ഫെബ്രുവരി 11 ആണ് ചിത്രത്തിന്‍റെ റിലീസ് തീയതി

അല്ലു അര്‍ജുന്‍ നായകനായ ആക്ഷന്‍ ഡ്രാമ ചിത്രം പുഷ്‍പയുടെ (Pushpa) ഹിന്ദി പതിപ്പ് നേടിയ വന്‍ വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കൂടുതല്‍ തെന്നിന്ത്യന്‍ ചിത്രങ്ങള്‍ ഹിന്ദി പതിപ്പ് ഒരുക്കുന്നു. അജിത്തിന്‍റെ വരാനിരിക്കുന്ന ചിത്രം വലിമൈ തമിഴിനൊപ്പം തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് എത്തുന്നത്. അജിത്തിന്‍റെ ആദ്യ പാന്‍ ഇന്ത്യന്‍ റിലീസുമായിരിക്കും ഇത്. ഇപ്പോഴിതാ മറ്റൊരു തെന്നിന്ത്യന്‍ സൂപ്പര്‍താര ചിത്രത്തിന്‍റെ ഹിന്ദി പതിപ്പും ഒരേ സമയം തിയറ്ററുകളിലെത്തും. രവി തേജയെ (Ravi Teja) നായകനാക്കി രമേശ് വര്‍മ്മ സംവിധാനം ചെയ്യുന്ന ക്രൈം ആക്ഷന്‍ ചിത്രം ഖിലാഡിയാണ് (Khiladi) ഹിന്ദി വെര്‍ഷനിലും തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്നത്.

ഫെബ്രുവരി 11 ആണ് ചിത്രത്തിന്‍റെ നേരത്തേ പ്രഖ്യാപിച്ചിട്ടുള്ള റിലീസ് തീയതി. ഇതേ ദിവസം തന്നെ ഹിന്ദി പതിപ്പും തിയറ്ററുകളിലെത്തും. പെന്‍ മരുധര്‍ ആയിരിക്കും ഹിന്ദി പതിപ്പിന്‍റെ വിതരണം. പെന്‍ സ്റ്റുഡിയോസ്, എ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ചിത്രത്തില്‍ രണ്ട് നായികമാരാണുള്ളത്. മീനാക്ഷി ചൗധരിയും ഡിംപിള്‍ ഹയതിയും. മലയാളിയായ സുജിത്ത് വാസുദേവും ജി കെ വിഷ്‍ണുവുമാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. എഡിറ്റിംഗ് അമര്‍ റെഡ്ഡി കുടുമുള, സംഗീതം ദേവിശ്രീ പ്രസാദ്.

അര്‍ജുന്‍ സര്‍ജ, നികിതിന്‍ ധീര്‍, സച്ചിന്‍ ഖഡേക്കര്‍, മുകേഷ് റിഷി, താക്കൂര്‍ അനൂപ് സിംഗ്, റാവു രമേശ്, മുരളി ശര്‍മ്മ, വെണ്ണെല കിഷോര്‍, അൻസൂയ ഭരദ്വാജ്, ഭരത് റെഡ്ഡി, കേശവ് ദീപക് എന്നിവര്‍ക്കൊപ്പം ഉണ്ണി മുകുന്ദനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍. രവി തേജയ്ക്ക് ഇന്ത്യയില്‍ എമ്പാടുമുള്ള ആരാധകവൃന്ദവും ചിത്രത്തിന്‍റെ ഉള്ളടക്കവുമാണ് ഹിന്ദി പതിപ്പിലേക്ക് നയിച്ചതെന്ന് പെന്‍ സ്റ്റുഡിയോസിന്‍റെ ജയന്തിലാല്‍ ഗഡ പറയുന്നു.