അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ അവസാന ചിത്രം ദിൽ ബേചാരാ കണ്ട് കണ്ണുനിറഞ്ഞ് താരങ്ങളില്‍ പലരും ഇത് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ നടന്‍ രാജ്കുമാര്‍ റാവുവും വൈകാരികമായ പോസ്റ്റുമായ രംഗത്തെത്തിയിരിക്കുകയാണ്. 'ഒരിക്കല്‍ കൂടി എന്റെ ഹൃദയം തകര്‍ന്നു'വെന്നാണ് രാജ്കുമാര്‍ റാവു കുറിച്ചത്. 

''ഒരിക്കല്‍കൂടി എന്റെ ഹൃദയം തകര്‍ന്നു. അത് വളരെ മനോഹരമാണ്. ഹൃദയ സ്പര്‍ശിയായ സിനിമ. സുശാന്തിന്റെ ഗംഭീരമായ പ്രകടനം. എനര്‍ജിയും പുഞ്ചിരിയും, ഞങ്ങളുടെ സൂപ്പര്‍സ്റ്റാര്‍'' - സുശാന്തിനെയും ചിത്രത്തെയും കുറിച്ച് രാജ്കുമാര്‍ റാവു കുറിച്ചു. 

ജൂണ്‍ 14ന് മുംബൈയിലെ ബാന്ദ്രയിലെ വസതിയില്‍ വച്ചാണ് സുശാന്ത് ആത്മഹത്യ ചെയ്തത്. സിനിമാമേഖലയില്‍നിന്നുള്ള മാനസ്സിക സമ്മര്‍ദ്ദമാണ് മരണകാരണമെന്ന് ആരോപിച്ച് ചില സുഹൃത്തുക്കളും നടി കങ്കണ അടക്കമുള്ളവരും രംഗത്തെത്തിയിരുന്നു. ഇതോടെ ബോളിവുഡിലെ സ്വജ്ജനപക്ഷപാതം കൂടുതല്‍ ചര്‍ച്ചയായി. നിലവില്‍ മുംബൈ പൊലീസ് സുശാന്തിന്റെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തി വരികയാണ്.