ആക്ഷൻ രം​ഗങ്ങൾ കോർത്തിണക്കുന്ന ചിത്രമായിരിക്കും ദളപതി 67 എന്നാണ് വിവരം. 

പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് 'ദളപതി 67' എന്ന് താൽക്കാലികമായി പേര് നൽകിയ വിജയ് ചിത്രം. മാസ്റ്റർ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം വിജയ്‌യും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തെ കുറിച്ചുള്ള അപ്ഡേറ്റുകൾക്ക് കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ ചിത്രത്തിൽ പാട്ടുകൾ ഉണ്ടായിരിക്കില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. 

ആക്ഷൻ രം​ഗങ്ങൾ കോർത്തിണക്കുന്ന ചിത്രമായിരിക്കും ദളപതി 67 എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. പാട്ടില്ലെങ്കിലും മള്‍ട്ടി തീം ട്രാക്ക് ഉണ്ടാകുമെന്നും അനിരുദ്ധ് രവിചന്ദറോ സാം സി എസ്സോ ആകും സം​ഗീത സംവിധാനം ചെയ്യുകയെന്നുമാണ് വിവരം. 

'വരിശി'ലെ നിർണായകരം​ഗം ലീക്കായി; വിജയ് ചിത്രത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയില്‍

സിനിമയുടെ ചിത്രീകരണം ഈ വർഷം അവസാനത്തോടെ ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 'ദളപതി 67'ല്‍ പ്രതിനായകനായി സഞ്ജയ് ദത്ത് എത്തുമെന്ന റിപ്പോര്‍ട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. അര്‍ജുൻ സർജ ചിത്രത്തിൽ നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

അതേസമയം, വരിശ് എന്ന ചിത്രമാണ് വിജയ്‌യുടേതായി അണിയറയിൽ ഒരുങ്ങുന്നത്. വംശി പൈഡിപ്പള്ളിയാണ് ചിത്രത്തിന്റെ സംവിധാനം. ഫാമിലി എന്റർടെയ്നർ ആയി ഒരുങ്ങുന്ന വരിശിൽ വിജയുടെ അച്ഛനായി എത്തുന്നത് ശരത് കുമാറാണ്. വിജയ്‍യുടെ കരിയറിലെ 66-ാം ചിത്രം കൂടിയാണിത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്‍റെ നിര്‍മ്മാണം.ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. ഫാമിലി എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ രശ്മിക മന്ദാന, ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.