രോമാഞ്ചം സിനിമയില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയി ഷിഫിന പ്രവര്‍ത്തിച്ചിരുന്നു

രോമാഞ്ചം എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകന്‍ ജിത്തു മാധവന്‍ വിവാഹിതനായി. സഹസംവിധായിക ഷിഫിന ബബിന്‍ ആണ് വധു. രോമാഞ്ചം സിനിമയില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയി ഷിഫിന പ്രവര്‍ത്തിച്ചിരുന്നു. ഷിഫിന തന്നെയാണ് വിവാഹിതയായ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. അന്‍വര്‍ റഷീദ്, സമീര്‍ സാഹിര്‍ അടക്കമുള്ള സിനിമാപ്രവര്‍ത്തകര്‍ വിവാഹത്തിന് എത്തിയിരുന്നു. അര്‍ജുന്‍ അശോകന്‍, ബിനു പപ്പു, നസ്രിയ നസിം, സിജു സണ്ണി, സൗബിന്‍ ഷാഹിര്‍ അടക്കമുള്ളവര്‍ സോഷ്യല്‍ മീ‍ഡിയയിലൂടെ വധൂവരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

മലയാള സിനിമയില്‍ ഈ വര്‍ഷത്തെ അപൂര്‍വ്വം വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ജിത്തു മാധവന്‍ സംവിധാനം ചെയ്ത രോമാഞ്ചം. മലയാളത്തില്‍ അപൂര്‍വ്വമായ കോമഡി ഹൊറര്‍ വിഭാ​ഗത്തില്‍ പെടുന്ന ചിത്രം മലയാളത്തിലെ എക്കാലത്തെയും പത്ത് വിജയ ചിത്രങ്ങളുടെ പട്ടികയിലും ഇടംപിടിച്ചിരുന്നു. 50-ാം ദിവസവും കേരളത്തിലെ 107 സ്ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു എന്നതാണ് രോമാഞ്ചം നേടിയ ജനപ്രീതിയുടെ ഏറ്റവും വലിയ തെളിവ്. 2007ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഓജോ ബോര്‍ഡും ആത്മാവിനെ ക്ഷണിച്ചുവരുത്തലുമൊക്കെ ചേര്‍ത്ത് ഭയത്തിന്‍റെയും അതിലേറെ ചിരിയുടെയും രസക്കൂട്ടിലാണ് ജിത്തു മാധവന്‍ ചിത്രമൊരുക്കിയത്.

അതേസമയം രോമാഞ്ചത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആവേശം എന്നാണ് പേരിട്ടിരിക്കുന്നത്. ഫഹദ് ഫാസില്‍ നായകനാവുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം അന്‍വര്‍ റഷീദും നസ്രിയ നസീമും ചേര്‍ന്നാണ്. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു കോമഡി എന്‍റര്‍ടെയ്നര്‍ ആയിരിക്കും ഈ ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ALSO READ : രണ്ട് മാസത്തെ കാത്തിരിപ്പ് അവസാനിച്ചു; 'പോര്‍ തൊഴില്‍' ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക