മനോഹരമായ ഗാനങ്ങളുടെ കവര്‍ സോംഗുകള്‍ക്കും വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. അത്തരത്തില്‍ ഒരു കവര്‍സോംഗ് കൂടി ശ്രദ്ധനേടുകയാണ്. ഏവരുടെയും മനം കവര്‍ന്ന രണ്ട് ഗാനങ്ങളെ കോര്‍ത്തിണക്കികൊണ്ടാണ് ഒരു കൂട്ടം യുവാക്കളുടെ പരിശ്രമം.

ഇഷ്ടം സിനിമയിലെ കാണുമ്പോള്‍ പറയാമോ എന്ന് തുടങ്ങുന്ന ഗാനത്തിലെ തുമ്പിപെണ്ണിൻ മോഹാവേശം കളിയാടി നിൽക്കുമ്പോൾ എന്ന ചരണവും തന്മാത്ര സിനിമയിലെ ഇതളൂര്‍ന്ന് വീണ പനിനീര്‍ ദളങ്ങള്‍ എന്ന് തുടങ്ങുന്ന ഗാനത്തിലെ നനയുമിരുളിന്‍ കൈകളില്‍ എന്ന അനുപല്ലവിയുമാണ് പുതിയ രൂപത്തിലും ഭാവത്തിലും ഇവര്‍ ആവിഷ്കരിച്ചിട്ടുള്ളത്.

റൂട്ട്സ് ഓഫ് മെമ്മറീസ് എന്ന പേരില്‍ യൂട്യൂബില്‍ റിലീസ് ചെയ്ത കവര്‍സോംഗ് കെ ആര്‍ മുകുന്ദാണ് സംവിധാനം ചെയ്തിരിക്കുന്നത്. മുകുന്ദിനൊപ്പം വിമോയും ചേര്‍ന്നാണ് ഗാനാലാപനം. ഛായാഗ്രഹണം രാജീവ് രവിയും എഡിറ്റിംഗ് ഷഫീഖ് ഖാനും ഗ്രാഫിക്സ് പ്രമോദ് കെ ടിയുമാണ് നിര്‍വഹിച്ചിരിക്കുന്നു. കൈതപ്രം നമ്പൂതിരിയുടെ വരികള്‍ക്ക് മോഹന്‍ സിത്താര സംഗീതം പകര്‍ന്ന ഗാനങ്ങള്‍ക്കാണ് ഇവര്‍ പുതിയ ആവിഷ്കാരം നല്‍കിയിരിക്കുന്നത്.