Asianet News MalayalamAsianet News Malayalam

'ഖുക്രിയുടെ മൂര്‍ച്ഛയുള്ള വശം ഇതല്ല'; അക്ഷയ് കുമാറിന്‍റെ 'ഗൂര്‍ഖ'യിലെ പിശക് ചൂണ്ടിക്കാട്ടി മുന്‍ മേജര്‍

ഇന്ത്യന്‍ ആര്‍മിയുടെ ഗൂര്‍ഖ റെജിമെന്‍റിലെ (ഗൂര്‍ഖ റൈഫിള്‍സ് 5)  ഓഫീസര്‍ ആയിരുന്നു ഇയാന്‍ കര്‍ഡോസോ

retired major details a mistake in akshay kumar starring gorkha first look poster
Author
Thiruvananthapuram, First Published Oct 17, 2021, 12:41 PM IST

രാജ്യത്തിന്‍റെ ഇതിഹാസ യുദ്ധ നായകന്‍ മേജര്‍ ജനറല്‍ ഇയാന്‍ കര്‍ഡോസോയുടെ (Major General Ian Cardozo) ജീവിതം പറയുന്ന ബോളിവുഡ് ചിത്രം 'ഗൂര്‍ഖ' (Gorkha) പ്രഖ്യാപിക്കപ്പെട്ടത് വിജയദശമി ദിവസം ആയിരുന്നു. സഞ്ജയ് പൂരന്‍ സിംഗ് ചൗഹാന്‍ (Sanjay Puran Singh Chauhan) സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അക്ഷയ് കുമാര്‍ (Akshay Kumar) ആണ് മേജറുടെ റോളില്‍ എത്തുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉള്‍പ്പെടെയായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇപ്പോഴിതാ ഈ പോസ്റ്ററിലെ ഒരു പ്രധാന പിഴവ് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് ഒരു മുന്‍ സൈനികോദ്യോഗസ്ഥന്‍. 

retired major details a mistake in akshay kumar starring gorkha first look poster

 

ഗൂര്‍ഖ റെജിമെന്‍റിലെ തന്നെ മുന്‍ മേജര്‍ മാണിക് എം ജോളിയാണ് (Major Manik M Jolly) പോസ്റ്ററിലെ പിഴവ് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. ഹിന്ദിയിലും ഇംഗ്ലീഷിലുമായി രണ്ട് പോസ്റ്ററുകളാണ് ചിത്രത്തിന്‍റെ പ്രഖ്യാപനത്തിനൊപ്പം അണിയറക്കാര്‍ പുറത്തിറക്കിയിരുന്നത്. ഇയാന്‍ കര്‍ഡോസോയുടെ വേഷപ്പകര്‍ച്ചയിലുള്ള അക്ഷയ് കുമാറിന്‍റെ ചിത്രീകരണം രണ്ട് പോസ്റ്ററിലും ഉണ്ടായിരുന്നു. ഗൂര്‍ഖകളുടെ ആയുധമായ 'ഖുക്രി' ഈ രണ്ട് പോസ്റ്ററുകളിലും കഥാപാത്രം കൈയില്‍ ഏന്തിയിരുന്നു. ഇതില്‍ ഹിന്ദി പോസ്റ്ററിലുള്ള ഖുക്രിയിലാണ് പിഴവുണ്ടെന്ന് സൈനികോദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഹിന്ദി പോസ്റ്ററില്‍ അക്ഷയ് കുമാറിന്‍റെ കഥാപാത്രം കൈയിലേന്തിയിരിക്കുന്ന ആയുധത്തിന്‍റെ മൂര്‍ച്ഛയുള്ള ഭാഗം തിരിഞ്ഞുപോയെന്നാണ് മേജര്‍ ജോളി ചൂണ്ടിക്കാട്ടുന്നത്. "പ്രിയ അക്ഷയ് കുമാര്‍ ജീ, ഒരു മുന്‍ ഗൂര്‍ഖ ഓഫീസര്‍ എന്ന നിലയില്‍ ഈ ചിത്രം നിര്‍മ്മിക്കുന്നതിന് എന്‍റെ നന്ദി. എന്നിരിക്കിലും വിശദാംശങ്ങളില്‍ കാര്യമുണ്ടല്ലോ. ദയവായി യഥാര്‍ഥത്തിലുള്ള ഖുക്രി ഉപയോഗിക്കൂ. ഖുക്രിയുടെ മൂര്‍ച്ഛയുള്ള വശം അപ്പുറത്താണ്. ഇതൊരു വാളല്ല. ഉള്ളിലെ മൂര്‍ച്ഛയുള്ള വശം കൊണ്ടാണ് ഖുക്രിയാലുള്ള ആക്രമണം", പോസ്റ്ററിനൊപ്പം യഥാര്‍ഥ ഖുക്രിയുടെ ചിത്രം കൂടി പങ്കുവച്ചുകൊണ്ടായിരുന്നു മേജര്‍ മാണിക് എം ജോളിയുടെ ട്വീറ്റ്.

