കൊവിഡ് കാലം ലോകമാകെയുള്ള സിനിമാ മേഖലയ്ക്കും പ്രതിസന്ധികളുടേതാണ്. തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ പുതിയ റിലീസുകള്‍ സാധിക്കുന്നില്ല എന്നതിനൊപ്പം സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിലവിലുള്ളതിനാല്‍ ഒട്ടേറെ പരിമിതികള്‍ക്കിടയിലേ പുതിയ ചിത്രീകരണങ്ങളും സാധിക്കൂ. എന്നാല്‍ ഈ ലോക്ക് ഡൗണ്‍ കാലത്ത് സാധാരണയിലും കൂടുതല്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ഇന്ത്യന്‍ സംവിധായകനുണ്ട്- രാം ഗോപാല്‍ വര്‍മ്മ. വിമര്‍ശിക്കപ്പെട്ടിട്ടുണ്ടെങ്കിലും എക്കാലവും തന്‍റേതായ വഴികളിലൂടെ നടക്കുന്ന രാം ഗോപാല്‍ വര്‍മ്മ കഴിഞ്ഞ ഒരു മാസത്തിനിടെ അനൗണ്‍സ് ചെയ്‍തത് എട്ട് സിനിമകളാണ്. അതില്‍ രണ്ടെണ്ണം പ്രദര്‍ശനത്തിനെത്തിക്കുകയും ചെയ്‍തു!

അഡള്‍ട്ട് മൂവി സ്റ്റാര്‍ മിയ മള്‍കോവ പ്രധാന വേഷത്തിലെത്തിയ 'ക്ലൈമാക്സ്', പിന്നാലെയെത്തിയ 'നേക്കഡ്' എന്നിവയാണ് പ്രദര്‍ശനത്തിനെത്തിയ അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍. ശ്രേയസ് ഇടി എന്ന ഒടിടി പ്ലാറ്റ്ഫോം വഴി പേ ആന്‍ഡ് വാച്ച് രീതിയിലായിരുന്നു പ്രദര്‍ശനം. രണ്ട് ചിത്രങ്ങളും ലാഭം നേടിത്തന്നെന്നുമാണ് അദ്ദേഹത്തിന്‍റെ അവകാശവാദം. അഞ്ച് സിനിമകള്‍ കൂടി അദ്ദേഹം പിന്നാലെ അനൗണ്‍സ് ചെയ്‍തിരുന്നു. ഇപ്പോഴിതാ ഏറ്റവും പുതിയ ചിത്രവും പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍.

പവര്‍ സ്റ്റാര്‍ എന്നു പേരിട്ടിരിക്കുന്ന തെലുങ്ക് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് അദ്ദേഹം പുറത്തുവിട്ടു. നടനും രാഷ്ട്രീയ നേതാവുമായ പവന്‍ കല്യാണിന്‍റെ ജീവിതത്തെ അധികരിച്ചാണ് രാമു സിനിമയൊരുക്കുന്നതെന്ന് തെലുങ്ക് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. പുറത്തെത്തിയ ഫസ്റ്റ് ലുക്കും ആ ധാരണയ്ക്ക് ബലം നല്‍കുന്നതാണ്. എന്നാല്‍ അതില്‍ വാസ്‍തവമില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. പവര്‍ സ്റ്റാര്‍ ഒരു ഭാവനാസൃഷ്ടിയാണെന്നും എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി തുടങ്ങി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സിനിമാതാരത്തിന്‍റെ കഥയാണെന്നും രാമു പറയുന്നു. യാഥാര്‍ഥ്യവുമായുള്ള സാമ്യം ബോധപൂര്‍വ്വമല്ലെന്നും.