"സിനിമയില്‍ ഇയാള്‍ ഒരു കോമാളിയാണ്. മസില്‍ ഉണ്ടെന്നേയുള്ളൂ"

നടന്‍ ഭീമന്‍ രഘു വാര്‍ത്താ തലക്കെട്ടുകളില്‍ ഇടംപിടിച്ച വേദിയായിരുന്നു ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ വേദി. മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കാന്‍ എത്തിയ ഉടന്‍ കസേരയില്‍ നിന്ന് എണീറ്റ ഭീമന്‍ രഘു അദ്ദേഹം പ്രസംഗം അവസാനിപ്പിക്കുംവരെ നില്‍ക്കുകയായിരുന്നു. ഇതിന്‍റെ വീഡിയോകളും ചിത്രങ്ങളും വളരെ പെട്ടെന്ന് വൈറല്‍ ആയി മാറിയിരുന്നു. ഭീമന്‍ രഘുവിന്‍റെ നിരവധി അഭിമുഖങ്ങളും പിന്നീടുള്ള വാരങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി. ഇപ്പോഴിതാ ഭീമന്‍ രഘുവിനെക്കുറിച്ചുള്ള തന്‍റെ അഭിപ്രായം പങ്കുവെക്കുകയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത്. സിനിമാ സെറ്റുകളില്‍ സ്ഥിരം തങ്ങളുടെ കളിയാക്കലുകള്‍ക്ക് ഇരയാവാറുള്ള ഒരാളായിരുന്നു അദ്ദേഹമെന്ന് രഞ്ജിത്ത് പറയുന്നു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത്തിന്‍റെ അഭിപ്രായപ്രകടനം.

തനിക്ക് മുഖ്യമന്ത്രിയോടുള്ള ബഹുമാനം രഘു എണീറ്റ് നിന്ന ഭാഗത്തേക്ക് അദ്ദേഹം നോക്കിയേയില്ല എന്നതാണെന്ന് രഞ്ജിത്ത് പറയുന്നു. "എനിക്ക് മുഖ്യമന്ത്രിയോടുള്ള ബഹുമാനം അദ്ദേഹം ആ ഭാഗത്തേക്കേ നോക്കിയില്ല എന്നതാണ്. കാരണം മിസ്റ്റര്‍ രഘൂ നിങ്ങള്‍ അവിടെ ഇരിക്കൂ എന്നു പറഞ്ഞാല്‍ ഇയാള്‍ ആളായി. അങ്ങനെ പുള്ളി ആരെയും ആളാക്കില്ല. സിനിമയില്‍ ഇയാള്‍ ഒരു കോമാളിയാണ്. മസില്‍ ഉണ്ടെന്നേയുള്ളൂ. ഞങ്ങളൊക്കെ എത്ര കാലമായി കളിയാക്കി കൊന്നുകൊണ്ടിരിക്കുന്ന ഒരുത്തനാ. മണ്ടനാണ്. നമ്മുടെ ഒരു സുഹൃത്ത് പറഞ്ഞത്, രഘൂ നിങ്ങളെ ശക്തി കൊണ്ടും ബുദ്ധി കൊണ്ടും എനിക്ക് കീഴ്പ്പെടുത്താന്‍ ആവില്ല. ശക്തി കൊണ്ട് മനസിലായി, ബുദ്ധികൊണ്ട്? എന്ന് രഘു തന്നെ ചോദിച്ചു. ബുദ്ധികൊണ്ട് ഞാന്‍ നിങ്ങളെക്കുറിച്ച് തമാശ പറഞ്ഞാല്‍ നിങ്ങള്‍ക്ക് മനസിലാവണ്ടേ എന്ന്", രഞ്ജിത്ത് പറയുന്നു.

ALSO READ : 22 റീലുകള്‍! ആ സൂപ്പര്‍ഹിറ്റ് രജനികാന്ത് ചിത്രത്തിന് ആദ്യമുണ്ടായിരുന്നത് രണ്ട് ഇടവേളകള്‍; പക്ഷേ കമല്‍ ഇടപെട്ടു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം