ചെന്നൈ: രജനീകാന്തിന്‍റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം അടുത്ത വര്‍ഷം ഉണ്ടാകുമെന്ന് താരത്തിന്‍റെ രാഷ്ട്രീയ ഉപദേശകന്‍ തമിഴരുവി മണിയന്‍. രജനീകാന്തുമായി ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രതികരണം. രജനീകാന്ത് കമല്‍ഹാസന്‍ സഖ്യ നീക്കങ്ങള്‍ക്കിടെ, പ്രശാന്ത് കിഷോറുമായി ഡിഎംകെയിലെ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തി.

2021ല്‍ ഭരണം പിടിക്കാന്‍ രാഷ്ട്രീയ നീക്കങ്ങള്‍ തമിഴകത്ത് സജീവമാവുകയാണ്. കമല്‍ഹാസനെ പിന്തുണച്ച് നിലപാട് വ്യക്തമാക്കിയ രജനികാന്തിന്‍റെ, വസതി കേന്ദ്രീകരിച്ച് രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ചൂടേറി. താരത്തിന്‍റെ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവേശനം ഉടന്‍ ഉണ്ടാകുമെന്നാണ് വിശ്വസ്ഥന്‍ തമിഴരുവി മണിയന്‍റെ വെളിപ്പെടുത്തല്‍. ഒരു മണിക്കൂറോളം രജനിയുടെ വസതിയിലെത്തി ചര്‍ച്ച നടത്തിയ ശേഷമായിരുന്നു പ്രതികരണം. കരുണാനിധിയുടെയും ജയലളിതയുടേയും രാഷ്ട്രീയ വിടവ് നികത്തുകയാണ് ലക്ഷ്യം. രജനീകാന്തിനൊപ്പം സഹകരിക്കാന്‍ മടിക്കില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായുള്ള സഹകരണം കമല്‍ഹാസന്‍ റദ്ദാക്കി. 

പ്രശാന്ത് കിഷോറിന്‍റെ രാഷ്ട്രീയ നിര്‍ദേശങ്ങള്‍ ഗുണം ചെയ്തില്ലെന്നാണ് മക്കള്‍ നീതി മയ്യത്തിന്‍റെ വിലയിരുത്തല്‍. ഇതിനിടെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഗതി നിര്‍ണയിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണ തിരക്കിലാണ് ദ്രാവിഡ പാര്‍ട്ടികള്‍. സ്റ്റാലിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇത്തവണ മേല്‍നോട്ടം വഹിക്കുന്നത് പ്രശാന്ത് കിഷോറും. ഡിസംബര്‍ 12ന് രജനീകാന്തിന്‍റെ ജന്മദിനാഘോഷ ചടങ്ങിൽ കമല്‍ഹാസന്‍ പങ്കെടുക്കും. പുതിയ സമവാക്യങ്ങള്‍ ചര്‍ച്ചയാകുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്.