സല്‍മാൻ ഫാരിസിന്റെയും മേഘയുടെയും പുതിയ വീഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നു.

മിഴിരണ്ടിലും എന്ന ടെലിവിഷൻ പരമ്പരയിലെ നായികാ നായകന്മാരായി പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരങ്ങളാണ് സല്‍മാൻ ഫാരിസും മേഘ മഹേഷും. തങ്ങളുടെ രജിസ്റ്റർ വിവാഹം കഴിഞ്ഞ വിവരം സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ഇരുവരും അറിയിച്ചത്. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചായിരുന്നു വിവാഹം. എന്നാൽ മേഘയുടെ അച്ഛൻ പ്രതീക്ഷിക്കാതെ രജിസ്ട്രാർ ഓഫീസിൽ എത്തിയ കാര്യവും ഇവർ മുൻപ് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. 

വിവാഹത്തിനു ശേഷം സൽമാന്റെ വീട്ടിൽ ആദ്യമായി പോയ വിശേഷം ഇരുവരും വ്ളോഗിലൂടെ അറിയിച്ചിരുന്നു. വിവാഹശേഷം മേഘയുടെ വീട്ടില്‍ ആദ്യമായി പോയ സന്തോഷമാണ് സല്‍മാൻ ഫാരിസിന്റെയും മേഘ മഹേഷിന്റെയും പുതിയ വീഡിയോയിലെ വിശേഷം. ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ചാണ് ഇരുവരും മേഘയുടെ വീട്ടിലേക്ക് പോയത്. ''ഫോണിലൊക്കെ സംസാരിച്ച് തുടങ്ങിയിരുന്നു. വീട്ടിലേക്ക് പോകാൻ ഒരു സാഹചര്യം കിട്ടിയിരുന്നില്ല. അച്ഛന്‍ മൈസൂരിലാണ് ജോലി ചെയ്യുന്നത്. അച്ഛനും കൂടെ വീട്ടിലുള്ള സമയത്ത് പോകാമെന്നാണ് കരുതിയത്. എന്നാൽ അച്ഛന്‍ തിരുവനന്തപുരത്തേക്ക് വരുന്നതിനായി ഇനിയും കാത്തിരിക്കാന്‍ വയ്യ. അച്ഛനുള്ളപ്പോള്‍ പിന്നീടൊരു അവസരത്തില്‍ പോകാം'', എന്നും മേഘ വീഡിയോയിൽ പറയുന്നുണ്ട്.

മേഘയുടെ അമ്മയ്ക്ക് സമ്മാനമായി ശിവ ഭഗവാന്റെ ഒരു ഫ്രെയിം ചെയ്ത ചിത്രവും സല്‍മാൻകൊണ്ടുവന്നിരുന്നു. സൽമാന് നോമ്പ് തുറക്കാനുള്ള വിഭവങ്ങള്‍ ഒരുക്കിയാണ് മേഘയുടെ അമ്മ കാത്തിരുന്നത്. വിഭവങ്ങളെല്ലാം ഉഗ്രനായിട്ടുണ്ടെന്ന് സൽമാൻ പറയുന്നുമുണ്ട്. പിറ്റേ ദിവസം മേഘയ്ക്കും അമ്മയ്ക്കുമൊപ്പം ക്ഷേത്രത്തില്‍ എത്തി പൊങ്കാല അര്‍പ്പിക്കാനും സല്‍മാനുൾ ഒപ്പം ഉണ്ടായിരുന്നു. ഇത് തന്റെ ആദ്യത്തെ അനുഭവമാണ് എന്നും സല്‍മാൻ വീഡിയോയിൽ പറയുന്നുണ്ട്. നിരവധിയാളുകൾ വീഡിയോയ്ക്കു താഴെ കമന്റുമായി എത്തുന്നുണ്ട്. ഇതാണ് യഥാര്‍ത്ഥ കേരള സ്റ്റോറി എന്നാണ് വീഡിയോയ്ക്ക് പലരും പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക