ചെറു ചിരിയും ഹലോയും പറഞ്ഞെത്തുന്ന ജോർജ് സാർ. സോഷ്യൽ മീഡിയയുടെ ഭാഷയിൽ ഒരു സുന്ദര കാലമാടൻ. ഈ നിരയിലേയ്ക്ക് ഏറ്റവും ഒടുവിൽ എത്തിയത് അയാളാണ്.
ഒരു മോഹൻലാൽ സിനിമകണ്ടിറങ്ങുന്നവർ മുഴുവൻ അതിലെ വില്ലനെക്കുറിച്ച് സംസാരിക്കണമെങ്കിൽ അയാളുടെ റേഞ്ച് ഒന്ന് ആലൊചിച്ചു നോക്കണം. തുടരുമിലെ ജോർജ് സാറിനെക്കുറിച്ച് മാത്രമല്ല പറഞ്ഞത്. മോഹൻലാലിനെ വിറപ്പിച്ച വില്ലന്മാർക്ക് പ്രേക്ഷകരുടെ മനസിൽ പ്രത്യേക സ്ഥാനം തന്നെയുണ്ട്. കിരീടത്തിലെ കീരിക്കാടൻ ജോസ്, ഫാബിയൻ റമീറസ് എന്ന സീസണിലെ വില്ലൻ, താഴ്വാരത്തിലെ രാജു, കിലുക്കത്തിലെ സമദ് ഖാൻ, വിയത്നാം കോളനിയിലെ റാവുത്തർ, ദേവാസുരത്തിലെ മുണ്ടയ്ക്കൽ ശേഖരൻ, സ്പടികം ജോർജ്, ബാലേട്ടനിലെ ഭദ്രൻ, ദൃശ്യത്തിലെ സഹദേവൻ, ലൂസിഫറിലെ ബോബി ഒടുവിൽ തുടരുമിൽ പ്രകാശ് വർമ്മ അവതരിപ്പിച്ച ജോർജ് സാർ വരെ മലയാള സിനിമയിൽ അടയാളപ്പെടുത്തപ്പെട്ടവരാണ്.

അതുവരെ മലയാള സിനിമ കണ്ടതിനേക്കാൾ മുകളിലൊരു വില്ലൻ. മുറിപ്പാടുകൾ നിറഞ്ഞ മുഖവും ചോരക്കണ്ണും. മുറിച്ചിട്ടാലും മുറികൂടുന്ന ഇനം അതാണ് ജോസ്. കിരീടത്തിലെ മാസ് വില്ലൻ കീരിക്കാടൻ ജോസായി എത്തിയത് മോഹൻരാജാണ്. എന്നാൽ ആ പേരിൽ പിന്നീടൊരിക്കലും അയാൾ അറിയപ്പെട്ടതേയില്ല. മോഹൻലാലിനെ വിറപ്പിച്ച വില്ലനെ കഥാപാത്രത്തിൻ്റെ അതേ പേരിലാണ് മലയാള സിനിമ പിന്നീടങ്ങോട്ടും സ്വീകരിച്ചത്. ചാരക്കണ്ണുകളുള്ള ചെകുത്താനാണ് സീസണിലെ ഫാബിയൻ റമീറസ്. ഗാവിൻ പക്കാഡ് ആണ് ഫാബിയൻ റമീസിനെ അവതരിപ്പിച്ചത്. മോഹൻലാൽ അവതരിപ്പിച്ച ജീവൻ താൻ ആരാണെന്ന് വെളിപ്പെടുത്തുമ്പോഴും മരണം മുഖാമുഖമുള്ളപ്പോൾ പോലും ഫാബിയനിൽ പതർച്ചയുണ്ടാകുന്നില്ല. ഇരയെ പിടിക്കാൻ പതിയിരിക്കുന്ന വേട്ടക്കാരൻ്റെ മുഖമായിരുന്നു താഴ്വാരത്തിലെ രാജുവിന്. ആത്മാർഥ സുഹൃത്തിന് ചതിക്കാൻ മടിയേതുമില്ലാത്ത മനസാക്ഷിയില്ലാത്ത ക്രൂരൻ. സലിം ഖൗസ് എന്ന നടനാണ് താഴ്വാരത്തിൽ രാജുവായി എത്തിയത്.

സീസണിലെ ഫാബിയൻ റമീറസ്
മോഹൻലാലിന്റെ കൃഷണമൂർത്തിക്കും മുകളിൽ തലപ്പൊക്കമുണ്ട് വിയത്നാം കോളനിയിലെ റാവുത്തറിന്. വിയറ്റ്‌നാം കോളനിയിലെ പാവങ്ങളെ മാത്രമല്ല ഗജപോക്കിരികളായ വട്ടപ്പള്ളിയെയും സ്രാങ്കിനെയും ഇരുമ്പ് ജോണിനെയുമെല്ലാം വിറപ്പിച്ചു നിർത്തിയ ആജാനുബാഹുവായ റാവുത്തർ. തെലുങ്ക് താരമായ വിജയ രംഗ രാജയാണ് റാവുത്തറിനെ വെള്ളിത്തിരയിൽ ഗംഭീരമാക്കിയത്. കിലുക്കത്തിലെ സമദ് ഖാനും തേന്മാവിൻ കൊമ്പത്തിലെ മല്ലിക്കെട്ടും നിർണ്ണയത്തിലെ ഒറ്റകൈയ്യൻ ഇഫ്തിയും ആര്യനിലെ മജീദ് ഖാനുമൊക്കെയായി അവതരിച്ചത് ഒരാൾ, ഷരത് സക്സേന. അയാളുടെ പ്രെസൻസ് അനുഭവപ്പെടുന്നിടത്തുതന്നെ പ്രേക്ഷകർക്ക് നെഞ്ചിടിപ്പേറുന്നതായിരുന്നു അവസ്ഥ.

