വിക്രം ആണ് കമല്‍ ഹാസന്‍റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

ചെന്നൈ: തമിഴ് ബി​ഗ് ബോസ് അവതരിപ്പിക്കുന്നതിൽ നിന്നും നടൻ കമൽഹാസൻ പിന്മാറുന്നുവെന്ന് റിപ്പോർട്ട്. സിനിമ തിരക്കുകൾ കാരണമാണ് കമൽ ഹാസൻ ഷോയിൽ നിന്നും പിന്മാറുന്നതെന്നാണ് തമിഴ് മാധ്യമങ്ങളെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ ബി​ഗ് ബോസ് സീസൺ 6 ഫൈനൽ ഘട്ടത്തിലാണ്. ഈ അവസരത്തിലാണ് നടൻ പിന്മാറുന്നുവെന്ന വാർത്തകളും വരുന്നത്. 

അടുത്തിടെ വിക്രം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനായി ബി​ഗ് ബോസ് 6ൽ നിന്നും കമൽ ഹാസൻ പിൻവാങ്ങിയിരുന്നു. പകരം നടൻ സിമ്പു ആയിരുന്നു ഷോ അവതരിപ്പിച്ചിരുന്നത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം കമൽഹാസൻ തിരിച്ചെത്തുകയും ചെയ്തിരുന്നു. ബിഗ് ബോസില്‍ നിന്നും പിന്മാറുന്ന വിവരം കമൽ ഹാസൻ തന്നെ ഔദ്യോ​ഗികമായി പ്രേക്ഷകരെ അറിയിക്കുമെന്നാണ് വിവരം. തമിഴ് ബി​ഗ് ബോസിന്റെ ഏഴാം സീസണിന് വേണ്ടി നടന് വൻ പ്രതിഫലം ഓഫർ ചെയ്തിവെങ്കിലും ഇതും അദ്ദേഹം വേണ്ടെന്ന് വയ്ക്കുക ആയിരുന്നു. അതേസമയം, കമൽഹാസന് പകരം ഇനി ആര് ഷോ ഹോസ്റ്റ് ചെയ്യും എന്ന ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ ആരംഭിച്ചു കഴിഞ്ഞു. 

നിലവിൽ 'ഇന്ത്യൻ 2' ആണ് കമല്‍ ഹാസന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടും ആവേശത്തോടും കാത്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷങ്കര്‍ ആണ്. 200 കോടി രൂപ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായികയായി എത്തുന്നത്. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.

വിമർശകർക്ക് ചുട്ടമറുപടി, ബിക്കിനി വിവാദത്തിൽ വീഴാതെ 'പഠാൻ', റെക്കോർഡിട്ട് 'ബെഷറം രംഗ്..'

വിക്രം ആണ് കമല്‍ ഹാസന്‍റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസുകളില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിരുന്നു. കമല്‍ ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ് ജോസ്, കാളിദാസ് ജയറാം, നരെയ്ന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം.