മുംബൈ: ലോക്ക് ഡൌണിനേതുടര്‍ന്ന് കഷ്ടത്തിലായ സിനിമാ മേഖലയിലെ 25000 ദിവസ വേതനക്കാര്‍ക്ക് സാമ്പത്തിക സഹായവുമായി ചലചിത്രതാരം സല്‍മാന്‍ ഖാന്‍. 25000 ദിവസ വേതന തൊഴിലാളികള്‍ക്ക് ബാങ്ക് അക്കൌണ്ടില്‍ പണം നല്‍കാനാണ് തീരുമാനം. ബീയിങ് ഹ്യൂമന്‍ എന്ന തന്‍റെ ഫൌണ്ടേഷനിലൂടെയാണ് സാമ്പത്തിക സഹായം നല്‍കുന്നത്. പണം ഇവരില്‍ നേരിട്ട് എത്തുന്നതിനാണ് ബാങ്ക് അക്കൌണ്ടിലൂടെ നല്‍കുന്നതെന്നും സല്‍മാന്‍ ഖാന്‍ വ്യക്തമാക്കി. 

നേരത്തെ ഭോജ്പൂരി നടനായ രവി കൃഷ്ണന്‍ ഭോജ്പുരി സിനിമാ മേഖലയിലെ ടെക്നിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. ബോളിവുഡ് താരമായ അക്ഷയ് കുമാര്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. സഹായം നല്‍കാന്‍ താന്‍ ആരുമല്ല. ഇത് ഭാരതമാതയ്ക്ക് തന്‍റെ അമ്മ നല്‍കുന്ന സംഭാവനയാണെന്നായിരുന്നു അക്ഷയ് കുമാറിന്‍റെ പ്രതികരണം. 

കരണ്‍ ജോഹര്‍, തപ്സ് പന്നു, ആയുഷ്മാന്‍ ഖുറാന, കിയാര അദ്വാനി, രാകുല്‍ പ്രീത് സിംഗ്, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, നിതേഷ് തിവാരി എന്നീ താരങ്ങള്‍ ചലചിത്ര മേഖലയിലെ ദിവസ വേതന തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു.