പഹൽഗാം ഭീകരാക്രമണത്തിൽ ഇരയായവർക്ക് അനുശോചനം രേഖപ്പെടുത്തിയ സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെ നടി സായി പല്ലവിക്കെതിരെ ചിലര്‍. നടിയുടെ ഇന്ത്യൻ സൈന്യത്തെക്കുറിച്ചുള്ള പഴയ പരാമർശം ഉയർത്തിക്കാട്ടിയാണ് വിമർശനം.
ചെന്നൈ: പഹൽഗാം ഭീകരാക്രമണത്തിൽ ഇരയായവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടതിന് പിന്നാലെ നടി സായി പല്ലവിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവുമായി ഒരു വിഭാഗം രംഗത്ത്. ഇന്ത്യൻ സൈന്യത്തെക്കുറിച്ചുള്ള പഴയ പരാമര്‍ശം സൂചിപ്പിച്ചാണ് നടിയുടെ പോസ്റ്റിനെതിരെ ചിലര്‍ രംഗത്ത് എത്തിയത്. രണ്ട് ദിവസം മുന്‍പാണ് 26 പേര്‍ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് സായി പല്ലവി എക്സില്‍ പോസ്റ്റ് ചെയ്തത്.
തന്‍റെ എക്സ് പോസ്റ്റിൽ സായി പല്ലവി എഴുതിയത് ഇങ്ങനെയാണ്, "നഷ്ടം, വേദന, ഭയം എന്നിവയെല്ലാം എനിക്ക് അനുഭവപ്പെടുന്നു. ചരിത്രത്തിലെ ഭീകരമായ കുറ്റകൃത്യങ്ങളെക്കുറിച്ച് എല്ലാം കേട്ടിട്ടുണ്ട്, ഇപ്പോഴും അത്തരം മനുഷ്യത്വരഹിതമായ പ്രവൃത്തികൾക്ക് സാക്ഷിയാകുമ്പോള്‍ ഒന്നും മാറിയിട്ടില്ലെന്നാണ് തോന്നുന്നത്. ഒരു കൂട്ടം മൃഗങ്ങള്‍ പ്രതീക്ഷകളെയാണ് തല്ലിക്കെടുത്തിയത്".
"നിസ്സഹായയും ശക്തിയില്ലാത്തവനുമായ ഞാൻ, നഷ്ടപ്പെട്ട നിരപരാധികളായ ജീവനുകൾക്കും അവരുടെ വേദനിക്കുന്ന കുടുംബങ്ങൾക്കും എന്റെ ഹൃദയംഗമമായ അനുശോചനവും പ്രാർത്ഥനയും അർപ്പിക്കുന്നു" എന്നും സായി തന്‍റെ പോസ്റ്റില്‍ പറയുന്നു.
ഈ പോസ്റ്റിന് അടിയിലാണ് സായി പല്ലവിയുടെ ഇന്ത്യന്‍ ആര്‍മിയെ സംബന്ധിച്ച പഴയ കമന്‍റ് പലരും പോസ്റ്റ് ചെയ്യുന്നത്. പഴയ വീഡിയോയില്‍ സായി പറഞ്ഞത് ഇതാണ്. "പാകിസ്ഥാനിലെ ആളുകൾ നമ്മുടെ സൈന്യത്തെ ഒരു ഭീകര സംഘടനയാണെന്ന് കരുതുന്നു. പക്ഷേ, ഞങ്ങൾക്ക് അത് അവരാണ്. അതിനാൽ, കാഴ്ചപ്പാട് മാറുന്നു. എനിക്ക് അക്രമം മനസ്സിലാകുന്നില്ല.".
നേരത്തെ അമരന്‍ എന്ന ചിത്രം ഇറങ്ങിയ സമയത്തും ഈ പഴയ വീഡിയോ വൈറലായിരുന്നു. അന്ന് ഇന്ത്യന്‍ സൈനികന്‍റെ ഭാര്യയുടെ റോളില്‍ സായി എത്തിയതിനെയാണ് ചിലര്‍ വിമര്‍ശിച്ചത്. അന്നും വലിയ ചര്‍ച്ചയായിരുന്നു ഈ വീഡിയോ. എന്നാല്‍ പഴയ വീഡിയോയില്‍ എന്തെങ്കിലും വിശദീകരണം ഇതുവരെ സായി പല്ലവി നല്‍കിയിട്ടില്ല.
അമരന്‍ ആണ് അവസാനമായി സായി പല്ലവി തമിഴില്‍ അഭിനയിച്ച ചിത്രം. കഴിഞ്ഞ വര്‍ഷത്തെ തമിഴിലെ വന്‍ ഹിറ്റായിരുന്നു ചിത്രം. ഇതിന് പിന്നാലെ ഈ വര്‍ഷം തെലുങ്കില്‍ തണ്ടേല്‍ എന്ന ചിത്രത്തില്‍ നാഗ ചൈതന്യയ്ക്ക് ഒപ്പം സായി നായികയായി എത്തി. ചിത്രം 100 കോടി ബോക്സോഫീസില്‍ നേടിയെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടത്. സായി പല്ലവിയുടെ ചിത്രത്തിലെ റോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഹിന്ദിയില്‍ രണ്‍ബീര്‍ സിംഗിനൊപ്പം രാമായണം എന്ന സിനിമയിലും സായി പല്ലവി അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ സീത ദേവിയായി താരം എത്തുന്നു എന്നാണ് വിവരം. ഈ ചിത്രത്തിന്‍റെ ചിത്രീകരണം പുരോഗമിക്കുന്നുണ്ട്. അടുത്തവര്‍ഷം ദീപാവലിക്കാണ് ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
'അന്ന് അഭിനയം പുകഴ്ത്തി, ഇനി നായിക': അല്ലു അറ്റ്ലി ബ്രഹ്മാണ്ഡ പടത്തില്‍ നായികയായി?
'തുടരും' ചില സമയങ്ങളിൽ പ്രതികാരമാണ് ഒരേയൊരു പോംവഴി: ഋഷിരാജ് സിംഗിന്‍റെ നിരൂപണം
