സെയ്‍ഫ് അലി ഖാനും ചിത്രത്തില്‍ ഭാഗമായത് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. 

'ആര്‍ആര്‍ആര്‍' എന്ന ചിത്രത്തിലൂടെ രാജ്യമൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ നടനാണ് ജൂനിയര്‍ എൻടിആര്‍. കൊരടാല ശിവയും ജൂനിയര്‍ എൻടിആറും ഒന്നിക്കുമ്പോള്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല ആരാധകര്‍. 'എൻടിആര്‍ 30' എന്ന് വിളിപ്പേരുള്ള ചിത്രത്തില്‍ ജാൻവി കപൂറായിരിക്കും നായിക എന്നും പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ 'എൻടിആര്‍ 30' എന്ന ചിത്രത്തില്‍ സെയ്‍ഫ് അലി ഖാനും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.

ജൂനിയര്‍ എൻടിആറും ജാൻവി കപൂറും അടക്കമുള്ളവര്‍ പങ്കെടുത്ത പൂജാ ചടങ്ങോടെ ചിത്രീകരണത്തിന് നേരത്തെ തുടക്കമായിരുന്നു. റെക്കോര്‍ഡ് പ്രതിഫലമായിരിക്കും ജാൻവി കപൂര്‍ ചിത്രത്തിനായി വാങ്ങിക്കുക എന്നാണ് റിപ്പോര്‍ട്ട്. എന്തായിരിക്കും ജൂനിയര്‍ എൻടിആറിന്റെയും ജാൻവിയുടെയും കഥാപാത്രങ്ങള്‍ എന്നതടക്കമുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ജൂനിയര്‍ എൻടിആറും ജാൻവി കപൂറും ഒന്നിച്ചുള്ള ഫോട്ടോകള്‍ ഓണ്‍ലൈനില്‍ ഹിറ്റായി മാറിയിരുന്നു.

'എൻടിആര്‍ 30'2024 ഏപ്രില്‍ അഞ്ചിനാണ് റിലീസ് ചെയ്യുക. അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. രത്‍നവേലു ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സാബു സിറിലാണ് പ്രൊഡക്ഷൻ ഡിസൈൻ.

കരുത്തുറ്റ കഥകളാല്‍ വെള്ളിത്തിരയില്‍ വിസ്‍മയം തീര്‍ക്കുന്ന തമിഴ് സംവിധായകൻ വെട്രിമാരനുമായി ജൂനിയര്‍ എൻടിആര്‍ കൈകോര്‍ക്കുന്നുവെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജൂനിയര്‍ എൻടിആര്‍ സമ്മതം മൂളി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ജൂനിയര്‍ എൻടിആര്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. എന്തായാലും കൊരടാല ശിവ, പ്രശാന്ത് നീല്‍ എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പം വെട്രിമാരന്റെ സംവിധാനത്തിലും ഒരു പാൻ ഇന്ത്യൻ സിനിമയില്‍ ജൂനിയര്‍ എൻടിആര്‍ അഭിനയിച്ചേക്കുമെന്ന വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. ജൂനിയര്‍ എൻടിആറും പ്രശാന്ത് നീലും ഒന്നിക്കുന്നുവെന്ന പ്രഖ്യാപനവും വൻ വാര്‍ത്തയായി. ഒരു പാൻ ഇന്ത്യൻ ചിത്രമാണ് ജൂനിയര്‍ എൻടിആറിനെ നായകനാക്കി പ്രശാന്ത് നീല്‍ ഒരുക്കുക. ചിത്രത്തിന്റെ പ്രമേയം എന്തായിരിക്കും എന്ന് പുറത്തുവിട്ടിട്ടില്ല. മൈത്രി മൂവി മേക്കേഴ്‍സും എൻടിആര്‍ ആര്‍ട്‍സും ചേര്‍ന്നാണ് ചിത്രം.

Read More: 'പൊന്നിയിൻ സെല്‍വനോ'ട് ഏറ്റുമുട്ടാൻ 'യാതിസൈ', ദൃശ്യങ്ങള്‍ പുറത്ത്