രാഹുൽ സങ്കൃത്യൻ സംവിധാനം ചെയ്ത് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിൽ എത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് രണബാലി. പത്തൊൻപതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ഭരണകാലത്തെ ക്രൂരതകളും ചരിത്ര സംഭവങ്ങളും പ്രമേയമാക്കുന്ന ഈ പീരിയഡ് ആക്ഷൻ ഡ്രാമ ഒക്ടോബർ പതിനാറിന് തിയേറ്ററുകളിൽ എത്തും.

വിജയ് ദേവരകൊണ്ടയെ നായകനാക്കി രാഹുൽ സങ്കൃത്യൻ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമാണ് രണബാലി. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സെപ്റ്റംബർ 11 ന് തിയറ്ററുകളില്‍ എത്തുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് ഇത്. എന്നാൽ പിന്നീട് ചിത്രത്തിന്റെ റിലീസ് നീട്ടിവയ്ക്കുകയുണ്ടായി. ഒക്ടോബര്‍ 16 ആണ് ചിത്രത്തിന്റെ പുതിയ റിലീസ് ഡേറ്റ്. രണബാലിയുടെ നോർത്ത് അമേരിക്കൻ ബുക്കിംഗ് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. കൂടെ യുകെ- അയർലൻഡ് ബുക്കിങ്ങും അആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഉടൻ തന്നെ ബ്ലോക്കിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ചിത്രത്തിന്റെ ട്രെയ്‌ലർ ഒക്ടോബർ 8ന് പുറത്തുവിടുമെന്നാണ് അണിയറപ്രവത്തകർ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എൻതയ്യ സാമി എന്നുതുടങ്ങുന്ന ഗാനത്തിന് 27 മില്യൺ കാഴ്ചക്കാരെയാണ് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ലഭിച്ചിരിക്കുന്നത്. അജയ്-അതുൽ സംഗീതത്തിൽ പുറത്തിറങ്ങിയിരിക്കുന്ന ഗാനം തെലുങ്കിൽ ആലപിച്ചിരിക്കുന്നത് ശ്വേത മോഹനും അജയ് ഗൊഗവാലേയുമാണ്. മറ്റ് ഭാഷകളിലെല്ലാമായി ആകെ 35 മില്യൺ കാഴ്ചക്കാരെയാണ് ഗാനം സ്വന്തമാക്കിയിരിക്കുന്നത്.

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹ ശേഷം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രം ബിഗ് ബജറ്റിലാണ് പൂര്‍ത്തിയാവുന്നത്.ഈ ചിത്രം ഒരു പീരിയഡ് ആക്ഷൻ ഡ്രാമയായാണ് ഒരുങ്ങുന്നത്. വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും കെമിസ്ട്രി വീണ്ടും സ്ക്രീനിൽ കാണാൻ സാധിക്കുമെന്നത് ആരാധകരുടെ പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നു. രണബാലിയുടേയും ജയമ്മയുടേയും ആഴമേറിയ പ്രണയത്തെ ആഘോഷമാക്കിക്കൊണ്ട് ഇറങ്ങിയിരുന്ന സ‍ർപ്രൈസ് വീഡിയോ ഏവരും ഏറ്റെടുത്തിരുന്നു. 'രണബാലി'യുടെ ടൈറ്റിലും ഫസ്റ്റ് ഗ്ലിംപ്‌സും വെഡ്ഡിങ് പോസ്റ്ററും സോഷ്യൽ മീഡിയയിലാകെ തരംഗമായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ യഥാർത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ നടന്ന, എന്നാൽ ചരിത്രപുസ്തകങ്ങളിൽ രേഖപ്പെടുത്താത്ത ക്രൂരതകളെയും വംശഹത്യകളെയും കുറിച്ചാണ് ചിത്രം സംസാരിക്കുന്നത് എന്നാണ് സൂചന. ഹിറ്റ്‌ലറുടെ ഹോളോകോസ്റ്റിനേക്കാൾ ഭീകരമായ വംശഹത്യകളും ഇന്ത്യയിലെ സാമ്പത്തിക ചൂഷണവും ഗ്ലിംപ്‌സിൽ സൂചിപ്പിക്കുന്നുണ്ട്. സർ റിച്ചാർഡ് ടെമ്പിളിനെപ്പോലുള്ള ഉദ്യോഗസ്ഥർ ഇന്ത്യയെ എങ്ങനെയാണ് വരൾച്ചാ മേഖലയാക്കി മാറ്റിയതെന്ന വൈകാരികമായ വസ്‌തുതകളും ചിത്രം ചർച്ച ചെയ്യുന്നുണ്ടെന്നാണ് സൂചനകൾ.

ചിത്രത്തിൽ 'രണബാലി' എന്ന പോരാളിയായി തീപ്പൊരി ലുക്കിലാണ് വിജയ് ദേവരകൊണ്ട എത്തുന്നത്. രശ്മിക മന്ദാന 'ജയമ്മ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 'ദി മമ്മി' എന്ന ചിത്രത്തിലൂടെ ലോകപ്രശസ്തനായ ഹോളിവുഡ് നടൻ അർനോൾഡ് വോസ്ലൂ ആണ് ചിത്രത്തിലെ പ്രധാന വില്ലൻ. സർ തിയോഡോർ ഹെക്ടർ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായി അദ്ദേഹം വേഷമിടുന്നു. മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്ന് നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ഗുൽഷൻ കുമാർ, ഭുഷൻ കുമാർ, ടി സീരീസ് ചേർന്നാണ് അവതരിപ്പിക്കുന്നത്. ഇതൊരു ബയോപിക് അല്ലെന്നും മറിച്ച് മറച്ചുവെക്കപ്പെട്ട ചരിത്രരേഖകളുടെയും വാമൊഴികളുടെയും സിനിമാറ്റിക് പുനരാവിഷ്കാരമാണെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. പാൻ-ഇന്ത്യൻ തലത്തിൽ പുറത്തിറങ്ങുന്ന 'രണബലി' ഇന്ത്യൻ സിനിമയിലെ തന്നെ വമ്പൻ പ്രോജക്റ്റുകളിൽ ഒന്നായിരിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

YouTube video player