രജനികാന്ത് നായകനായി ഇന്ന് പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ദര്‍ബാര്‍. എ ആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. തിയേറ്ററില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. രജനികാന്ത് ചിത്രം ക്യാമറയില്‍ പകര്‍ത്തിയതിനെ കുറിച്ച് പറയുകയാണ് പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ.

ഞാൻ ഷൂട്ടിംഗ് തുടങ്ങുന്നതിനു മുമ്പ് സ്‍കെച്ച് ചെയ്യും. സ്‍കെച്ച് ചെയ്യുമ്പോള്‍ ഒരാളുടെ ആകര്‍ഷകമായ കാര്യം നമുക്ക് മനസ്സിലാകും. ഷൂട്ടിംഗിനെക്കാളും കൂടുതല്‍ അയാളെ നിരീക്ഷിക്കാൻ കഴിയും. അപ്പോള്‍ അവരെ കൂടുതല്‍ ഭംഗിയോടെ പകര്‍ത്താൻ കഴിയും. ദര്‍ബാര്‍ രജനികാന്ത് സാറിന് സമര്‍പ്പിച്ചിട്ടുള്ളതാണ്. എന്റെ ഏറ്റവും മികച്ച പ്രതിഭ നല്‍കാൻ പ്രേരിപ്പിക്കുന്നതാണ് അത്. സിനിമയുടെ ചില ഭാഗങ്ങളില്‍ അദ്ദേഹത്തിന്റെ പ്രായം കുറഞ്ഞ രംഗങ്ങളുണ്ട്, നയൻതാരയുമായുള്ള പ്രണയരംഗമൊക്കെ. തിരക്കഥ ആവശ്യപ്പെടുന്ന തരത്തില്‍ അദ്ദേഹത്തെ യൌവനമായി കാണിക്കണമെന്നുണ്ടായിരുന്നു. അതിന് സാങ്കേതികവിദ്യ ഉപയോഗിച്ചെങ്കിലും യഥാര്‍ഥത്തില്‍ ആ പ്രസരിപ്പ് അദ്ദേഹത്തില്‍ നിന്നു തന്നെയുണ്ടായിരുന്നു. ചുറ്റുമുണ്ടായിരുന്നു അത്. എഴുപതാം വയസ്സിലും ഒരു സിനിമ ചെയ്യുന്നത് ആദ്യ സിനിമ ചെയ്യുന്നതുപോലെയാണ്. ദര്‍ബാര്‍ മികച്ച രീതിയില്‍ ആയെന്നാണ് കരുതുന്നത്, അദ്ദേഹത്തിനൊപ്പം അടുത്ത സിനിമ ചെയ്യാനാകുമെന്നും കരുതുന്നു. അദ്ദേഹത്തെ കൂടുതല്‍ അറിയാമെനിക്ക് ഇപ്പോള്‍. ദര്‍ബാര്‍ സെറ്റിലെ ഊഷ്‍മളത ജീവിതാവസാനം വരെ നിലനില്‍ക്കും- സന്തോഷ് ശിവൻ പറയുന്നു. ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം ആണ് ദര്‍ബാറിന്റെ ഇൻട്രോ സോംഗ് ആലപിച്ചത്. അനിരുദ്ധ് രവിചന്ദെര്‍ ആണ് സംഗീത സംവിധായകൻ. നയൻതാരയാണ് നായിക.