ആറാട്ടുപുഴ വേലായുധ പണിക്കരെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് സിജു വില്‍സണ്‍ ആണ്
വിനയന്‍റെ രചനയിലും സംവിധാനത്തിലും എത്തിയ ബിഗ് ബജറ്റ് പിരീഡ് ഡ്രാമ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനങ്ങള്‍ പ്രവഹിക്കുകയാണ്. ഓണം റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രം വലിയ പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിന് പ്രശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് റവന്യൂ മന്ത്രി കെ രാജന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് മന്ത്രി ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.
മന്ത്രി കെ രാജന്‍റെ കുറിപ്പ്
ചരിത്രകാരൻമാർ അർഹിച്ച പ്രാധാന്യത്തോടെ അവതരിപ്പിക്കാത്ത വീരനായകനാണ് ആദ്യത്തെ കേരളീയ നവോത്ഥാന നായകൻ ശ്രീ. ആറാട്ടുപുഴ വേലായുധപ്പണിക്കർ. സവർണ്ണ മേധാവിത്വത്തിനെതിരെ പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയെ അണിനിരത്തി അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരെ ഐതിഹാസിക പോരാട്ടങ്ങളാണ് ആ ധീര പോരാളി നടത്തിയത്. ചരിത്രകാരൻമാർ തമസ്കരിച്ച ആ വീര ചേകവരെ അതിമനോഹരമായി ആവേശം തുളുമ്പുന്ന മുഹൂർത്തങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് മലയാളത്തിൻ്റെ ജനകീയ ചലച്ചിത്രകാരൻ ശ്രീ. വിനയൻ. കേരളീയ നവോത്ഥാനത്തിലെ ജ്വലിക്കുന്ന അദ്ധ്യായമായ ചേർത്തല നങ്ങേലിയെയും അച്ചിപ്പുടവ സമരവും മുക്കൂത്തി സമരവുമുൾപ്പടെയുള്ള ഐതിഹാസിക പോരാട്ടങ്ങൾ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ പുതുതലമുറക്കായി ശീ. വിനയൻ അവതരിപ്പിച്ചിരിക്കുന്നു. ഒരു സാംസ്കാരിക പ്രവർത്തകൻ എന്ന നിലയിൽ ശ്രീ. വിനയൻ്റെ മാതൃകാപരവും ശ്ലാഘനീയവുമായ ഇടപെടലാണ് പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചരിത്ര സിനിമ. ഉറച്ച നിലപാടും സാമൂഹ്യ പ്രതിബദ്ധതയുമുള്ള കലാകാരനുമായ ഏറെ പ്രിയങ്കരനായ വിനയേട്ടനും ഈ ചരിത്രദൗത്യത്തിൻ്റെ ഭാഗമായ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർക്കും ഹൃദയാഭിവാദനങ്ങൾ.
ALSO READ : വിക്രത്തിന്‍റെ 'കോബ്ര' വിജയമോ? ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ നേടിയത്

ആറാട്ടുപുഴ വേലായുധ പണിക്കരെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് സിജു വില്‍സണ്‍ ആണ്. വിനയന്റെ ഇതുവരെയുള്ള സിനിമാ ജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രം കൂടിയാണ് ഇത്. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തിരുവോണദിനത്തിലായിരുന്നു റിലീസ്. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ഗോപാലൻ, വിഷ്ണു വിനയൻ, ടിനിടോം, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോ. ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.
