കലാമേൻമയുള്ള മികച്ച  ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡാണ് അയ്യപ്പനും കോശിക്കും ലഭിച്ചത്.

അടുത്തകാലത്ത് നിരൂപകരും പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്ത ചിത്രങ്ങളില്‍ ഒന്നായിരുന്നു അയ്യപ്പനും കോശിയും (Ayyappanum Koshiyum). സച്ചി (Sachy) എന്ന തിരക്കഥാകൃത്തും സംവിധായകനും പ്രേക്ഷക മനസില്‍ കുടിയേറുകയായിരുന്നു അയ്യപ്പനും കോശിയിലൂടെ. പക്ഷേ അയ്യപ്പനും കോശിയുമെന്ന ചിത്രം വിജയകരമായി തുടരുമ്പോള്‍ സച്ചി അകാലത്തില്‍ വിടവാങ്ങിയത് പ്രേക്ഷകരെ സങ്കടത്തിലുമാക്കി. ഇത്തവണ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ജനപ്രിയ ചിത്രമായി അയ്യപ്പനും കോശിയും തെരഞ്ഞെടുക്കപ്പെടുമ്പോള്‍ സന്തോഷം പങ്കുവയ്‍ക്കാൻ സച്ചിയില്ലാത്തതിന്റെ നിരാശയും ദു:ഖത്തിലുമാണ് ആരാധകര്‍.

കലാമേൻമയുള്ള മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡാണ് അയ്യപ്പനും കോശിക്കും ലഭിച്ചത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ നിര്‍മാതാവിന് ഒരു ലക്ഷം രൂപയും ശില്‍പയും പ്രശസ്‍തിപത്രവുമാണ് ലഭിക്കുക. സംവിധായകനും ഇതേ രീതിയിലാണ് പുരസ്‍കാരം ലഭിക്കുക. ഉയര്‍ന്ന സാമൂഹിക പദവിയുടെ ആനുകൂല്യങ്ങൾ അനുഭവിക്കുന്ന പ്രബലരും സാധാരണ മനുഷ്യരും തമ്മിലുള്ള സംഘര്‍ഷങ്ങളെ കലാമൂല്യവും ജനപ്രീതിയുടെ ഘടകങ്ങളും അതിവിദഗ്‍ധമായി സമന്വയിപ്പിച്ചുകൊണ്ട് അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയ ചിത്രം എന്നാണ് ജൂറി വിശേഷിപ്പിച്ചത്. നാഞ്ചിയമ്മയ്‍ക്ക് പ്രത്യേക പുരസ്‍കാരവും ഇത്തവണ ലഭിച്ചു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിനായിരുന്നു അവാര്‍ഡ്.

ജൂറി ഇത്തവണത്തെ മികച്ച ചിത്രമായി തെരഞ്ഞെടുത്തത് ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണാണ്. 

മികച്ച നടനായി ജയസൂര്യ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അന്ന ബെൻ മികച്ച നടിയായി.