'ആര്‍ആര്‍ആര്‍' ഒക്ടോബര്‍ 21നാണ് ജപ്പാനില്‍ റിലീസ് ചെയ്യുന്നത്.
എസ് എസ് രാജമൗലി സംവിധാനം ചെയ്‍ത 'ആര്‍ആര്‍ആറി'ന്റെ അലയൊലികള്‍ അവസാനിക്കുന്നില്ല. പല ഭാഷകളില്‍ വൻ വിജയം സ്വന്തമാക്കിയ തെലുങ്ക് ചിത്രം ഇനി ജാപ്പാനീസിലും എത്തുകയാണ്. ഒക്ടോബര്‍ 21ന് ആണ് ചിത്രം ജപ്പാനില്‍ റിലീസ് ചെയ്യുക. 'ആര്‍ആര്‍ആറിന്റെ' പ്രമോഷണിനായി എസ് എസ് രാജമൗലിയും രാം ചരണും ജൂനിയര്‍ എൻടിആറും ജപ്പാനിലെത്തുമെന്നതാണ് പുതിയ വാര്‍ത്ത.
യുഎസ് അടക്കമുള്ള രാജ്യങ്ങളില്‍ 'ആര്‍ആര്‍ആര്‍' വലിയ അഭിനന്ദനങ്ങള്‍ നേടിയിരുന്നു. ജപ്പാനീസ് മാധ്യമങ്ങളുമായി സംവദിക്കുന്നതിന്റെ ഫോട്ടോ ജൂനിയര്‍ എൻടിആര്‍ നേരത്തെ പങ്കുവെച്ചിരുന്നു.ജപ്പാനില്‍ നിന്ന് ലഭിക്കുന്ന സ്‍നേഹത്തിന് ജൂനിയര്‍ നന്ദിയും പറഞ്ഞിരുന്നു. എന്തായാലും ജാപ്പാനീസിലും റിലീസ് ചെയ്യുന്ന 'ആര്‍ആര്‍ആര്‍' അവിടെ വിജയക്കൊടി പാറിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.
ചിത്രത്തിന്റെ ഒടിടി റിലീസിന് പിന്നാലെ തന്നെ ഒട്ടേറെ പ്രമുഖര്‍ അഭിനന്ദനവുമായി രംഗത്ത് എത്തിയിരുന്നു. 'ആര്‍ആര്‍ആറി'ന് നാല് മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായിരുന്നെങ്കിലും താന്‍ ഇഷ്‍ടപ്പെടുമായിരുന്നെന്നാണ് നടനും നിര്‍മ്മാതാവും രചയിതാവുമായ ക്രിസ്റ്റഫര്‍ മില്ലര്‍ ട്വീറ്റ് ചെയ്‍തത്. ഹോളിവുഡിലെ ഹിറ്റ് ചിത്രം 'എവരിതിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സു'മായി താരതമ്യം ചെയ്‍തുകൊണ്ടാണ് മാര്‍വെലിന്‍റെയും ഡിസിയുടെയും ഇല്യുസ്ട്രേറ്ററായ ആലിസ് എക്സ് സാംഗിന്‍റെ ട്വീറ്റ്. ആയിരം കോടിയിലധികം ചിത്രം ആഗോള തലത്തില്‍ കളക്റ്റ് ചെയ്‍തിട്ടുണ്ട്.
'ബാഹുബലി 2'നു ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ വന്‍ പ്രീ-റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമാണിത്. രാം ചരണും ജൂനിയര്‍ എന്‍ടിആറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു, അജയ് ദേവ്‍ഗണ്‍, അലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്ക്ക് രാജമൗലി തന്നെയാണ് തിരക്കഥയൊരുക്കിയത്.
Read More: എസ് എസ് രാജമൗലിയുടെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തില്‍ കാര്‍ത്തിയും