ഒരു ദിവസം കൊണ്ട് ഇരുപതിനായിരത്തിലധികം ലൈക്കുകളും രണ്ടായിരത്തിലധികം റീട്വീറ്റുകളുമാണ് മേജറിന്‍റെ ട്വീറ്റിന് ലഭിച്ചത്. സംഭവം ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയതോടെ പ്രതികരണവുമായി അക്ഷയ് കുമാറും രംഗത്തെത്തി. തെറ്റ് സമ്മതിച്ച അക്ഷയ് ചിത്രീകരണ ഘട്ടത്തില്‍ അത് തിരുത്താമെന്നും ഉറപ്പ് നല്‍കി. "പ്രിയ മേജര്‍ ജോളി, ഇക്കാര്യം ചൂണ്ടിക്കാട്ടിയതിന് നന്ദി. സിനിമ ചിത്രീകരിക്കുമ്പോള്‍ ഞങ്ങള്‍ ഇക്കാര്യം ഏറെ ശ്രദ്ധിക്കാം. വളരെ അഭിമാനത്തോടെയാണ് ഞാന്‍ ഗൂര്‍ഖ നിര്‍മ്മിക്കുന്നത്. ചിത്രത്തെ യാഥാര്‍ഥ്യത്തോട് അടുപ്പിക്കുന്ന ഏത് നിര്‍ദേശവും അഭിനന്ദിക്കപ്പെടും", അക്ഷയ് കുമാര്‍ പ്രതികരിച്ചു. നേരത്തെ വിക്കി കൗശല്‍ നായകനാവുന്ന 'സര്‍ദാര്‍ ഉദ്ധ'ത്തില്‍ അദ്ദേഹം ധരിച്ചിരിക്കുന്ന യൂണിഫോമിലെ പിഴവ് ചൂണ്ടിക്കാട്ടിയും മേജര്‍ ജോളി രംഗത്തെത്തിയിരുന്നു. 

കളര്‍ യെല്ലോ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആനന്ദ് എല്‍ റായ്‍യും കേപ്പ് ഓഫ് ഗുഡ് ഫിലിംസിന്‍റെ ബാനറില്‍ ഹിമാന്‍ഷു ശര്‍മ്മയും ചേര്‍ന്നാണ് 'ഗൂര്‍ഖ'യുടെ നിര്‍മ്മാണം. ഇന്ത്യന്‍ ആര്‍മിയുടെ ഗൂര്‍ഖ റെജിമെന്‍റിലെ (ഗൂര്‍ഖ റൈഫിള്‍സ് 5)  ഓഫീസര്‍ ആയിരുന്നു ഇയാന്‍ കര്‍ഡോസോ. 1962, 1965, 1971 യുദ്ധങ്ങളില്‍ വീരോചിതമായി നായകത്വം വഹിച്ച ഉദ്യോഗസ്ഥനുമാണ് അദ്ദേഹം.

Follow Us:
Download App:
  • android
  • ios