സ്പടികം ജോർജ്
കഥാപാത്രത്തിൻ്റെ അതേപേരിൽ അറിയപ്പെടാനായിരുന്നു സ്പടികം ജോർജിനും ഭാഗ്യം. ആടുതോമയുടെ റെയ്ബാൻ ഗ്ലാസ് ചവിട്ടി ഞെരിച്ച് പൊതിരെ തല്ലുന്ന പൊലീസുകാരനെ പ്രേക്ഷകർ അതേപേരിലല്ലാതെ എന്തു വിളിക്കാനാണ്. ദേവാസുരത്തിൻ്റെ വിജയം ഒരുപോലെ മങ്കലശ്ശേരി നീലകണ്ഠൻ്റെയും മുണ്ടയ്ക്കൽ ശേഖരൻ്റേതുമാണ്. നെപ്പോളിയൻ ചിത്രത്തിൽ മുണ്ടയ്ക്കൽ ശേഖരനെ അവതരിപ്പിച്ചത്. മുണ്ടയ്ക്കൽ ശേഖരനില്ലാതെ മംഗലശ്ശേരി നീലകണ്ഠന് പൂർണതയില്ല. തിരിച്ചുമത് അങ്ങനെത്തന്നെയാണ്.

ഭദ്രൻ
ബാലേട്ടനിലെ ഭദ്രൻ റിയാസ് ഖാൻ കരിയറിൽ ചെയ്ത ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നാണ്. മോഹാൻലാലിനെ തടഞ്ഞു നിർത്തി ആ കണ്ണിലേയ്ക്ക് നോക്കി 'പോട്ടേടാ ബാലേട്ടാ' എന്ന് ഭദ്രൻ പറയുമ്പോൾ പ്രേക്ഷകരായി ഇരുന്നവരുടെ മുഴുവൻ രക്തം ചൂടുപിടിച്ചുകാണും. ദൃശ്യത്തിൽ ജോർജുകുട്ടി ഒളിപ്പിച്ച ആ വലിയ രഹസ്യം കണ്ടെത്തുന്ന നെഗറ്റീവ് ടച്ചുള്ള കോൺസ്റ്റബിൾ കഥാപാത്രമാണ് കലാഭവൻ ഷാജോണിൻ്റെ സഹദേവൻ. അതുവരെ ഹാസ്യ കഥാപാത്രങ്ങൾ മാത്രം ചെയ്തിരുന്ന ഷാജോണിന് ഒരു മേൽവിലാസം നൽകി സഹദേവൻ. സ്റ്റൈൽ കൊണ്ടും ഗംഭീര പ്രകടനം കൊണ്ടും ലൂസിഫറിൽ മോഹൻലാലിനെ എതിർത്ത് നിന്നത് വിവേക് ഒബ്രോയ് ചെയ്ത ബോബി എന്ന കഥാപാത്രമായിരുന്നു. ബോബി എന്ന വിമൽ നായരുടെ വില്ലനിസത്തിലാണ് സ്റ്റീഫൻ നെടുമ്പള്ളി വലുതാകുന്നത്.

സി ഐ ജോർജ്
പിന്നീട് വന്നത് ജോർജ് സാറാണ്. ചെറു ചിരിയും ഹലോയും പറഞ്ഞെത്തുന്ന ജോർജ് സാർ. സോഷ്യൽ മീഡിയയുടെ ഭാഷയിൽ ഒരു സുന്ദര കാലമാടൻ. പ്രേക്ഷകരെ ഒന്നാകെ വെറിപ്പിച്ചിച്ച ജോർജ് സാർ ആരാണെന്ന ചോദ്യവുമായാണ് തുടരും ആദ്യ ഷോ കണ്ട് പ്രേക്ഷകർ ഇറങ്ങിയത്. പതിയെ ആ മുഖം ആളുകൾ തിരിച്ചറിഞ്ഞു. പരസ്യലോകത്തെ രാജാവ് പ്രകാശ് വർമ്മ. പ്രേക്ഷകരുടെ മനസിൽ നായകൻ അത്രത്തോളം ആഴത്തിൽ പതിയണമെങ്കിൽ മറുപുറം ഒത്തൊരു വില്ലനുണ്ടാകണമല്ലോ.. ആ നിരയിലാണ് ഇനി ജോർജ് സാറും.


