രണ്‍വീര്‍ സിംഗ് നായകനാകുന്ന ചിത്രത്തിന് നികുതി ഒഴിവാക്കി ദില്ലി സര്‍ക്കാര്‍.

രണ്‍വീര്‍ സിംഗ് (Ranveer Singh) നായകനാകുന്ന ചിത്രമാണ് '83'. ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ വിജയത്തിന്റെയും ക്യാപ്റ്റൻ കപില്‍ ദേവിന്റെയും കഥയാണ് '83' പറയുന്നത്. പ്രഖ്യാപനം മുതലേ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നിരുന്നു '83'. ഇപോഴിതാ 83 എന്ന ചിത്രത്തിന് നികുതി ഒഴിവാക്കിയിരിക്കുകയാണ് ദില്ലി സര്‍ക്കാര്‍.

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായിട്ടാണ് '83' എത്തുക. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ താരങ്ങളെ സ്‍ക്രീനില്‍ കാണാൻ കാത്തിരിക്കുകയാണ് എല്ലാവരും. അസീം മിശ്രയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രണ്‍വീര്‍ സിംഗ് ചിത്രത്തില്‍ കപില്‍ ദേവായി അഭിനയിക്കുമ്പോള്‍ ഭാര്യാ കഥാപാത്രമായി ദീപികാ പദുക്കോണാണ് എത്തുന്നത്.

കബിര്‍ ഖാൻ, വിഷ്‍ണുവര്‍ദ്ധൻ ഇന്ദുരി, ദീപിക പദുക്കോണ്‍, സാജിഗദ് നദിയാദ്‍വാല എന്നിവരാണ് '83' നിര്‍മിക്കുന്നത്. റിലയൻസ് എന്റര്‍ടെയ്‍ൻമെന്റ്, ഫാന്റം ഫിലിംസ്, വിബ്രി മീഡിയ, കെഎ പ്രൊഡക്ഷൻസ്, നദിയാദ്‍വാല ഗ്രാൻഡ്‍സണ്‍ എന്റര്‍ടെയ്‍ൻമെന്റ്, കബിര്‍ ഖാൻ ഫിലിംസ് എന്നിവയുടെ ബാനറിലാണ് നിര്‍മാണം. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രാമേശ്വര്‍ എസ് ഭഗത് ആണ് '83'ന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

കബീര്‍ ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൃഷ്‍ണമാചാരി ശ്രീകാന്ത് ആയി തമിഴ് നടൻ ജീവയാണ് അഭിനയിക്കുന്നത്. '83' എന്ന ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ച അഭിനന്ദനങ്ങള്‍ക്ക് നന്ദി പറഞ്ഞ് രണ്‍വീര്‍ സിംഗ് നേരത്തെ രംഗത്ത് എത്തിയിരുന്നു. രണ്‍വീര്‍ സിംഗ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയായിരുന്നു നന്ദി പറഞ്ഞ് രംഗത്ത് എത്തിയത്.