2025 മാര്‍ച്ച് 27 നാണ് ചിത്രത്തിന്‍റെ റിലീസ്

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ രണ്ടാം ഭാഗം എമ്പുരാന്‍റെ ലൊക്കേഷന്‍ സന്ദര്‍ശിച്ച് ബോളിവുഡിലെ പ്രമുഖ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. അവസാനഘട്ട ചിത്രീകരണം നടക്കുന്ന പാലക്കാട്ടെ ലൊക്കേഷനിലാണ് രാം ഗോപാല്‍ വര്‍മ എത്തിയത്. പൃഥ്വിരാജിനും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പമുള്ള ചിത്രവും തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെ അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.

ഗംഭീര യൂണിറ്റ് ആണ് ചിത്രത്തിന്‍റേതെന്നും രണ്ടാം വട്ടവും ഒരു വന്‍ വിജയ ചിത്രമാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നതെന്നും ചിത്രങ്ങള്‍ക്കൊപ്പം അദ്ദേഹം കുറിച്ചിട്ടുണ്ട്. ഞങ്ങളുടെ ജോലി (സംവിധാനം) കൂടി തട്ടിയെടുത്താല്‍ ഞങ്ങള്‍ എന്ത് ചെയ്യുമെന്ന് പൃഥ്വിരാജിനോട് ഒരു കുസൃതി ചോദ്യവും. രാം ഗോപാല്‍ വര്‍മ എന്ന സംവിധായകന്‍ തന്നെ എത്രത്തോളം സ്വാധീനിച്ചിട്ടുള്ള ആളാണെന്ന് പറഞ്ഞുകൊണ്ട് പൃഥ്വിരാജും ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

Scroll to load tweet…

"മോഡേണ്‍ ഇന്ത്യന്‍ സിനിമ കണ്ട് വളര്‍ന്ന ഏതൊരു സംവിധായകനെയുംപോലെ ഞാനും ഈ ഇതിഹാസത്തിന്‍റെ ക്രാഫ്റ്റില്‍ നിന്ന് ഏറെ പ്രചോദിപ്പിക്കപ്പെട്ടിട്ടുണ്ട്. ക്യാമറയെ കഥപറച്ചിലിനുള്ള ഒരു ഉപകരണമായി എങ്ങനെ ഉപയോഗിക്കാം എന്നതിന്‍റെ മാസ്റ്ററാണ് അദ്ദേഹം. സ്ഥിരമായ മുദ്രകള്‍ പതിപ്പിച്ചിട്ടുള്ളവയാണ് അദ്ദേഹത്തിന്‍റെ പല ചിത്രങ്ങളും. ഈ രാജ്യത്തുനിന്നുള്ളനരില്‍ എക്കാലത്തെയും ഏറ്റവും മികച്ചവരില്‍ ഒരാള്‍. ഈ സെറ്റില്‍ കണ്ടുമുട്ടാന്‍ സാധിച്ചതും കലയെക്കുറിച്ചും സിനിമയെക്കുറിച്ചും അങ്ങയോട് സുദീര്‍ഘമായി സംസാരിക്കാന്‍ സാധിച്ചതും വലിയ ഭാഗ്യമായി കരുതുന്നു. ആ പഴയ രാം ഗോപാല്‍ വര്‍മയുടെ ഗംഭീര തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലാണ് ഞാന്‍", പൃഥ്വിരാജ് ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു. അതേസമയം 2025 മാര്‍ച്ച് 27 നാണ് എമ്പുരാന്‍റെ റിലീസ്. കേരളപ്പിറവി ദിനത്തിലായിരുന്നു റിലീസ് തീയതി പ്രഖ്യാപനം. 

ALSO READ : കഥാപാത്രമാവാന്‍ തയ്യാറെടുക്കുന്ന റഹ്‍മാന്‍; 'നിറങ്ങള്‍ മൂണ്‍ട്ര്' മേക്കിംഗ് വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം