ദീപക് ഡിയോൺ സംവിധാനം ചെയ്ത 'പ്രൈവറ്റ്' എന്ന സിനിമയിൽ നിന്നും രാമരാജ്, പൗരത്വബിൽ തുടങ്ങിയ വാക്കുകളുള്ള സംഭാഷണങ്ങൾ നീക്കം ചെയ്യാൻ സെൻസർ ബോർഡ് നിർദ്ദേശം
ഇന്ദ്രൻസ്, മീനാക്ഷി അനൂപ്, അന്നു ആൻ്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദീപക് ഡിയോൺ രചനയും സംവിധാനവും നിർവ്വഹിച്ച 'പ്രൈവറ്റ്' എന്ന സിനിമയ്ക്കും സെൻസർ ബോർഡിന്റെ വെട്ട്. രാമരാജ്, പൗരത്വബിൽ, മുസ്ലിം, ഹിന്ദിക്കാർ, ബീഹാർ തുടങ്ങീ വാക്കുകൾ വരുന്ന ആറ് ഇടങ്ങളിൽ സംഭാഷണങ്ങൾ ഡിലീറ്റ് ചെയ്യിപ്പിച്ചു. ഒക്ടോബർ 10 നായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്.
സിനിമയുടെ അവസാനഭാഗത്ത് എം.എം കൽബുർഗി അടക്കമുള്ളവരുടെ ചിത്രം ചേർത്ത കാർഡും ഒഴിവാക്കേണ്ടി വന്നു. ദേശവിരുദ്ധ സിനിമ എന്ന രീതിയിലാണ് സെൻസർ ബോർഡ് സിനിമയെ കണ്ടതെന്ന് സംവിധായകൻ ദീപക് ഡിയോൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സെൻസറിംഗിന് എതിരെ തുറന്നനിയമ യുദ്ധത്തിലേക്ക് പോകാനാണ് സിനിമാ സംഘടനകളുടെ തീരുമാനം. സിനിമയുടെ ജോലികൾ മുഴുവൻ പൂർത്തിയായ ശേഷം. കടുംവെട്ട് പലവിധത്തിൽ സിനിമയെ ബാധിക്കുന്നതാണ് വിലയിരുത്തൽ.
സെൻസറിങ്ങിൽ കുടുങ്ങുന്ന മൂന്നാം ചിത്രം
നേരത്തെ ഷെയ്ൻ നിഗം നായകനായ ഹാൽ എന്ന ചിത്രത്തിനെതിരെയും സെൻസർ ബോർഡ് വലിയ മാറ്റങ്ങൾ നിർദ്ദേശിച്ചിരുന്നു. ബീഫ് ബിരിയാണി, ധ്വജ പ്രണാമം, ഗണപതിവട്ടം തുടങ്ങീ വാക്കുകൾ നീക്കം ചെയ്യണമെന്നായിരുന്നു സെൻസർ ബോർഡ് നിർദ്ദേശിച്ചത്. കൂടാതെ ഒക്ടോബർ 10 ന് പുറത്തിറങ്ങിയ സെന്ന ഹെഗ്‌ഡെ ചിത്രം 'അവിഹിത'ത്തിനും സെൻസർ ബോർഡ് മാറ്റങ്ങൾ നിർദ്ദേശിച്ചിരുന്നു.
അതേസമയം 'ലെറ്റ്സ് ഗോ ഫോർ എ വാക്ക്' എന്ന ടാഗ്‌ലൈനിൽ അവതരിപ്പിക്കുന്ന പ്രൈവറ്റ് എന്ന സിനിമ സി ഫാക്ടർ ദ എൻ്റർടെയ്ൻമെൻ്റ് കമ്പനിയുടെ ബാനറിൽ വി കെ ഷബീർ നിർമ്മിക്കുന്നു. ആഗസ്റ്റ് ഒന്നിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നവാഗതനായ അശ്വിൻ സത്യ നിർവ്വഹിക്കുന്നു.
ഛായാഗ്രഹണം ഫൈസൽ അലി, ലൈൻ പ്രൊഡ്യൂസർ തജു സജീദ്, എഡിറ്റർ ജയകൃഷ്ണൻ, വസ്ത്രാലങ്കാരം സരിത സുഗീത്, മേക്കപ്പ് ജയൻ പൂങ്കുളം, ആർട്ട് മുരളി ബേപ്പൂർ, പ്രൊഡക്ഷൻ ഡിസൈൻ സുരേഷ് ഭാസ്കർ, സൗണ്ട് ഡിസൈൻ അജയൻ അടാട്ട്, സൗണ്ട് മിക്സിംഗ് പ്രമോദ് തോമസ്, പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകരൻ, സ്റ്റിൽസ് അജി കൊളോണിയ, പി ആർ ഒ- എ എസ് ദിനേശ്.



