Asianet News MalayalamAsianet News Malayalam

നന്ദി അറിയിച്ച് റിഷഭ് ഷെട്ടി; രജനീകാന്തിനെ കാണാന്‍ നേരിട്ടെത്തി

ആഗോള ബോക്സ് ഓഫീസില്‍ ഇതിനകം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട് ചിത്രം

rishab shetty meets rajinikanth after his appreciation on kantara movie
Author
First Published Oct 29, 2022, 8:25 AM IST

കന്നഡ സിനിമയില്‍ നിന്നുള്ള എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നാണ് റിഷഭ് ഷെട്ടിയുടെ രചനയിലും സംവിധാനത്തിലും എത്തിയിരിക്കുന്ന കാന്താര. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ കാഡുബെട്ടു ശിവ എന്ന കേന്ദ്ര കഥാപാത്രത്തെയും അയാളുടെ അച്ഛനെയും അവതരിപ്പിച്ചിരിക്കുന്നതും റിഷഭ് ആണ്. കെജിഎഫ് പോലെ ഭാഷാതീതമായ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ ഇതിനകം 200 കോടി ക്ലബ്ബിലും ഇടംപിടിച്ചിട്ടുണ്ട് ചിത്രം. സിനിമാപ്രേമികള്‍ക്കൊപ്പം നിരവധി പ്രമുഖരും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തില്‍ തമിഴ് സൂപ്പര്‍താരം രജനീകാന്തും ഉണ്ടായിരുന്നു. ഇപ്പോഴിതാ നല്ല വാക്കുകള്‍ക്ക് നന്ദി അറിയിച്ച് രജനിയെ സന്ദര്‍ശിച്ചിരിക്കുകയാണ് റിഷഭ് ഷെട്ടി.

ഏതാനും ദിവസം മുന്‍പാണ് കാന്താര കണ്ട തന്റെ അനുഭവം രജനീകാന്ത് ട്വീറ്റ് ചെയ്തത്. നമ്മുടെ അറിവിലുള്ളതിനേക്കാള്‍ ബൃഹത്താണ് അറിയാത്തതെന്ന് ഹൊംബാളെ ഫിലിംസിന്‍റെ കാന്താരയേക്കാള്‍ നന്നായി സിനിമയില്‍ എന്നോട് ആരും പറഞ്ഞിട്ടില്ല. റിഷഭ് ഷെട്ടി, നിങ്ങള്‍ എനിക്ക് രോമാഞ്ചമുണ്ടാക്കി. രചയിതാവ്, സംവിധായകന്‍, നടന്‍ എന്നീ നിലകളിലൊക്കെ നിങ്ങള്‍ ഗംഭീരമായി. ഇന്ത്യന്‍ സിനിമയിലെ ഈ മാസ്റ്റര്‍പീസിന്‍റെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും എന്‍റെ ആശംസകള്‍, എന്നായിരുന്നു രജനിയുടെ വാക്കുകള്‍. രജനിയുടെ അനുഗ്രഹം വാങ്ങിയ റിഷഭ് ഷെട്ടി അദ്ദേഹവുമായി ഏറെനേരം സംസാരിച്ചിരുന്നിട്ടാണ് മടങ്ങിയത്. നിങ്ങള്‍ ഞങ്ങളെ ഒരു തവണ പ്രശംസിച്ചാല്‍ ഞങ്ങള്‍ ആയിരം തവണ നിങ്ങളെ പ്രശംസിക്കും. നന്ദി രജനീകാന്ത് സാര്‍. കാന്താരയെക്കുറിച്ചുള്ള അങ്ങയുടെ വാക്കുകളില്‍ എക്കാലവും ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു, സന്ദര്‍ശനത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് റിഷഭ് ഷെട്ടി ട്വീറ്റ് ചെയ്‍തു.

ALSO READ : 9 വര്‍ഷത്തിനു ശേഷം ബോക്സ് ഓഫീസില്‍ അജിത്ത്, വിജയ് മത്സരം; 'വരിശും' 'തുനിവും' ഒരേ ദിവസം

അതേസമയം കേരളത്തിലും ഈ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ഒക്ടോബര്‍ 20 ന് 121 തിയറ്ററുകളിലാണ് കേരളത്തില്‍ കാന്താര മലയാളം പതിപ്പ് എത്തിയത്. ആദ്യ ദിനങ്ങളില്‍ തന്നെ മികച്ച മൌത്ത് പബ്ലിസിറ്റി നേടിയതോടെ പല മലയാള ചിത്രങ്ങളേക്കാള്‍ പ്രേക്ഷകരുണ്ട് ഈ കന്നഡ മൊഴിമാറ്റ ചിത്രത്തിന്. രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ കേരളത്തില്‍ 208 സ്ക്രീനുകളിലാണ് കാന്താര പ്രദര്‍ശിപ്പിക്കുന്നതെന്ന് 
വിതരണക്കാരായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അറിയിച്ചിരുന്നു. മലയാളം ഉള്‍പ്പെടെയുള്ള മൊഴിമാറ്റ പതിപ്പുകളും പ്രേക്ഷകപ്രീതിയില്‍ മുന്നേറിയതോടെ ബോക്സ് ഓഫീസിലും ചിത്രം വരും വാരങ്ങളില്‍ നേട്ടമുണ്ടാക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

Follow Us:
Download App:
  • android
  • ios