Asianet News Malayalam

'249 രൂപ മിതമായ നിരക്ക്'; 'രാധെ' വ്യാജ കോപ്പി കാണുന്നത് എന്തിനെന്ന് സല്‍മാന്‍ ഖാന്‍

സീ 5ന്‍റെ പേ പെര്‍ വ്യൂ മാതൃകയായ സീ പ്ലെക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. 249 രൂപയാണ് ടിക്കറ്റ് ഒന്നിന് സീ 5 ഈടാക്കിയത്

salman khan against radhe piracy
Author
Thiruvananthapuram, First Published May 16, 2021, 1:42 PM IST
  • Facebook
  • Twitter
  • Whatsapp

ഒന്നര വര്‍ഷത്തിനു ശേഷമാണ് ഒരു സല്‍മാന്‍ ഖാന്‍ ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രഭുദേവയുടെ സംവിധാനത്തില്‍ ഈദ് റിലീസ് ആയെത്തിയ ആക്ഷന്‍ ചിത്രം 'രാധെ'. കൊവിഡ് പശ്ചാത്തലത്തില്‍ ഹൈബ്രിഡ് റിലീസ് (തിയറ്ററുകളിലും ഒടിടിയിലും ഒരേ ദിവസം റിലീസ് ചെയ്യുന്ന രീതി) ആയിരുന്നു ചിത്രം. ന്യൂസിഡന്‍ഡ്, ഓസ്ട്രേലിയ അടക്കം പല വിദേശ മാര്‍ക്കറ്റുകളിലും തിയറ്റര്‍ റിലീസ് ആയിരുന്ന ചിത്രം ഇന്ത്യയില്‍ ഡയറക്റ്റ് ഒടിടി റിലീസ് ആയാണ് എത്തിയത്. സീ 5ന്‍റെ പേ പെര്‍ വ്യൂ മാതൃകയായ സീ പ്ലെക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. 249 രൂപയാണ് ടിക്കറ്റ് ഒന്നിന് സീ 5 ഈടാക്കിയത്. റിലീസ് ദിനത്തില്‍ തന്നെ 42 ലക്ഷത്തിലധികം കാഴ്ചകള്‍ ചിത്രത്തിന് ലഭിച്ചതായാണ് സീ സ്റ്റുഡിയോസ് പുറത്തുവിട്ട വിവരം. ഇതുവഴി 100 കോടിയിലേറെ വരുമാനം നേടിയതായി അനൗദ്യോഗിക വിവരവുമുണ്ട്. അതേസമയം റിലീസിനു പിന്നാലെ ചിത്രത്തിന്‍റെ വ്യാജ പതിപ്പുകള്‍ പ്രചരിക്കുന്നതില്‍ അസംതൃപ്‍തി വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സല്‍മാന്‍ ഖാന്‍.

249 രൂപ ഒരു മിതമായ നിരക്ക് ആയിരുന്നിട്ടും പൈറേറ്റഡ് സൈറ്റുകള്‍ ചിത്രം സ്ട്രീം ചെയ്യുകയാണെന്ന് സല്‍മാന്‍ പരാതിപ്പെടുന്നു. ഇത് ഗൗരവതരമായ കുറ്റമാണെന്നും നടപടി ഉണ്ടാവുമെന്നും താരം പറയുന്നു. "ഒരു കാഴ്ചയ്ക്ക് 249 രൂപ എന്ന മിതമായ നിരക്കിലാണ് ഞങ്ങളുടെ സിനിമ രാധെ ഞങ്ങള്‍ നിങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്. എന്നിരിക്കിലും പൈറേറ്റഡ് സൈറ്റുകള്‍ ചിത്രം നിയമവിരുദ്ധമായി പ്രദര്‍ശിപ്പിക്കുകയാണ്. ഇത് ഗൗരവതരമായ കുറ്റമാണ്. ഈ പൈറേറ്റഡ് സൈറ്റുകള്‍ക്കെതിരെ സൈബര്‍ സെല്‍ നടപടി എടുക്കുകയാണ്. ദയവായി പൈറസിയില്‍ ഒപ്പം ചേരാതിരിക്കുക. അല്ലാത്തപക്ഷം നിങ്ങള്‍ക്കെതിരെയും നടപടി ഉണ്ടാവും. സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട നടപടികളുടെ നൂലാമാലകളിലേക്ക് നിങ്ങള്‍ എത്തിച്ചേരുമെന്ന് ദയവായി മനസിലാക്കുക", എന്നാണ് ട്വിറ്ററില്‍ സല്‍മാന്‍ പങ്കുവച്ച കുറിപ്പ്.

എന്നാല്‍ ഇതിനോട് പരിഹാസരൂപേണയാണ് പ്രേക്ഷകരില്‍ പലരുടെയും പ്രതികരണം. രാധെ എന്ന ചിത്രം നിര്‍മ്മിച്ചതുതന്നെ ഒരു 'കുറ്റകൃത്യ'മാണെന്നാണ് ചിലരുടെ പ്രതികരണം. സുശാന്ത് സിംഗ് രാജ്‍പുതിന്‍റെ മരണത്തിനു പിന്നാലെ മുഖ്യധാരാ ബോളിവുഡിനെതിരെ ഉയര്‍ന്ന ക്യാംപെയ്‍നിന്‍റെ ഭാഗമായുള്ള ചില ഹാഷ്‍ടാഗുകളും ചിലര്‍ ഈ പോസ്റ്റിനു താഴെ കുറിച്ചിട്ടുണ്ട്. #BoycottBollywood, Rs 249 എന്നീ ഹാഷ് ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിട്ടുമുണ്ട്. രാധെ കാണുന്നതിനു പകരം തങ്ങള്‍ ആ പണം കൊവിഡ് വാക്സിന് പണം നല്‍കാനില്ലാത്തവര്‍ക്ക് നല്‍കുമെന്ന തരത്തിലുള്ള കമന്‍റുകളും ഈ ഹാഷ് ടാഗുകളില്‍ പ്രചരിക്കുന്നുണ്ട്. സമീപകാല സല്‍മാന്‍ ചിത്രങ്ങളില്‍ ഏറ്റവുമധികം നെഗറ്റീവ് അഭിപ്രായം നേടിയ ചിത്രമാണ് രാധെ. 

കൊറിയന്‍ ചിത്രം 'ദി ഔട്ട്ലോസി'ന്‍റെ ഒഫിഷ്യല്‍ റീമേക്ക് ആണ് 'രാധെ ദി മോസ്റ്റ് വാണ്ടഡ് ഭായ്'. ദിഷ പടാനി നായികയാവുന്ന ചിത്രത്തില്‍ പ്രതിനായക കഥാപാത്രമായെത്തുന്നത് രണ്‍ദീപ് ഹൂദയാണ്. ജാക്കി ഷ്രോഫ് മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു. 

Follow Us:
Download App:
  • android
  • ios