Asianet News MalayalamAsianet News Malayalam

രണ്ട് കോടിയുടെ പരസ്യത്തിൽ അഭിനയിക്കാനില്ല; കാരണം വെളിപ്പെടുത്തി സായ് പല്ലവി

ഒരിക്കൽ താൻ നേരിട്ട അരക്ഷിതാവസ്ഥകളും അപകർഷതാബോധവുമാണ് പരസ്യത്തിൽനിന്ന് പിൻമാറാനുള്ള കാരണമെന്ന് സായ് പല്ലവി പറഞ്ഞു. ബിഹൈൻവുഡ്സ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

Sai Pallavi opens up on rejecting fairness cream advertisement
Author
Chennai, First Published May 28, 2019, 10:36 PM IST

ചെന്നൈ: രണ്ട് കോടിയുടെ ഫെയർനെസ് ക്രീമിന്റെ പരസ്യത്തിൽ നിന്ന് തെന്നിന്ത്യൻ താരസുന്ദരി സായ് പല്ലവി പിൻമാറിയത് വലിയ വാർത്തയായിരുന്നു. മേക്കപ്പിടാൻ കഴിയാത്തതിനാലാണ് പരസ്യത്തിൽ നിന്ന് താരം പിൻമാറിയതെന്നായിരുന്നു വാർത്ത. എന്നാൽ പരസ്യത്തിൽ നിന്ന് പിൻമാറിയതിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തി രം​ഗത്തെത്തിയിരിക്കുകയാണ് സായ് പല്ലവി. 

ഒരിക്കൽ താൻ നേരിട്ട അരക്ഷിതാവസ്ഥകളും അപകർഷതാബോധവുമാണ് പരസ്യത്തിൽനിന്ന് പിൻമാറാനുള്ള കാരണമെന്ന് സായ് പല്ലവി  പറഞ്ഞു. ബിഹൈൻവുഡ്സ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ‘എന്നോട് അടുത്തുനിൽക്കുന്ന ആളുകൾ എന്റെ മാതാപിതാക്കളും സഹോദരി പൂജയും സുഹൃത്തുക്കളും മാത്രമാണ്. പൂജ ചീസും ബർ​ഗറൊക്കെ നന്നായി കഴിക്കും. പല്ലവി തന്നെക്കാളും നിറമുണ്ടെന്ന അപകര്‍ഷതാബോധം പൂജയ്ക്ക് എപ്പോഴുമുണ്ടായിരുന്നു.

കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോഴൊക്കെ പൂജ തന്നെയും അവളെയും മാറിമാറി നോക്കുന്നത് ഞാൻ കുറെ തവണ ശ്രദ്ധിച്ചിട്ടുണ്ട്. പിന്നീട് ഒരു ദിവസം ഞാൻ പൂജയോട് പറഞ്ഞു; പൂജു നിനക്ക് നിറം വേണമങ്കിൽ നീ പഴവും പച്ചക്കറിയും കഴിക്കണമെന്ന്. ഞാൻ പറഞ്ഞത് പോലെ ഇഷ്ടമല്ലാഞ്ഞിട്ട് പോലും അവൾ പഴവും പച്ചക്കറിയുമൊക്കെ കഴിച്ചു. കാരണം അവൾക്ക് നിറം കൂടണമെന്ന ആഗ്രഹമുണ്ടായിരുന്നു. അന്ന് ഞാൻ ചെയ്തതിനെക്കുറിച്ചോർത്ത് വല്ലാത്ത ബുദ്ധിമുട്ട് തോന്നി. തന്നെക്കാൾ അഞ്ച് വയസ്സ് മാത്രം പ്രായം കുറവുള്ള ഒരു പെൺകുട്ടിയിൽ താൻ പറഞ്ഞ കാര്യം എത്ര സ്വാധീനം ചെലുത്തിയെന്നത് ചിന്തിച്ചു, സായ് പല്ലവി പറഞ്ഞു. 

അത്തരം പരസ്യത്തിൽ അഭിനയിച്ച് കിട്ടുന്ന തുകതൊണ്ട് താൻ എന്താണ് ചെയ്യുക? വീട്ടിലേക്ക് പോകും മൂന്ന് ചപ്പാത്തിയോ ചോറോ കഴിക്കും. അല്ലെങ്കിൽ കാറിൽ കറങ്ങി നടക്കും. അതിനെക്കാളും വലിയ ആവശ്യങ്ങളൊന്നും തനിക്കില്ല. തനിക്ക് ചുറ്റുമുള്ള ആളുകളുടെ സന്തോഷത്തിനായി എന്തെങ്കിലും ചെയ്യാനാകുമോ എന്നാണ് നോക്കുന്നത്. അല്ലെങ്കിൽ എനിക്ക് പറയാനാകും നമുക്കുള്ള അത്തരം നിർണ്ണയങ്ങളൊക്കെ തെറ്റാണ്. ഇത് ഇന്ത്യൻ നിറമാണ്. വിദേശികളുടെ അടുത്ത് പോയി നിങ്ങളെന്താണ് വെളുത്തിരിക്കുന്നത്, നിങ്ങൾക്ക് കാൻസർ വരും അറിയുമോ എന്ന് ചോദിക്കാൻ കഴിയില്ല. കാരണം അതവരുടെ നിറമാണ്. ആഫ്രിക്കയിലെ ആളുകൾക്ക് ഇരുണ്ട നിറമാണ്. അവർ ഈ ലോകത്തിലെ ഏറ്റവും ഭംഗിയുള്ള ആളുകളാണ്.

പ്രേമം എന്ന സിനിമയിൽ അഭിനയിച്ചില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ മുഖക്കുരു മാറാനായി ഞാനും 100 ക്രീമുകൾ പരീക്ഷിച്ചേനെ. ഇതുവരെ ഞാൻ പുരികം പോലും ത്രെഡ് ചെയ്തിട്ടില്ല. സംവിധായകൻ അൽഫോൺസിനോട് ഞാൻ ചോദിച്ചിരുന്നു, മുടി പോലും വെട്ടാതെ ഒന്നും ചെയ്യാതെ എങ്ങനെ നായിക കഥാപാത്രത്തെ അവതരിപ്പിക്കും. ആളുകൾ തിയറ്ററിൽ നിന്നിറങ്ങിപ്പോകില്ലേ?. അമ്മയുടെ കെെ മുറുകെ പിടിച്ചായിരുന്നു സിനിമ കാണാൻ തിയേറ്ററിൽ പോയിരുന്നത്.

ആണുങ്ങളെപ്പോലെ തോന്നിക്കുന്ന എന്റെ ശബ്ദത്തിക്കുറിച്ച് ആലോചിച്ചും ഞാൻ അസ്വസ്ഥയായിരുന്നു. ഇപ്പോൾ പോലും എന്റെ ഫോണിലേക്ക് വിളിച്ച് 'സർ, മാഡത്തിന് ഫോൺ കൊടുക്കുമോ' എന്ന് പലരും ചോദിക്കാറുണ്ട്. അതുകൊണ്ട് ഇപ്പോൾ സ്ത്രീകളുടെ ശബ്ദം അനുകരിച്ച് ഞാൻ 'ഹലോ' എന്ന് പറയും. ഇത്തരത്തിലുള്ള പല അരക്ഷിതാവസ്ഥകളും തനിക്കുണ്ടായിട്ടുണ്ട്. കാര്യങ്ങൾ കുറച്ചെങ്കിലും മാറ്റി മറിക്കാനുള്ള കരുത്തുള്ളപ്പോൾ, അതെനിക്ക് ശരിയായ രീതിയിൽ ഉപയോഗിക്കണമെന്നുണ്ട്, സായ് പല്ലവി കൂട്ടിച്ചേർത്തു. 
  
നിവിൻ പോളി നായകനായെത്തിയ പ്രേമം എന്ന ചിത്രത്തിലൂടെയാണ് സായ് പല്ലവി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ദുൽഖർ സൽമാൻ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച കലിയാണ് രണ്ടാമത്തെ  ചിത്രം. ഫഹദ് ഫാസിൽ നായകനായ അതിരനാണ് താരത്തിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ മലയാള ചിത്രം. സൂര്യ, എന്‍ജികെ, റാണ ദഗ്ഗുപതി എന്നിവർ ഒരുമ്മിച്ചെത്തുന്ന വിരാടപര്‍വയാണ് സായ് പല്ലവിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. 

Follow Us:
Download App:
  • android
  • ios