ആദ്യ പ്രതികരണങ്ങളും എത്തിത്തുടങ്ങിയിട്ടുണ്ട്

ദുല്‍ഖര്‍ സല്‍മാനെ (Dulquer Salmaan) നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്‍ത സല്യൂട്ട് (Salute) ഒടിടിയില്‍ എത്തി. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെ നാല് ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാവും. ഡയറക്ട് ഒടിടി റിലീസുകളില്‍ സാധാരണയായി പ്രഖ്യാപിച്ച റിലീസ് തീയതിയുടെ തലേന്ന് രാത്രിയാണ് ചിത്രങ്ങള്‍ എത്താറ്. എന്നാല്‍ സല്യൂട്ടിന്‍റെ കാര്യത്തില്‍ പതിവിലും നേരത്തെയാണ് സോണി ലിവ് റിലീസ് നടത്തിയിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് ആദ്യ പ്രതികരണങ്ങളും എത്തിത്തുടങ്ങിയിട്ടുണ്ട്.

ഒരു റോഷന്‍ ആന്‍ഡ്രൂസ് (Rosshan Andrrews) ചിത്രത്തില്‍ ദുല്‍ഖര്‍ ആദ്യമായാണ് നായകനാവുന്നത്. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണിത്. അരവിന്ദ് കരുണാകരന്‍ ഐപിഎസ് എന്ന പൊലീസ് ഓഫീസറായാണ് ദുല്‍ഖര്‍ സ്ക്രീനിലെത്തുന്നത്. ബോബി- സഞ്ജയ് ആണ് തിരക്കഥ. ഒരു സാധാരണ പൊലീസ് സ്റ്റോറി ആയിരിക്കില്ല ചിത്രമെന്ന സൂചന തരുന്നതായിരുന്നു നേരത്തേ പുറത്തെത്തിയ ട്രെയ്‍ലര്‍. 

വലിയ പ്രേക്ഷക സ്വീകാര്യത നേടിയ 'മുംബൈ പൊലീസി'നു ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പൊലീസ് സ്റ്റോറിയാണ് സല്യൂട്ട്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്‍റിയാണ് നായിക. മനോജ് കെ ജയൻ മറ്റൊരു സുപ്രധാന വേഷത്തില്‍ എത്തുന്നു. അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്‍മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. ജേക്സ് ബിജോയ്‍യുടേതാണ് സംഗീതം. എഡിറ്റിംഗ് ശ്രീകർ പ്രസാദ്, ഛായാഗ്രഹണം അസ്‍ലം പുരയിൽ, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് സുധാകരൻ, കലാസംവിധാനം സിറിൽ കുരുവിള, സ്റ്റിൽസ് രോഹിത്, പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ കെ സി രവി, അസോസിയേറ്റ് ഡയറക്ടർ ദിനേഷ് മേനോൻ, പിആർഒ മഞ്ജു ഗോപിനാഥ്. വേഫെയറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് നിര്‍മ്മാണം. വേഫെയറര്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്.

നേരത്തേ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രമായിരുന്നു ഇത്. ജനുവരി 14 ആണ് റിലീസ് തീയതിയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് മൂന്നാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ ആദ്യം റിലീസ് മാറ്റിവെക്കുകയും പിന്നീട് ഡയറക്ട് ഒടിടി റിലീസ് ആയി എത്തിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. അതേസമയം ചിത്രത്തിന്റെ ഡയറക്ട് ഒടിടി റിലീസില്‍ പ്രതിഷേധിച്ച് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ദുല്‍ഖറിനും അദ്ദേഹത്തിന്‍റെ നിര്‍മ്മാണ കമ്പനിയായ വേഫെയറര്‍ ഫിലിംസിനും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ധാരണകളും വ്യവസ്ഥകളും ലംഘിച്ചാണ് സല്യൂട്ട് സിനിമ ഒടിടിക്ക് നൽകിയതെന്നാണ് ഫിയോക് ആരോപിച്ചത്. ജനുവരി 14 ന് സല്യൂട്ട് തിയറ്ററിൽ റിലീസ് ചെയ്യുമെന്ന് എഗ്രിമെന്റ് ഉണ്ടായിരുന്നു. പോസ്റ്ററും അടിച്ചിരുന്നു. ഈ ധാരണ ലംഘിച്ചാണ് സിനിമ ഒടിടിയിൽ എത്തിക്കുന്നതെന്നും ഫിയോക് ആരോപിച്ചിരുന്നു.