്- സെപ്റ്റംബര്‍ മാസങ്ങളില്‍ സംസ്ഥാന ജാഥ നടത്തി അടുത്തുവരുന്ന തിരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് രജനിയുടെ പദ്ധതിയെന്നാണ് വിവരം.

അണ്ണാ ഡിഎംകെയില്‍ നിന്ന് പ്രധാന നേതാക്കള്‍ രജനിക്കൊപ്പം എത്തിയേക്കുമെന്നാണ് സൂചന. സംസ്ഥാനത്തെ ജാതി കേന്ദ്രീകൃത പാര്‍ട്ടിയായ പട്ടാളി മക്കള്‍കക്ഷി, എസി ഷണ്‍മുഖത്തിന്റെ നേതൃത്വത്തിലുള്ള നീതി പാര്‍ട്ടി, കമല്‍ ഹാസന്‍റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം എന്നീ പാര്‍ട്ടികളെ ഒപ്പം നിര്‍ത്തി മഴവില്ലഴക് സഖ്യമായി അടുത്ത തിരഞ്ഞെടുപ്പിനെ നേരിടാനാണ് രജനിയുടെ നീക്കം. ഡിഎംകെയെ തകര്‍ക്കുകയാണ് രജനി പാര്‍ട്ടിയുടെ പ്രഥമ ലക്ഷ്യം.

നേരത്തെ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് നടന്‍ രജനീകാന്ത് രംഗത്ത് എത്തിയിരുന്നു. പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു രജനീകാന്തിന്‍റെ പ്രതികരണം."വിദ്യാർത്ഥികൾ മതനേതാക്കളുടേയും രാഷ്ട്രീയക്കാരുടേയും ഉപകരണമാകരുത്. ദേശീയ പൗരത്വ രജിസ്റ്റർ രാജ്യത്തിന് അത്യന്താപേക്ഷിതമാണ്". ഇന്ത്യയിലെ മുസ്ലീങ്ങളെ നിയമം ബാധിക്കില്ലെന്നും മുസ്ലിം സമൂഹത്തെ തെറ്റിധരിപ്പിക്കുകയാണെന്നുമായിരുന്നു രജനീകാന്തിന്‍റെ പ്രതികരണം. രജനീകാന്തിനെ ബിജെപിയിലേക്ക് ക്ഷണിച്ച് മുതിർന്ന നേതാക്കൾ രംഗത്തെത്തിയത് പിന്നാലെയാണ്  പൗരത്വ നിയമത്തിന് അനുകൂല പ്രതികരണം നടത്തുന്നത്. 

അതേസമയം കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന്  രജനീകാന്തിനെതിരായ നികുതി വെട്ടിപ്പ് കേസുകള്‍ ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചിരുന്നു. രജനീകാന്തിനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു ആദായ നികുതി വകുപ്പിന്‍റ നടപടി. 2002 മുതലുള്ള നികുതി വെട്ടിപ്പ് കേസുകളാണ് ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചത്. ഒരു കോടി രൂപയില്‍ താഴെയുള്ള  കേസുകളില്‍ നടപടി വേണ്ടെന്ന കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നടപടി.

Follow Us:
Download App:
  • android
  • ios