ആദ്യ ഭാഗം 2026 ദീപാവലിക്ക് തിയറ്ററുകളില്‍

ഇന്ത്യന്‍ സിനിമയില്‍ നിന്നുള്ള അപ്കമിംഗ് പ്രോജക്റ്റുകളില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് രാമായണ. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീരാമന്‍ ആവുന്നത് രണ്‍ബീര്‍ കപൂറും രാവണനാവുന്നത് കന്നഡ താരം യഷുമാണ്. ചിത്രത്തിന്‍റെ ആദ്യ പ്രൊമോ വീഡിയോ ഏതാനും ദിവസം മുന്‍പാണ് പുറത്തെത്തിയത്. ചിത്രത്തിന്‍റെ കാന്‍വാസിന്‍റെ വലിപ്പവും പിന്നിലുള്ള വിഷനുമൊക്കെ പ്രഖ്യാപിക്കുന്ന ഒന്നായിരുന്നു ആ വീഡിയോ. അത് പുറത്തെത്തിയതിന് പിന്നാലെ ചിത്രത്തിന്‍റെ ബജറ്റും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. 100 മില്യണ്‍ ഡോളര്‍ (835 കോടി രൂപ) ആണ് ചിത്രത്തിന്‍റെ ബജറ്റ് എന്നായിരുന്നു ആദ്യം പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അത് രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗത്തിന്‍റെ മാത്രം ബജറ്റ് ആണെന്നും രണ്ടാം ഭാഗവും ഭീമമായ ബജറ്റിലാവും നിര്‍മ്മിക്കപ്പെടുകയെന്നുമാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ട് പ്രകാരം രാമായണ 1 ന് തന്നെ 900 കോടി വരും ബജറ്റ്. രണ്ടാം ഭാഗത്തിന് മറ്റൊരു 700 കോടിയും. അങ്ങനെ രണ്ട് ഭാഗങ്ങള്‍ക്കും ചേര്‍ത്ത് 1600 കോടി. ആദ്യ ഭാഗത്തിനുവേണ്ടി നിര്‍മ്മിക്കുന്ന സെറ്റുകള്‍ അടക്കമുള്ളത് രണ്ടാം ഭാഗത്തിലും ഉപയോഗിക്കാം എന്നതാണ് രണ്ടാം ഭാഗത്തിന്‍റെ ബജറ്റ് 200 കോടി കുറയ്ക്കാന്‍ കാരണം. ഒപ്പം രണ്ടാം ഭാഗത്തിലെ ചില ഭാഗങ്ങളും ആദ്യ ഭാഗത്തിനൊപ്പം തന്നെ ചിത്രീകരിക്കാം. ഇന്ത്യന്‍ പ്രേക്ഷകരെ മാത്രം ലക്ഷ്യമാക്കിയല്ല, മറിച്ച് ആഗോള പ്രേക്ഷകരെ മുന്നില്‍ കണ്ടാണ് നിതേഷ് തിവാരി ചിത്രം ഒരുക്കുന്നത്. അതിനാല്‍ത്തന്നെ സാങ്കേതികമികവിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ ചിത്രം പുറത്തിറക്കണമെന്നാണ് നിര്‍മ്മാതാക്കള്‍ക്ക്.

നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ട് തവണ ഓസ്‍കര്‍ നേടിയ വിഎഫ്എക്സ് സ്റ്റുഡിയോ ഡിനെഗ്, യഷിന്‍റെ മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഓസ്‍കറും ബാഫ്റ്റയും ഗ്രാമിയുമൊക്കെ നേടിയിട്ടുള്ള ലോകപ്രശസ്ത സംഗീത സംവിധായകന്‍ ഹാന്‍സ് സിമ്മറും എ ആര്‍ റഹ്‍മാനും ചേര്‍ന്നാണ് രാമായണയുടെ സംഗീതം ഒരുക്കുന്നത്. ഹാന്‍സ് സിമ്മര്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ശ്രീധര്‍ രാഘവനാണ് ചിത്രത്തിന്‍റെ രചന. ആദ്യ ഭാഗം 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും പ്രദര്‍ശനത്തിനെത്തും.

Asianet News Live | Malayalam News | Kerala News | Kottayam Medical College | ഏഷ്യാനെറ്റ് ന്യൂസ്