പണം വാങ്ങിയാണ് സിജെപി പ്രതിഷേധത്തെ പിന്തുണച്ചതെന്ന ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ ആരോപണത്തിന് മറുപടിയുമായി രഞ്ജിനി ഹരിദാസ്. ആരോപണം തെളിയിക്കാൻ വെല്ലുവിളിച്ച രഞ്ജിനി, വിദ്യാർത്ഥി സമരത്തിനൊപ്പം അവസാനം വരെ ഉണ്ടാകുമെന്നും വ്യക്തമാക്കി. പണം വാങ്ങി സമരം ചെയ്യുന്നത് ബിജെപിയുടെ ശീലമായിരിക്കാമെന്നും അവർ പരിഹസിച്ചു.
കൊച്ചി: പൈസ വാങ്ങിയിട്ടാണ് നടീനടന്മാർ സിജെപി പ്രതിഷേധത്തെ പിന്തുണയ്ക്കുന്നതെന്ന ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ ആരോപണത്തിന് മറുപടിയുമായി രഞ്ജിനി ഹരിദാസ്. ഞാൻ പൈസ വാങ്ങിയിട്ടാണ് പോയതെങ്കിൽ അത് ആരോപിച്ചവർ തെളിയിക്കട്ടെയെന്ന് രഞ്ജിനി തിരിച്ചടിച്ചു. എത്ര ഫണ്ടാണ് വാങ്ങിയതെന്ന് പറഞ്ഞാൽ അക്കൌണ്ട് ചെക്ക് ചെയ്തിട്ട് മറുപടി നൽകാമായിരുന്നുവെന്ന് രഞ്ജിനി പരിഹസിച്ചു. ആരാണ് അങ്ങനെ പറഞ്ഞത്, എന്താണ് അയാളുടെ പേര് ? ഞാൻ കേട്ടിട്ട് പോലുമില്ലെന്ന് താരം പരിഹസിച്ചു. ഞാൻ പൈസ വാങ്ങിയിട്ടാണ് പോയതെങ്കിൽ തെളിയിക്കട്ടെ . അവരുടെ ശീലം പണം വാങ്ങി സമരം ചെയ്യുന്നതായിരിക്കും. പണം കൊടുത്താലേ ആർട്ടിസ്റ്റുകൾ സമരത്തിന് വരു എന്ന് കരുതി അവർ അങ്ങനെ ആളുകളെ വിളിച്ചിട്ടുണ്ടാകുമെന്നും രഞ്ജിനി പറഞ്ഞു
രഞ്ജിനി ഹരിദാസിന് ഇവിടെ സ്റ്റേജ് ഇല്ല, കുറച്ച് പൈസ കിട്ടിയോണ്ട് അങ്ങോട്ട് പോയി എന്നായിരുന്നു ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍റെ ആരോപണം. ആ രണ്ട് ദിവസം എനിക്ക് സ്റ്റേജ് ഷോ ഇല്ലായിരുന്നുവെന്നും അതുകൊണ്ട് തന്നെയാണ് പോയതെന്നും തിരിച്ചടിച്ചു. ദില്ലിയിൽ വലിയ സമരം നടക്കുകയാണ്. നമ്മുടെ ഉള്ളിൽ ഒരു ഉലച്ചിൽ ഉണ്ടാകുമ്പോഴാണ് അതിന്‍റെ ഭാഗമാകുന്നത്. വിദ്യാർത്ഥികളുടെ സമരത്തിനൊപ്പം അവസാനം വരെ ഉണ്ടാകും. മാറ്റത്തിനായി നമ്മൾ ശബ്ദം ഉയർത്തുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. കുറേ ആളുകൾ കയ്യടിക്കും, കുറേ പേർ വിമർശിക്കും. അത് തന്നെ ബാധിക്കില്ലെന്നും രഞ്ജിനി പറഞ്ഞു. പറ്റുന്ന രീതിയിൽ സമരത്തിനൊപ്പം ഇനിയും ഉണ്ടാകുമെന്നും തീയിൽ കുരുത്തതാണ് താനെന്നും രഞ്ജിനി പ്രതികരിച്ചു.
കോക്രോച്ച് ജനത പാർട്ടിയുടെ സമരത്തിന് പിന്തുണയുമായി അവതാരക രഞ്ജിനി ഹരിദാസ് അടക്കമുള്ളവർ സമര വേദിയിൽ എത്തിയിരുന്നു. ഇതിനെ പരിഹസിച്ചായിരുന്നു ബിജെപി നേതാവിന്‍റെ ആരോപണം. പാറ്റകളെ തുരത്താൻ ഹിറ്റുണ്ട് കൈയിൽ. ഇന്നലെ ഒരു ചെറിയ ഹിറ്റ്, ഇനി വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളുവെന്നും വിദ്യാര്‍ത്ഥി പ്രതിഷേധത്തെ അപമാനിച്ച് ബി ഗോപാകൃഷ്ണൻ പറഞ്ഞു. ഒരു ഭരണം നാട്ടിൽ നടക്കുമ്പോൾ ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളുവെന്നും ഗോപാലകൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


