'കാന്താര' സിനിമയിലെ ദൈവം ആവാഹിക്കുന്ന രംഗം ഐഎഫ്എഫ്ഐ വേദിയിൽ തമാശയായി അനുകരിച്ചതിന് ബോളിവുഡ് നടൻ രൺവീർ സിങ്ങിനെതിരെ വ്യാപക വിമർശനം ഉയർന്നു. ഇത് വിശ്വാസത്തെ അപമാനിക്കുന്നതാണെന്നായിരുന്നു പ്രധാന ആരോപണം.

ചില സിനിമകൾ അങ്ങനെയാണ്, റിലീസ് ചെയ്ത് കാലമെത്ര കഴിഞ്ഞാലും പ്രേക്ഷക മനസിൽ അവ മായാതെ നിലനിൽക്കും. അതുകൊണ്ടുതന്നെയാണ് അവയുടെ രണ്ടാം വരവിനായി സിനിമാസ്വാദകർ കാത്തിരിക്കുന്നതും. അത്തരത്തിലെ സിനിമയാണ് കാന്താര ഫ്രാഞ്ചൈസികൾ. കാന്താര ആദ്യഭാ​ഗത്തിന് ലഭിച്ച വൻ വരവേൽപ്പാണ് പ്രീക്വലിലേക്കും പ്രേക്ഷകരെ ആകർഷിച്ചത്. സംവിധാനത്തിന് പുറമെ കേന്ദ്രകഥാപാത്രത്തെയും അവതരിപ്പിച്ച് തിളങ്ങിയ ഋഷഭ് ഷെട്ടിയുടെ വേഷത്തിന് ആരാധകർ ഏറെയാണ്. ഇതിൽ ​ദൈവം കുടികൊണ്ട ശേഷമുള്ള ഋഷഭിന്റെ പ്രകടനം വൻ പീക്ക് ലെവൽ എന്നായിരുന്നു പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞത്. ഇപ്പോഴിതാ ഈ കഥാപാത്രത്തെ അനുകരിച്ചതിന്റെ പേരിൽ ബോളിവുഡ് താരം രൺവീർ സിങ്ങിനെതിരെ വലിയ തോതിൽ വിമർശനം ഉയരുകയാണ്.

56-ാമത് ഐഎഫ്എഫ്ഐയിൽ വച്ചാണ് രൺവീർ സിം​ഗ് കാന്താര വേഷം അനുകരിച്ചത്. ഋഷഭ് ഷെട്ടിയും വേദിയിൽ ഉണ്ടായിരുന്നു. ദൈവത്തെ ആവാഹിക്കുന്ന രം​ഗം രൺവീർ തമാശരൂപേണ വേദിയിൽ അവതരിപ്പിക്കുകയായിരുന്നു. അതൊടൊപ്പം തന്നെ ചാമുണ്ഡി ദൈവത്തെ ഋഷഭ് അവതിരിപ്പിച്ചതിനെ രൺവീർ പ്രശംസിക്കുകയും ചെയ്തു. എന്നാൽ കാന്താര വേഷത്തെ നടൻ 'കോമാളിയാക്കി' അവതരിപ്പിച്ചുവെന്ന വിമർശനങ്ങൾ ധാരാളമായി ഉയർന്നു. ഒപ്പം അനുകരണ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു.

Scroll to load tweet…

ഇപ്പോഴിതാ വിഷയത്തിൽ ക്ഷമാപണം നടത്തി എത്തിയിരിക്കുകയാണ് രൺവീർ സിം​ഗ്. "സിനിമയിലെ റിഷഭിന്റെ അസാമാന്യമായ പ്രകടനത്തെ പ്രശംസിക്കുക എന്നതായിരുന്നു എൻ്റെ ഉദ്ദേശം. നടൻ മുതൽ നടൻ വരെ, ആ പ്രത്യേക രംഗം അദ്ദേഹം ചെയ്ത രീതിയിൽ അവതരിപ്പിക്കാൻ എത്രമാത്രം പ്രയാസമാണെന്ന് എനിക്കറിയാം. അക്കാര്യത്തിൽ അദ്ദേഹത്തോട് ബഹുമാനം തോന്നുകയാണ്. നമ്മുടെ രാജ്യത്തെ എല്ലാ സംസ്‌കാരത്തെയും പാരമ്പര്യത്തെയും വിശ്വാസത്തെയും ഞാൻ എന്നും ബഹുമാനിച്ചിട്ടുണ്ട്. ഞാൻ ആരുടെയെങ്കിലും വികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ, ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു", എന്നായിരുന്നു രൺവീർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. എന്നാൽ രൺവീറിന്റെ ക്ഷമാപണ വേണ്ടെന്നാണ് കാന്താര ആരാധകർ പറയുന്നത്. രൺവീർ തോർഡ് റേറ്റ് നടനാണെന്നും ആ വേഷത്തെ അപമാനിക്കുകയാണ് ചെയ്തതെന്നും ഇവർ പറയുന്നു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്