മമ്മൂട്ടി പരീക്ഷണത്തിന് മുതിരുമ്പോള്‍ മോഹന്‍ലാല്‍ കംഫര്‍ട്ട് സോണില്‍ നില്‍ക്കുകയാണോ എന്ന ചോദ്യത്തിന് രഞ്ജിത്തിന്‍റെ മറുപടി ഇങ്ങനെ
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി മലയാള സിനിമാപ്രേമികള്‍ ഏറ്റവുമധികം തവണ പരസ്പരം ചോദിച്ചിട്ടുള്ള ചോദ്യമാണ് മോഹന്‍ലാലോ മമ്മൂട്ടിയോ എന്നത്. അഭിനയത്തിന്‍റെയും സ്ക്രീന്‍ പ്രസന്‍സിന്‍റെയും സിനിമകളുടെ തെരഞ്ഞെടുപ്പിന്‍റെയുമൊക്കെ കാര്യത്തില്‍ ആ താരതമ്യം ഇപ്പോഴും തുടരുന്നു. ഇപ്പോഴിതാ ഇരുവര്‍ക്കുമുള്ള മറ്റൊരു പ്രധാന വ്യത്യാസത്തെക്കുറിച്ച് പറയുകയാണ് സംവിധായകന്‍ രഞ്ജിത്ത്. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത്ത് ഈ താരതമ്യം നടത്തുന്നത്.
മമ്മൂട്ടി പരീക്ഷണത്തിന് മുതിരുമ്പോള്‍ മോഹന്‍ലാല്‍ കംഫര്‍ട്ട് സോണില്‍ നില്‍ക്കുകയാണോ എന്ന ചോദ്യത്തിന് രഞ്ജിത്തിന്‍റെ മറുപടി ഇങ്ങനെ- "അതൊരു യാഥാര്‍ഥ്യമാണ്. ലാലിന് അത് തുടക്കം തൊട്ട് ഉണ്ട്. ഒരു ദിവസം കൊണ്ട് മാറിയതൊന്നുമല്ല. എനിക്ക് വര്‍ഷങ്ങളായിട്ട് അറിയാം. അപരിചിതര്‍ മാത്രമുള്ള ഒരു ലോക്കേഷനിലൊക്കെ ലാലിന് വലിയ പാടാണ്. പുതിയ സംവിധായകന്‍, പുതിയ എഴുത്തുകാരന്‍ എന്നൊക്കെയുള്ളത്. മമ്മൂട്ടിക്ക് അതൊന്നും പ്രശ്നമല്ല. അവന്‍റെ കൈയില്‍ എന്തോ ഉണ്ടല്ലോ, അവനെ വിളി എന്ന് പറയുന്ന ആളാണ് അയാള്‍", രഞ്ജിത്ത് പറയുന്നു.
"ഇപ്പോള്‍ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം ലാല്‍ വര്‍ക്ക് ചെയ്തു. അദ്ദേഹത്തിന്‍റെ സിനിമകള്‍ കണ്ടിട്ട് ഇയാള്‍ കൊള്ളാം എന്ന് തോന്നിക്കാണും. അപ്പോഴും നിര്‍മ്മാതാവിന്‍റെ സ്ഥാനത്തൊക്കെ അയാളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. ഷിബു ബേബി ജോണും ബേബി മറൈന്‍ ബാബുവും ഒക്കെയാണ്. അയാള്‍ അങ്ങനെ ഒരു മനുഷ്യനാണ്. ക്യാമറയുടെ മുന്നില്‍ നൂറ് പേരെ ഇടിക്കുന്ന ആള്‍ ഇപ്പോഴും നല്ല ക്രൗഡ് ഉള്ള ഒരു ലൊക്കേഷനില്‍ കാറില്‍ വന്ന് ഇറങ്ങിയാല്‍ ഞാന്‍ അവിടെയുണ്ടെങ്കില്‍ എന്‍റെ കൈ പിടിക്കും. ആ ആള്‍ക്കൂട്ടത്തെ കടന്നുപോകാന്‍ ഇപ്പോഴും പ്രശ്നമുള്ള ആളാണ്. ഷൂട്ട് ചെയ്യുന്ന മുറിയില്‍ എത്തുമ്പോഴാണ് അയാള്‍ കംഫര്‍ട്ട് ആവുന്നത്. മറ്റെയാള്‍ക്ക് (മമ്മൂട്ടി) പുരുഷാരം ഇല്ലെങ്കിലാണ് പ്രശ്നം. ഇതെന്താ ആരും ഇല്ലേ എന്നാണ് ചോദിക്കുക. രണ്ടും എനിക്ക് നല്ല ബന്ധങ്ങളുടെ ആള്‍ക്കാരാണ്", രഞ്ജിത്ത് പറഞ്ഞവസാനിപ്പിക്കുന്നു.
