വസിഷ്‍ഠയുടെ പുതിയ ചിത്രത്തില്‍ രാം ചരണ്‍ നായകനാകുന്നു. 

'ആര്‍ആര്‍ആര്‍' എന്ന ചിത്രത്തിന്റെ വൻ വിജയത്തോടെ രാജ്യമൊട്ടാകെ ആരാധകരുള്ള താരമാണ് രാം ചരണ്‍. അതുകൊണ്ടുതന്നെ രാം ചരണിന്റെ പുതിയ സിനിമകള്‍ക്കായി ആരാധകര്‍ കാത്തിരിക്കാറുമുണ്ട്. രാം ചരണിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ഇപ്പോഴിതാ പുതിയൊരു ചിത്രത്തിന്റെ വിശേഷമാണ് രാം ചരണിന്റേതായി പുറതതുവരുന്നത്.

സംവിധായകൻ വസിഷ്‍ഠയുടെ ചിത്രത്തില്‍ രാം ചരണ്‍ നായകനാകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. കല്യാണ്‍ റാം ചിത്രമായ 'ബിമ്പിസാര'യിലൂടെ ശ്രദ്ധയനായ സംവിധായകനാണ് വസിഷ്‍ഠ. വസിഷ്‍ഠ പറഞ്ഞ സിനിമാ കഥയില്‍ രാം ചരണ്‍ തൃപ്‍തനാണെന്നും തിരക്കഥയുമായി വരാൻ ആവശ്യപ്പെട്ടുവെന്നുമാണ് റിപ്പോര്‍ട്ട്. എന്തായാലും രാം ചരണ്‍ ആരാധകര്‍ വാര്‍ത്ത ചര്‍ച്ചയാക്കുകയാണ്.

ഫാന്റസി എലമെന്റുള്ള ചിത്രമായിരിക്കും രാം ചരണിനെ നായകനാക്കി വസിഷ്‍ഠ് സംവിധാനം ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്. ഒരു റൊമാന്റിക് ചിത്രവുമായിരിക്കും ഇത് . ചിത്രം പ്രഖ്യാപിക്കപ്പെട്ടാല്‍ 2023 പകുതിയോടെയാകും ചിത്രീകരണം തുടങ്ങുക. ചിത്രത്തിന്റെ മറ്റു വിവരങ്ങള്‍ ലഭ്യമല്ല.

എസ് ഷങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രാം ചരണ്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 'ആര്‍സി 15' എന്ന താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും ഷങ്കര്‍ തന്നെയാണ്. ബോളിവുഡ് നടി കിയാര അദ്വാനിയാണ് നായിക.
ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഷങ്കറിന്റെ രാം ചരണ്‍ ചിത്രത്തിന് തെലുങ്കിന് പുറമേ തമിഴ്, ഹിന്ദി പതിപ്പുകളുമുണ്ടാകും. എസ് തമൻ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ രാം ചരണ്‍, കിയാര അദ്വാനി എന്നിവര്‍ക്ക് പുറമേ അഞ്‍ജലി ജയറാം, സുനില്‍, നവീൻ ചന്ദ്ര, തുടങ്ങിയവരും അഭിനയിക്കുന്നു. തിരു ആര്‍ രത്‍നവേലുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

Read More: ഹിന്ദിയിലെ 'ഹെലൻ' തിയറ്ററുകളില്‍, 'മിലി'യുടെ ജൂക്ക്ബോക്സ് പുറത്ത്