നിതീഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം 'രാമായണ'ത്തിൽ രൺബീർ കപൂർ രാമനായും സായ് പല്ലവി സീതയായും യഷ് രാവണനായും എത്തുന്നു. സീതയുടെ ദൈവികമായ വേഷം ലഭിച്ചത് തിരഞ്ഞെടുപ്പല്ല, അനുഗ്രഹമാണെന്ന് സായ് പല്ലവി പറഞ്ഞു. Sai Pallavi about Ramayana movie
ഇന്ത്യൻ സിനിമയിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമെന്ന വിശേഷണത്തോടെയാണ് നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ എത്തുന്നത്. രാമനായി രൺബീർ കബീറും, സീതയായി സായ് പല്ലവിയുമാണ് ചിത്രത്തിലെത്തുന്നത്. കന്നഡ സൂപ്പർതാരം യഷ് ആണ് ചിത്രത്ത ഇത് രാവണനായി എത്തുന്നത്. നമിത് മൽഹോത്ര നിർമ്മിക്കുന്ന ചിത്രത്തിൽ എ.ആർ റഹ്മാനൊപ്പം വിഖ്യാത സംഗീത സംവിധായകൻ ഹാൻസ് സിമ്മർ ആണ് പശ്ചാത്തല സംഗീതവും സംഗീതവും ഒരുക്കുന്നത് എന്നത് ഇന്ത്യൻ സിനിമയെ സംബന്ധിച്ച് ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ പ്രേക്ഷകർ എല്ലാം തന്നെ ചിത്രത്തിന് വേണ്ടി ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഈ വർഷം ദീപാവലിക്ക് ചിത്രത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
ഇപ്പോഴിതാ ചിത്രത്തിൽ സീതയായി അഭിനയിക്കാനുള്ള അവസരം ലഭിച്ചതിനെ കുറിച്ചും കഥാപാത്രത്തിനായി നടത്തിയ തയ്യാറെടുപ്പുകൾ എന്തൊക്കെയാണെന്നെയും തുറന്നുപറഞ്ഞിരിക്കുകയാണ് സായ് പല്ലവി. സീതാദേവിയെ അവതരിപ്പിക്കാൻ താൻ തിരഞ്ഞെടുക്കപ്പെടുകയായിരുന്നില്ലെന്നും അനുഗ്രഹിക്കപ്പെടുകയായിരുന്നെന്നും സായ് പല്ലവി പറയുന്നു.
"അഭിനേതാക്കൾക്ക് ഇത്തരം വേഷം സാധാരണയായി കിട്ടാറില്ല. ദൈവികമായ വേഷം ചെയ്യുന്നത് എളുപ്പമല്ല. ഹൃദയവും ആത്മാവും നൽകി തങ്ങളുടെ ഏറ്റവും മികച്ചത് നൽകാൻ സന്നദ്ധമായ ഒരു ടീം ഒപ്പമുണ്ടാവണം, സീതാ ദേവിയെ അവതരിപ്പിക്കാൻ ഞാൻ തിരഞ്ഞെടുക്കപ്പെടുകയായിരുന്നില്ല, അനുഗ്രഹിക്കപ്പെടുകയായിരുന്നു. പിന്നാലെ പോയി നേടിയെടുക്കാൻ കഴിയുന്നതോ, ഞാൻ ഇങ്ങനെയാണ് അഭിനയിക്കുക എന്ന് പറഞ്ഞ് ലഘൂകരിക്കാൻ കഴിയുന്നതോ അല്ല ആ വേഷം." സായ് പല്ലവി പറയുന്നു.
"ധ്യാനത്തിലിരുന്ന്, സീതാദേവീ എന്നിലൂടെ അഭിനയിക്കൂ എന്ന് ഞാൻ പ്രാർഥിക്കാറുണ്ടായിരുന്നു. തന്നിലൂടെ വരുന്നതാണ് സിനിമയ്ക്കായി ദേവി ആഗ്രഹിക്കുന്നത് എന്നാണ് വിശ്വസിച്ചത്. ചിത്രീകരണത്തിലുടനീളം മനസ്സ് ശാന്തമായും ചിന്തകൾ വിശുദ്ധമായും സൂക്ഷിക്കാൻ ശ്രമിച്ചിരുന്നു. ഇത്തരമൊരു പവിത്രമായ കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിക്കുന്നതിന് ഇത് അത്യാവശ്യമായിരുന്നു." സായ് പല്ലവി കൂട്ടിച്ചേർത്തു.
ഡൽഹിയിൽ നടന്ന പ്രഥം സങ്കല്പ പരിപാടിയിലായിരുന്നു സായ് പല്ലവിയുടെ പ്രതികരണം. ശ്രീധർ രാഘവനും നിതീഷ് തിവാരിയും ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ രചിച്ചിരിക്കുന്നത്. ആദ്യഭാഗം ഈ വർഷത്തെ ദീപാവലിക്കും രണ്ടാം ഭാഗം അടുത്ത വര്ഷവുമായിരിക്കും പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ടുകൾ. 875 കോടിയാണ് ആദ്യ ഭാഗത്തിന്റെ ബഡ്ജറ്റ് കണക്കാക്കിയിരിക്കുന്നത്.



