റോബോ ശങ്കർ ഹൻസികയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വിവാദമാകുകയാണ്.
തെന്നിന്ത്യയിലെ മുൻനിര താര സുന്ദരിയാണ് ഹൻസിക മോട്‌വാനി. തെലുങ്ക് ചിത്രത്തിലൂടെ ബിഗ് സിക്രീനിൽ എത്തിയ ഹൻസിക ബോളിവുഡ് ഉൾപ്പടെയുള്ള സിനിമാ മേഖലകളിൽ തിളങ്ങിയിരുന്നു. അല്ലു അർജുൻ ചിത്രത്തിലൂടെ മലയാളികൾക്കും സുപരിചിതയായ താരം വിജയ്, സൂര്യ ഉൾപ്പടെയുള്ള താരങ്ങൾക്കൊപ്പം അഭിനയിച്ച് കയ്യടി നേടി. പാര്‍ട്ണര്‍ എന്ന ചിത്രമാണ് ഹൻസികയുടേതായി റിലീസിനൊരുങ്ങുന്നത്. ഈ അവസരത്തിൽ നടൻ റോബോ ശങ്കർ ഹൻസികയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വിവാദമാകുകയാണ്.
പാര്‍ട്ണര്‍ സിനിമയുടെ ട്രെയിലർ ലോഞ്ചിനിടെ ആണ് റോബോ ശങ്കർ ഹൻസികയെ കുറിച്ച് സംസാരിച്ചത്. സിനിമയിൽ ഹൻസികയുടെ കാൽ തടവുന്ന രംഗം ചെയ്യാൻ തന്നെ അനുവദിച്ചില്ലെന്നാണ് റോബോ ശങ്കർ പറഞ്ഞത്. ‘‘ഈ സിനിമയില്‍ ഒരു രംഗമുണ്ട്. ഹന്‍സികയുടെ കാല്‍ ഞാന്‍ തടവണം. ആ സീന്‍ ചെയ്യാന്‍ ഹന്‍സിക സമ്മതിച്ചില്ല. ഞാനും ഡയറക്ടറും കെഞ്ചി ചോദിച്ചു. പക്ഷേ പറ്റില്ലെന്ന് ഹന്‍സിക തീര്‍ത്ത് പറഞ്ഞു. ഹീറോ ആദി മാത്രമേ എന്നെ തൊടാവൂ. മറ്റാര്‍ക്കും പറ്റില്ലെന്ന് പറഞ്ഞു. അപ്പോഴാണ് ഹീറോ ഹീറോയാണെന്നും കൊമേഡിയൻ കൊമേഡിയൻ ആണെന്നും മനസ്സിലായത്.’’, എന്നാണ് റോബോ ശങ്കർ പറഞ്ഞത്. ഇതൊരു തമാശയായി എടുക്കണമെന്ന് പറഞ്ഞാണ് അദ്ദേഹം വേദി വിട്ടത്.
എന്നാൽ ചോദ്യോത്തരം നടക്കുന്നതിനിടെ ഈ പരാമർശത്തെ മാധ്യമപ്രവർത്തകർ അടക്കം ചോദ്യം ചെയ്തു. ഇങ്ങനെ ഉള്ള ആളുകളെ ഇനി വേദിയിൽ കയറ്റരുതെന്ന് ഒരാൾ പറയുന്നുണ്ട്. ശേഷം സിനിമയുടെ അണിയറ പ്രവർത്തകർ വേദിയിൽ വച്ചുതന്നെ മാപ്പ് പറയുകയും ചെയ്തിരുന്നു. അതേസമയം വിഷയത്തിൽ ഹൻസിക ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഭാവന സ്റ്റുഡിയോസ് വീണ്ടും; നസ്ലിന്റെ നായികയായി മമിത ബൈജു, ഷൂട്ടിംഗ് ഉടൻ
കഴിഞ്ഞ വർഷം ഡിസംബറിൽ ആയിരുന്നു ഹൻസികയുടെ വിവാഹം. സൊഹേൽ ഖതൂരിയയാണ് ഹൻസികയുടെ ഭർത്താവ്. കഴിഞ്ഞ വർഷം ജൂലൈയിൽ തന്റെ 50ാമത്തെ ചിത്രം 'മഹാ'യുടെ റിലീസുമായി ബന്ധപ്പെട്ട് ഹൻസിക പങ്കുവച്ച പോസ്റ്റ് ഏറെ ശ്രദ്ധനേടിയിരുന്നു. പ്രിയപ്പെട്ട ആരാധകരില്ലെങ്കിൽ തന്റെ കുടുംബം അപൂർണമാണെന്നും സിനിമയാണ് തനിക്കെല്ലാമെന്നുമാണ് ഹൻസിക കുറിച്ചത്. 50 സിനിമ പൂർത്തിയാക്കുക എന്നത് ഒരു നടിയെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല. പ്രേക്ഷകര്‍ നൽകിയ സ്നേഹമാണ് ഈ നാഴികക്കല്ല് പിന്നിടാൻ തുണയായതെന്നും ഹൻസിക പറഞ്ഞിരുന്നു.

