മമ്മൂട്ടിയുടെ പിആര്‍ഒ റോബര്‍ട്ട് കുര്യാക്കോസ് ഏഷ്യാനെറ്റ് ന്യൂസിനോട്

മമ്മൂട്ടി ഉടന്‍ തന്നെ സിനിമകളില്‍ സജീവമാകുമെന്ന് അദ്ദേഹത്തിന്‍റെ പിആര്‍ഒ റോബര്‍ട്ട് കുര്യാക്കോട്. ചിത്രീകരണങ്ങളില്‍ മാത്രമാണ് ഇക്കാലയളവില്‍ അദ്ദേഹം സജീവമല്ലാതെ ഇരുന്നതെന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലടക്കം സജീവമായിരുന്നുവെന്നും റോബര്‍ട്ട് കുര്യാക്കോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിര്‍മ്മാതാവും മമ്മൂട്ടിയുടെ വലംകൈയുമായ ആന്‍റോ ജോസഫ് ആണ് മമ്മൂട്ടിയുടെ രോഗസൗഖ്യം സൂചിപ്പിച്ച് സോഷ്യല്‍ മീഡിയയിലൂടെ ആദ്യം കുറിപ്പ് പങ്കുവച്ചത്. പിന്നീട് മമ്മൂട്ടിയുടെ പേഴ്സണല്‍ മാനേജര്‍ എസ് ജോര്‍ജ്, മാലാ പാര്‍വതി, രമേശ് പിഷാരടി തുടങ്ങിയവരൊക്കെ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തി.

റോബര്‍ട്ട് കുര്യാക്കോസിന്‍റെ വാക്കുകള്‍

ഇക്കാലയളവില്‍ അദ്ദേഹം സജീവമായിരുന്നു. ഷൂട്ടിംഗില്‍ മാത്രമാണ് പങ്കെടുക്കാതിരുന്നത്. അദ്ദേഹം ചിത്രീകരണങ്ങളിലേക്ക് തിരിച്ചെത്തുന്നു, കൂടുതല്‍ സിനിമകള്‍ അദ്ദേഹത്തിന്‍റേതായി എത്താന്‍ സാഹചര്യമുണ്ടാവുന്നു എന്ന വാര്‍ത്ത ഞങ്ങള്‍ വളരെ ആവേശത്തോടെയാണ് കാത്തിരുന്നത്. അതിനാണ് ഇന്ന് നാന്ദി കുറിച്ചിരിക്കുന്നത്. പരിപൂര്‍ണ്ണ ആരോഗ്യത്തിലേക്ക് എത്തുന്ന ആ വലിയ നിമിഷത്തിലേക്ക് ഞങ്ങള്‍ കാത്തിരിക്കുന്നു. ദൈവം ആ നിമിഷം ഞങ്ങള്‍ക്ക് സമ്മാനിച്ചു എന്നതാണ് യാഥാര്‍ഥ്യം.

ഈ കാലയളവില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലുള്‍പ്പെടെ പരിപൂര്‍ണ്ണമായി സജീവമായിരുന്നു അദ്ദേഹം. ടോക്ക് ടു മമ്മൂട്ടി എന്ന പദ്ധതിയിലൂടെ എണ്ണായിരത്തോളം പരാതികളാണ് എക്സൈസ് വകുപ്പിന് കൈമാറാന്‍ നമുക്ക് സാധിച്ചത്. നിരവധി ആളുകള്‍ക്കുള്ള സഹായങ്ങള്‍, ക്ഷേമപദ്ധതികള്‍ ഇവയൊക്കെ നിര്‍ബാധം തുടരുന്നുണ്ടായിരുന്നു. അതെല്ലാം അദ്ദേഹം തന്നെയാണ് നോക്കിനടത്തിയിരുന്നത്. അദ്ദേഹത്തിന്‍റെ നിര്‍ദേശം അനുസരിച്ച് മാത്രമാണ് കാര്യങ്ങളെല്ലാം മുന്നോട്ട് പോയിരുന്നത്. സമൂഹത്തിലേക്ക് ഇറങ്ങിയുള്ള പരിപാടികളില്‍ നിന്ന് മാത്രമാണ് അദ്ദേഹം ഒഴിഞ്ഞുനിന്നിരുന്നത്. ഏതൊരു മനുഷ്യനും എടുക്കുന്നതുപോലെ അനിവാര്യമായ ഒരു വിശ്രമമാണ് അദ്ദേഹവും എടുത്തത്. ആ വിശ്രമത്തിന്‍റെ സമയം കഴിഞ്ഞിരിക്കുന്നു. അദ്ദേഹം തിരിച്ചെത്തുന്നു.

അദ്ദേഹം ഉടന്‍ തന്നെ സജീവമാകുമെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഒരു മാസത്തിനുള്ളില്‍ അദ്ദേഹം സിനിമകളിലേക്ക് വീണ്ടും എത്തുന്നു. റിലീസ് ആവാന്‍ സിനിമകള്‍ കാത്തിരിക്കുന്നു. മഹേഷ് നാരായണന്‍റെ ചിത്രം പൂര്‍ത്തിയാവാന്‍ ഇരിക്കുന്നു. ആവേശകരമായ നിരവധി പ്രോജക്റ്റുകള്‍ നില്‍ക്കുന്നു. ഇതെല്ലാം പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഉടനടി അദ്ദേഹം സ്ക്രീനില്‍ സജീവമാകും. സംശയം വേണ്ട.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News