വിജയ്, രജനികാന്ത് ആരാധകപ്പോര് രൂക്ഷമാകുന്നു.

തമിഴകത്ത് അടുത്ത കാലത്ത് വിജയ്‍യുടെയും രജനികാന്തിന്റെയും ആരാധകര്‍ തമ്മിലുള്ള ബന്ധം അത്ര രസത്തില്‍ അല്ല. തമിഴകത്ത് സാമൂഹ്യ മാധ്യമത്തില്‍ ഇരു താരങ്ങളുടെയും ആരാധകര്‍ ഏറ്റുമുട്ടലിലാണ്. ആരാണ് കേമൻ എന്ന സ്ഥാപിക്കുകയാണ് തര്‍ക്കത്തിന്റെ അടിസ്ഥാനം. വിജയ് നായകനാകുന്ന ലിയോ രജനികാന്തിന്റെ ജയിലറിന്റെ കളക്ഷൻ മറികടന്നാല്‍ മീശ വടിക്കും എന്ന് പ്രഖ്യാപിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടൻ മീശ രാജേന്ദ്രൻ.

രജനികാന്ത്, വിജയ് ആരാധകര്‍ തമ്മിലുള്ള തര്‍ക്കത്തിന് കാരണമെന്ത്?

ഇളയ ദളപതി എന്നാണ് വിജയ് സിനിമാ ആരാധകര്‍ക്കിടയില്‍ നേരത്തെ അറിയപ്പെട്ടിരുന്നത്. രജനികാന്തിന്റെ മറുപേരായിരുന്നു ദളപതി എന്നത്. മണിരത്‍നത്തിന്റെ ദളപതി എന്ന ഹിറ്റ് ചിത്രത്തില്‍ നിന്ന് ലഭിച്ചതാണ് ആ വിശേഷണം. പോകെപ്പോകെ രജനികാന്ത് തലൈവര്‍ ആയി സിനിമാ ആരാധകര്‍ക്കിടയില്‍ പ്രമോഷനായി. വിജയ് ദളപതിയായി മാറുകയും ചെയ്‍തു. ഇപ്പോഴത്തെ പ്രശ്‍നം അതൊന്നുമായിരിക്കില്ല. നെല്‍സണ്‍ വിജയ്‍യെ നായകനാക്കി ഒരുക്കിയ ചിത്രം ബീസ്റ്റ് പ്രതീക്ഷിച്ച വിജയം നേടിയില്ല എന്ന് മാത്രമല്ല പരാജയമാകുകയും ചെയ്‍തു. രജനികാന്ത് ജയിലറില്‍ നിന്ന് പിൻമാറുന്നുവെന്നുവരെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. നെല്‍സണെ പക്ഷേ രജനികാന്ത് പിന്തുണച്ചു. ജയിലര്‍ എത്തി. വൻ വിജയമാകുകയും ചെയ്‍തു. തുടര്‍ന്നായിരുന്നു നിലവിലുള്ള ഒരു രീതിയില്‍ തര്‍ക്കങ്ങള്‍ ആരാധകരിലുണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നെല്‍സണ്‍ നടൻ വിജയ് തന്നെ പിന്തുണച്ചത് വെളിപ്പെടുത്തിയിരുന്നു. ഒരു ദേഷ്യവും വിജയ്‍ക്കില്ല. സിനിമയുടെ വിജയമോ ഒരു പരാജയമോ അല്ല സൗഹൃദത്തിന് അടിസ്ഥാനം എന്ന് വിജയ് സൂചിപ്പിച്ചതായി നെല്‍സണ്‍ വെളിപ്പെടുത്തിയിരുന്നു.

പാട്ടിന്റെ പേരില്‍ പോര്

ഇന്നലെ മറ്റൊരു വിഷയത്തിലും ആരാധകര്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. പാട്ടില്‍ സെൻട്രല്‍ ബോര്‍ഡ് ഫോര്‍ ഫിലിം സര്‍ട്ടിഫിക്കേഷൻ (സിബിഎഫ്‍സി) ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചതാണ് വിജയ് ആരാധകരെ ചൊടിപ്പിച്ചത്. പത്താധു ബോട്ട്‍ല് നാ കുടിക്കായെന്ന് തുടങ്ങുന്ന വരികള്‍ മാറ്റണം എന്നാണ് ആവശ്യം. വിജയ് പുകവലിക്കുന്ന, പ്രത്യേകിച്ച് ക്ലോസ് അപ് ഷോട്ടുകള്‍ മാറ്റുകയും കുറക്കുകയോ ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. രജനികാന്തിന്റെ ജയിലറിലും ഇത്തരം ചില രംഗങ്ങള്‍ ഉണ്ടല്ലോ അത് അധികൃതര്‍ ആരും കണ്ടിട്ടില്ലേ എന്നാണ് വിജയ് ആരാധകര്‍ ചോദിക്കുന്നത്. രണ്ട് നടൻമാര്‍ക്ക് രണ്ട് നീതിയോയെന്ന ചോദ്യവുമായി വിജയ് ആരാധകര്‍ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ്. രജനികാന്ത്, വിജയ് ആരാധകര്‍ രൂക്ഷമായ തര്‍ക്കത്തിലാണ് ഇപ്പോള്‍.

മീശ വടിക്കുമോ മീശ രാജേന്ദ്രൻ

ഇങ്ങനെ ആരാധകര്‍ പരസ്‍പരം വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് നടൻ മീശ രാജേന്ദ്രൻ നടത്തിയ ഒരു വെല്ലുവിളി ചര്‍ച്ചയാകുന്നത്. വിജയ്‍യാണ് സൂപ്പര്‍ സ്റ്റാര്‍ എന്ന തരത്തിലുള്ള പോസ്റ്ററുകളാണ് മീശ രാജേന്ദ്രന ചൊടിപ്പിച്ചത്. അഭിമുഖത്തില്‍ മീശ രാജേന്ദ്രൻ ഇതിന് എതിരെ പ്രസ്‍താവന നടത്തുകയായിരുന്നു. രജനി സാറും വിജയ് സാറും ശരിക്കും ആനയും എലിയും തമ്മിലുള്ള വ്യത്യാസമുണ്ട് എന്നാണ് മീശ രാജേന്ദ്രൻ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇവര്‍ തമ്മില്‍ മത്സരം ഉണ്ടെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാകില്ല. രജനി സാറും കമല്‍സാറും തമ്മില്‍ മത്സരമുണ്ടെന്ന് പറഞ്ഞാല്‍ അംഗീകരിക്കാം. രജനി സാറിന്റെ ജയിലര്‍ നേടിയ കളക്ഷൻ ലിയോ മറികടന്നാല്‍ മീശ വടിക്കും എന്നും മീശ രാജേന്ദ്രൻ വ്യക്തമാക്കി.

Read More: വേതാളം ഭോലാ ശങ്കറായപ്പോള്‍ സംഭവിച്ചതെന്ത്?, ഒടിടി റിലീസ് പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക