Asianet News MalayalamAsianet News Malayalam

സൈബര്‍ ക്രൈം സ്റ്റേഷനില്‍ നിന്നുള്ള ഇന്‍സ്റ്റഗ്രാം ലൈവിനിടയിലും ലൈംഗികാധിക്ഷേപം; എന്താണ് ചെയ്യുകയെന്ന് സാധിക

സാധികയുടെ മോര്‍ഫ് ചെയ്‍ത ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് വഴി പ്രചരിപ്പിച്ച പ്രതിയെ പിടികൂടി പൊലീസ്

sadhika venugopal got abusive comments while an instagram live at cyber crime police station
Author
Thiruvananthapuram, First Published Aug 7, 2021, 1:04 PM IST
  • Facebook
  • Twitter
  • Whatsapp

തന്‍റെ മോര്‍ഫ് ചെയ്‍ത ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ ചിലര്‍ പ്രചരിപ്പിക്കുന്നതായ നടി സാധിക വേണുഗോപാലിന്‍റെ പരാതിയില്‍ നടപടിയെടുത്ത് സൈബര്‍ ക്രൈം പൊലീസ്. ഈ കേസില്‍ ആലപ്പുഴ സ്വദേശിയെ പൊലീസ് പിടികൂടി. എന്നാല്‍ കാക്കനാടുള്ള സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇക്കാര്യം ആരാധകരോട് പങ്കുവെക്കാനായി ഇന്‍സ്റ്റഗ്രാമിലൂടെ സാധിക നടത്തിയ ലൈവിനിടയിലും കമന്‍റുകളിലൂടെ താരത്തിനെതിരെ ലൈംഗികാധിക്ഷേപമുണ്ടായി. സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരോട് സാധിക അപ്പോള്‍ത്തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്‍തു.

സാധികയുടെ മോര്‍ഫ് ചെയ്‍ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്ന ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ അവരെയും അഡ്‍മിന്‍ ആക്കിവച്ചിരുന്നു. പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സാധികയുടെ ഇന്‍സ്റ്റഗ്രാം ലൈവില്‍ പ്രതിയെയും കാണാം. സുഹൃത്തുക്കള്‍ക്ക് ഫോണ്‍ നല്‍കിയപ്പോള്‍ അവര്‍ ചെയ്‍ത പ്രവര്‍ത്തി എന്നാണ് പ്രതി പറയുന്നത്. അയാൾ എന്നോട് ചെയ്തത് എനിക്ക് അയാളോടും കുടുംബത്തോടും തിരിച്ചു ചെയ്യാൻ താല്പര്യം ഇല്ലാത്തതിനാല്‍ കേസ് പിന്‍വലിക്കുകയാണെന്ന് സാധിക പറയുന്നു. ഒപ്പം ഇത്തരമൊരു ഗ്രൂപ്പ് ഉണ്ടെന്ന് കണ്ടെത്തി തന്നെ അറിയിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും നന്ദിയും അറിയിക്കുന്നു സാധിക വേണുഗോപാല്‍. 

സാധിക വേണുഗോപാലിന്‍റെ പോസ്റ്റ്

കേരളത്തിൽ സൈബർ കേസുകൾ ദിനംപ്രതി കൂടികൊണ്ടിരിക്കുന്ന സാഹചര്യത്തിലും ഞാൻ നൽകിയ പരാതിയുടെ ഗൗരവം മനസിലാക്കി ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പ്രതിയെ കണ്ടുപിടിച്ചു തന്ന കൊച്ചിൻ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ കാക്കനാടിലെ, ഗിരീഷ് സാറിനും ബേബി സാറിനും മറ്റു ഉദ്യോഗസ്ഥർക്കും എന്‍റെ നന്ദി അറിയിക്കുന്നു. ഒരു പെൺകുട്ടിയെ മോശമായി ചിത്രീകരിച്ചു സംസാരിക്കുമ്പോഴും അവളുടെ മോശം ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് ആഘോഷമാക്കുമ്പോളും അപകീർത്തിപ്പെടുത്തുമ്പോഴും സ്വന്തം വീട്ടിലുള്ള സ്ത്രീകളെപ്പറ്റി, ജന്മം തന്ന അമ്മയെ ഒന്ന് സ്‍മരിക്കുന്നത് നന്നായിരിക്കും. കേരളത്തിൽ ഒരു പെൺകുട്ടിയും ഒറ്റപ്പെടുന്നില്ല. പരാതി യഥാർത്ഥമെങ്കിൽ സഹായത്തിനു കേരള പൊലീസും സൈബർ സെല്ലും സൈബർ ക്രൈം പോലീസും ഒപ്പം ഉണ്ടാകും. 

കുറ്റം ചെയ്യുന്ന ഓരോരുത്തർക്കും ഒരുനാൾ പിടിക്കപ്പെടും എന്ന ബോധം വളരെ നല്ലതാണ്. ഇന്ന് നമ്മുടെ വീടുകളിൽ കുട്ടികൾ ഓൺലൈൻ പഠനം നടത്താൻ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്ന സാഹചര്യത്തിൽ, 18വയസ്സ് പൂർത്തിയാകാത്ത കുട്ടികളുടെ കയ്യിൽ മൊബൈൽ ഫോണുകൾ കൊടുക്കുമ്പോൾ മാതാപിതാക്കളുടെ ശ്രദ്ധ വളരെ പ്രാധാന്യം അർഹിക്കുന്നു. ആർക്കും എന്തും ചെയ്യാവുന്ന വിശാലമായ സൈബർ ലോകത്തിന്‍റെ ഇരകളായി സ്വന്തം കുട്ടികൾ മാറുന്നുണ്ടോ എന്ന് ഇടയ്ക്കിടെ നോക്കുന്നതും സൈബർ കുറ്റകൃത്യത്തിന്‍റെ ദൂഷ്യവശങ്ങൾ അവരെ പറഞ്ഞുമനസിലാക്കുന്നതും നല്ലതായിരിക്കും. ( ഈ ക്രൈം ചെയ്ത വ്യക്തി ആലപ്പുഴ സ്വദേശി ആണ്. അയാൾ എന്നോട് ചെയ്തത് എനിക്ക് അയാളോടും കുടുംബത്തോടും തിരിച്ചു ചെയ്യാൻ താല്പര്യം ഇല്ല്യ. അതുകൊണ്ട് തന്നെ ഞാൻ ഈ കേസ് പിൻവലിക്കുന്നു)

Follow Us:
Download App:
  • android
  • ios