കരിയറിന്‍റെ തുടക്കം മുതലേ കൂട്ടത്തില്‍ നിന്നും വേറിട്ടു നടക്കുന്ന സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. അധോലോക കഥകള്‍ക്കും ലൈംഗികതയ്ക്കുമൊക്കെ സിനിമകളില്‍ തന്‍റേതായ സിഗ്‍നേച്ചര്‍ സ്റ്റൈല്‍ സൃഷ്ടിച്ച അദ്ദേഹം പില്‍ക്കാലത്ത് സ്വയം ആവര്‍ത്തിക്കുന്നുവെന്ന വിമര്‍ശനവും കേട്ടു. ഇപ്പോഴിതാ കൊവിഡ് കാലത്ത് സിനിമാമേഖലയാകെ എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോള്‍ തന്‍റേതായ വഴിയേ നടന്ന് തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുകയാണ് രാമു. അമേരിക്കന്‍ പോണ്‍ താരം മിയ മള്‍കോവയെ നായികയാക്കി ഒരുക്കിയ 'ക്ലൈമാക്സ്' rgvworld.in/shreyaset എന്ന സ്വന്തം ആപ്പ് വഴിയായിരുന്നു ചിത്രത്തിന്‍റെ സ്ട്രീമിംഗ്. സംഗതി സൂപ്പര്‍ഹിറ്റ് ആയതോടെ 'നേക്കഡ്' എന്ന പുതിയ ചിത്രം ഏതാനും ദിവസം മുന്‍പ് ട്രെയ്‍ലര്‍ സഹിതം അനൗണ്‍സ് ചെയ്തിരുന്നു അദ്ദേഹം. ഇന്നിതാ രണ്ട് പുതിയ ടൈറ്റിലുകള്‍ കൂടി അനൗണ്‍സ് ചെയ്തിരിക്കുകയാണ് രാമു, അവയുടെ പോസ്റ്ററുകള്‍ സഹിതം.

ഗാന്ധിവധത്തിന്‍റെ പശ്ചാത്തലത്തിലുള്ള 'ദി മാന്‍ ഹു കില്‍ഡ് ഗാന്ധി' എന്നാണ് ഒരു ചിത്രത്തിന്‍റെ പേര്. രണ്ടാമത്തെ ചിത്രത്തിന്‍റെ പേര് 'കിഡ്‍നാപ്പിംഗ് ഓഫ് കത്രീന കൈഫ്' എന്നും. ഗോഡ്‍സെയുടെയും ഗാന്ധിയുടെയും മുഖങ്ങളുടെ പകുതികള്‍ ചേര്‍ത്തുവച്ചാണ് ആദ്യ ചിത്രത്തിന്‍റെ പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. ക്ലൈമാക്സിനും നേക്കഡിനുമൊക്കെ പിന്നാലെ രാമു തുടര്‍ച്ചയായ അനൗണ്‍സ്‍മെന്‍റുകളുമായി എത്തുമ്പോള്‍ ട്വിറ്ററില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ പ്രതികരണം കളക്ഷനിലും പ്രതിഫലിക്കുമെന്ന കണക്കുകൂട്ടലിലാണ് അദ്ദേഹം.

"എന്‍റെ പേഴ്‍സണല്‍ പ്ലാറ്റ്ഫോമിന്‍റെ അനിതരസാധാരണമായ വിജയം കാരണം, 'ക്ലൈമാക്സ്' എന്ന ചിത്രത്തിലൂടെ എന്‍റെ കരിയര്‍ ആരംഭിക്കുന്നതായി ഞാന്‍ കരുതുന്നു. ആര്‍ജിവി വേള്‍ഡ് തീയേറ്ററില്‍ ഏതൊക്കെ തരത്തിലുള്ള, ഉള്ളടക്കമാണ് ഞാന്‍ എത്തിക്കാനിരിക്കുന്നതെന്ന് കാത്തിരുന്നു കാണുക", എന്നാണ് രാമുവിന്‍റെ ഒരു ട്വീറ്റ്. തീയേറ്ററുകളെ മറന്നേക്കാനും എന്നാല്‍ സിനിമയുടെ ഭാവി ഒടിടി പ്ലാറ്റ്ഫോമുകളില്‍ പോലും അല്ലെന്നും മറിച്ച് തന്‍റേതു പോലെയുള്ള പേഴ്‍സണല്‍ ആപ്പുകളില്‍ ആയിരിക്കുമെന്നാണ് മറ്റൊരു ട്വീറ്റിലൂടെ അദ്ദേഹം പറയുന്നത്. മുഖ്യധാരാ ബോളിവുഡ് രാം ഗോപാല്‍ വര്‍മ്മയുടെ ഇപ്പോഴത്തെ വഴിമാറി നടത്തത്തെ കാര്യമായി ഗൗനിക്കുന്നില്ലെങ്കിലും സിനിമാഗ്രൂപ്പുകളില്‍ ഇത് സജീവ ചര്‍ച്ചാ വിഷയമാണ്.