പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ ദില്ലിയില്‍ നടന്ന വിദ്യാര്‍ഥി സമരത്തിന് നേരെയുണ്ടായ പൊലീസ് നടപടിയെ വിമര്‍ശിച്ച് നടന്‍ ടൊവിനോ തോമസ്
പരീക്ഷാ ക്രമക്കേടുകളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചും വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ടും കോക്രോച്ച് ജനത പാര്‍ട്ടി ദില്ലിയില്‍ നടത്തുന്ന സമരത്തിന് എതിരായ പൊലീസ് നടപടിയില്‍ വിമര്‍ശനവുമായി നടന്‍ ടൊവിനോ തോമസ്. സമാധാനപരമായി നടക്കുന്ന ഒരു വിദ്യാര്‍ഥി സമരത്തെ ഇങ്ങനെയാണോ നേരിടേണ്ടതെന്ന് ടൊവിനോ ചോദിക്കുന്നു. ഭാവിതലമുറ സംസാരിക്കുമ്പോള്‍ അതിലെ അടിച്ചമര്‍ത്തുന്നപക്ഷം ഭാവി തന്നെയാണ് ചവിട്ടി താഴ്ത്തപ്പെടുന്നതെന്ന് ടൊവിനോ കുറിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ടൊവിനോയുടെ പ്രതികരണം.
ടൊവിനോയുടെ കുറിപ്പ് ഇങ്ങനെ- “ശരിയും തെറ്റും ആപേക്ഷികമായിരിക്കാം. പക്ഷേ സമാധാനപരമായ ഒരു സമരത്തെ നേരിടേണ്ട രീതി എന്തായാലും ഇതല്ല. ഒരു രാജ്യത്തിന്‍റെ ഭാവിതലമുറ സംസാരിക്കുമ്പോള്‍ അതിനെ അടിച്ചമര്‍ത്തുന്നപക്ഷം ഭാവി തന്നെയാണ് ചവിട്ടി താഴ്ത്തപ്പെടുന്നത്. ഈ വിദ്യാര്‍ഥികള്‍ എന്ത് തെറ്റാണ് ചെയ്തത്? അവര്‍ എന്തെങ്കിലും വസ്തുവകകള്‍ നശിപ്പിച്ചോ? അവര്‍ അക്രമത്തിലേക്ക് തിരിഞ്ഞോ? ഈ തരത്തിലുള്ള പരിചരണത്തിന് അവരെ അര്‍ഹരാക്കിയത് ശരിക്കും എന്താണ്? നമ്മുടെ രാജ്യത്തിന്‍റെ ഏത് ഭാഗത്തും ഒരു കാര്യത്തിന് വേണ്ടി സമാധാനപൂര്‍വ്വം പ്രതിഷേധിക്കുന്ന ഓരോ വ്യക്തിക്കും ഞാന്‍ ഹൃദയപൂര്‍വ്വം ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. വിയോജിപ്പിനുള്ള അവകാശം എന്നത് ജനാധിപത്യത്തിന് ഒരു ഭീഷണിയല്ല. മറിച്ച് ജനാധിപത്യത്തിന്‍റെ അടിത്തറ തന്നെ ഇതാണ്. ഇനി എന്‍റെ ദേശീയബോധത്തെ ചോദ്യം ചെയ്യാന്‍ വരുന്നവരോട്, നിങ്ങളേക്കാള്‍ നന്നായി എനിക്ക് എന്നെ അറിയാം. മനുഷ്യത്വമാണ് എന്‍റെ രാഷ്ട്രീയം. സമാധാനത്തിലാണ് എന്‍റെ വിശ്വാസം. ജയ് ഹിന്ദ്”, ടൊവിനോ തോമസിന്‍റെ വാക്കുകള്‍.
ബിഗ് ബോസ് മുന്‍ താരങ്ങളായ രഞ്ജിനി ഹരിദാസ്, ദിയ സന എന്നിവര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദില്ലിയില്‍ എത്തിയിരുന്നു. വിദ്യാഭ്യാസം മനുഷ്യനെ സംബന്ധിച്ച് പ്രധാന വിഷയമാണെന്നും അതിലെ പ്രശ്നങ്ങൾ ഉയർത്തിയുള്ള സമരമായതിനാലാണ് സിജെപിയുടെ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നതെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞിരുന്നു. ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്കിനെ സമര വേദിയിൽ നിന്ന് കൊണ്ടുപോയത് കണ്ട് സഹിച്ചില്ല. രാജ്യത്തിന് വേണ്ടി നല്ലൊരു കാര്യം ചെയ്യുന്നയാളെ ഏറെ അനാദരവോടെയാണ് കൊണ്ടുപോയത്. യൂണിഫോം പോലും ഇടാത്ത ആളുകൾ വെള്ളത്തുണിയിൽ മൃതദേഹം കൊണ്ടു പോകും പോലയാണ് എടുത്തു കൊണ്ടുപോയതെന്നും രഞ്ജിനി പറഞ്ഞിരുന്നു.



