നിയമസഭയിലെ ബജറ്റ് ചർച്ചയിൽ നടൻ രമേഷ് പിഷാരടി നടത്തിയ പ്രസംഗം ശ്രദ്ധേയമായി. സലീം കുമാറിന് പ്രഖ്യാപിച്ച സ്മാരകത്തിൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, 'രാഷ്ട്രീയ വർഗ്ഗീയത' എന്ന പദം ഉപയോഗിച്ച് രാഷ്ട്രീയ അസഹിഷ്ണുതയെ നിശിതമായി വിമർശിച്ചു. സ്വന്തം അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട്, ഉൾക്കൊള്ളലിന്റെ രാഷ്ട്രീയമാണ് വേണ്ടതെന്നും അദ്ദേഹം വാദിച്ചു.
തിരുവനന്തപുരം: നിയമസഭയിൽ ബജറ്റ് ചർച്ചയിൽ പങ്കെടുത്തുകൊണ്ട് നടനും ജനപ്രതിനിധിയുമായ രമേഷ് പിഷാരടി നടത്തിയ പ്രസംഗം ശ്രദ്ധേയമാകുന്നു. തന്റെ ഗുരുനാഥൻ കൂടിയായ സലീം കുമാറിന് ബജറ്റിൽ പ്രഖ്യാപിച്ച സ്മാരകത്തിന്റെ കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്മാരകം എന്ന് കേൾക്കുമ്പോൾ ജനങ്ങൾ അത് പ്രതിമയാണെന്ന് കരുതുന്നുണ്ടെന്നും, എന്നാൽ അത് പ്രതിമയല്ല മറിച്ച് ജനോപകാരപ്രദമായ കാര്യമായിരിക്കും എന്ന് പ്രഖ്യാപിച്ചാൽ സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങൾ തടയാൻ സഹായിക്കുമെന്നും പിഷാരടി ചൂണ്ടിക്കാണിച്ചു. ജനങ്ങൾ നമുക്ക് അധികാരമല്ല, ഉത്തരവാദിത്തമാണെന്ന് നമ്മൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
വർഗ്ഗീയത എന്ന പദം പലപ്പോഴും മതവുമായി കൂട്ടിച്ചേർത്താണ് വായിക്കാറുള്ളതെന്നും എന്നാൽ അതിനപ്പുറം 'രാഷ്ട്രീയ വർഗ്ഗീയത' എന്നൊന്നുണ്ടെന്നും പിഷാരടി പ്രസംഗത്തിൽ പറഞ്ഞു. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടി മാത്രമാണ് ശരിയെന്നും, മറ്റെല്ലാവരും എതിർക്കപ്പെടേണ്ടവരും ഇല്ലായ്മ ചെയ്യപ്പെടേണ്ടവരുമാണെന്ന് വിശ്വസിക്കുന്നതാണ് രാഷ്ട്രീയ വർഗ്ഗീയത. 'എൽഡിഎഫ് അല്ലാതെ മറ്റാര്' എന്ന വാക്യം പിന്നീട് അവർ തന്നെ കൊള്ളില്ലായിരുന്നു എന്ന് കണ്ടെത്തിയതാണ്. മറ്റാരെയും ഉൾക്കൊള്ളുക എന്നത് ഇവരെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല.
പാലക്കാട് ജില്ലയിൽ നടന്ന ഒരു പൊതുപരിപാടിക്കിടെ താൻ എതിർ സ്ഥാനാർത്ഥിയെ കെട്ടിപ്പിടിച്ചപ്പോൾ ഒരു യുഡിഎഫുകാരൻ പോലും ചോദ്യം ചെയ്തില്ല. എന്നാൽ ആ വീഡിയോയുടെ താഴെ 'എന്തിനാടാ ഞങ്ങളുടെ സ്ഥാനാർത്ഥിയെ കെട്ടിപ്പിടിച്ചത്' എന്ന് ചോദിച്ച് ഒരു പ്രദേശം മുഴുവൻ തെറിവിളിക്കുകയായിരുന്നു. പ്രിയപ്പെട്ട ജനീഷിന് ചോറ് കൊടുത്തതിന്റെ പേരിൽ ഒരാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി അറിഞ്ഞപ്പോഴാണ് ഇവരെന്താ ഇങ്ങനെ എന്ന് ആലോചിച്ചുപോയതെന്നും, ആളുകളെ ഉൾക്കൊള്ളാൻ ഇന്ത്യയെ പഠിപ്പിച്ച പാർട്ടിയുടെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും പിഷാരടി വ്യക്തമാക്കി.
നമ്മുടെ ബജറ്റിനെക്കുറിച്ച് നമ്മൾ തന്നെ പറഞ്ഞുകൊണ്ടിരിക്കേണ്ട കാര്യമില്ലെന്ന് പിഷാരടി ഓർമ്മിപ്പിച്ചു. 'വേണമെങ്കിൽ ഇന്നീ ബജറ്റ് ലോകമെങ്ങും വിളങ്ങീടാൻ... ധനകാര്യ മന്ത്രി തന്നെ' എന്ന് പറയുന്നൊരു പാട്ടിനൊക്കെ സ്കോപ്പുണ്ടെങ്കിലും നമ്മളത് ചെയ്യുന്നില്ലെന്ന് അദ്ദേഹം പരിഹസിച്ചു. മുൻപ് ബജറ്റുകളിൽ കേട്ടിട്ടില്ലാത്ത ജെൻ സി പോലുള്ള വാക്കുകൾ ഇത്തവണ കേൾക്കാൻ സാധിച്ചുവെന്നും കാലത്തിനൊപ്പവും മുന്നേയും സഞ്ചരിക്കുന്ന ബജറ്റിന് എല്ലാ ആശംസകളും നേരുന്നതായും അദ്ദേഹം പറഞ്ഞു. പ്രസംഗം അവസാനിപ്പിക്കാനിരിക്കെ രണ്ട് മിനിറ്റ് കൂടിയുണ്ടെന്ന് ഓർമ്മിപ്പിച്ച സഹപ്രവർത്തകനോട്, തന്റെ രണ്ട് മിനിറ്റ് ദാനം ചെയ്യുന്നുവെന്ന് പറഞ്ഞായിരുന്നു പിഷാരടി പ്രസംഗം അവസാനിപ്പിച്ചത്.


