കാന്താരയുടെ വൻ വിജയത്തിന് ശേഷം റിഷഭ് ഷെട്ടി തൻ്റെ അടുത്ത ചിത്രത്തിൽ നടനായി എത്തുന്നു.

കന്നഡ സിനിമാപ്രേമികള്‍ക്ക് കഴിഞ്ഞ 13 വര്‍ഷങ്ങളായി അറിയാവുന്ന പേരാണ് റിഷഭ് ഷെട്ടിയുടേതെങ്കിലും ആ പേര് ഇന്ത്യ മുഴുവന്‍ സുപരിചിതമാക്കിയത് 2022 ല്‍ പുറത്തെത്തിയ കാന്താര എന്ന ചിത്രമായിരുന്നു. ചിത്രത്തിന്‍റെ പ്രീക്വല്‍ ആയ കാന്താര ചാപ്റ്റര്‍ 1 നായുള്ള ഇന്ത്യന്‍ സിനിമാപ്രേമികളുടെ കാത്തിരിപ്പ് സമീപകാലത്ത് മറ്റൊരു ചിത്രത്തിനും ഉണ്ടാവാത്ത രീതിയിലായിരുന്നു. ചിത്രം ആഗോള ബോക്സ് ഓഫീസില്‍ കുതിക്കുമ്പോള്‍ റിഷഭ് ഷെട്ടി അടുത്തതായി ചെയ്യുന്ന ചിത്രം ഏതെന്ന അന്വേഷണം സിനിമാപ്രേമികള്‍ക്കിടയില്‍ ഉണ്ട്. ഇപ്പോഴിതാ റിഷഭ് ഷെട്ടി തന്നെ അതിനുള്ള മറുപടി പറഞ്ഞിരിക്കുകയാണ്.

സംവിധായകന്‍റെ കുപ്പായം അഴിച്ചുവച്ച് നടനായി മാത്രമാണ് റിഷഭ് ഷെട്ടി അടുത്ത ചിത്രത്തില്‍ എത്തുക. ജയ് ഹനുമാന്‍ എന്ന ചിത്രമാണ് ഇത്. ചിത്രത്തില്‍ ഹനുമാന്‍റെ വേഷത്തിലാണ് റിഷഭ് ഷെട്ടി എത്തുക. വന്‍ ഹിറ്റ് ആയിരുന്ന തെലുങ്ക് സൂപ്പര്‍ഹീറോ ചിത്രം ഹനു-മാന്‍റെ സീക്വല്‍ ആണ് ഇത്. പ്രശാന്ത് വര്‍മ്മയാണ് ജയ് ഹനുമാനും സംവിധാനം ചെയ്യുന്നത്. വരുന്ന ഡിസംബര്‍ മാസത്തില്‍ ആയിരിക്കും ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. മൈസൂരു ചാമുണ്ഡേശ്വരി ക്ഷേത്ര സന്ദര്‍ശനത്തിനായി എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അഭിനയിക്കുന്ന അടുത്ത ചിത്രത്തെക്കുറിച്ച് റിഷഭ് ഷെട്ടി പ്രതികരിച്ചത്.

അതെ, ജയ് ഹനുമാന്‍ ആണ് എന്‍റെ അടുത്ത ചിത്രം. ഞാന്‍ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരേയൊരു പ്രോജക്റ്റും ഇത് തന്നെയാണ്, റിഷഭ് ഷെട്ടി പറഞ്ഞു. കാന്താര ചാപ്റ്റര്‍ 1 ന്‍റെ തുടര്‍ച്ചയായ കാന്താര ചാപ്റ്റര്‍ 2 ആണ് റിഷഭ് ഷെട്ടി അടുത്തതായി ചെയ്യാന്‍ പോകുന്നതെന്ന് ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. പുതിയ പ്രതികരണത്തോടെ അത് അടിസ്ഥാനരഹിതമാണെന്ന് ഉറപ്പായിരിക്കുകയാണ്. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സന്ദീപ് സിംഗ് സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രവും റിഷഭ് ഷെട്ടിയുടേതായി വരാനുണ്ട്. ദി പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവാജി മഹാരാജ് എന്ന ചിത്രമാണ് അത്. 2027 ജനുവരിയില്‍ പ്രദര്‍ശനത്തിന് എത്തേണ്ട ചിത്രമാണ് ഇത്. അതേസമയം ചിത്രീകരണം എപ്പോള്‍ ആരംഭിക്കുമെന്ന് ഇനിയും പ്രഖ്യാപനം വരാത്തതിനാല്‍ ഈ പ്രോജക്റ്റ് നീളാനാണ് സാധ്യത.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്