സമീപകാല ബോളിവുഡ് സിനിമകളില്‍ തിയറ്ററുകളില്‍ വലിയ പരാജയം നേരിട്ട ചിത്രങ്ങളിലൊന്ന്

തിയറ്ററുകളില്‍ വലിയ പ്രതീക്ഷയോടെയെത്തി ബോക്സ് ഓഫീസില്‍ പരാജയം നേരിട്ട സമീപകാല ബോളിവുഡ് സിനിമകളുടെ തുടര്‍ച്ചയായിരുന്നു അക്ഷയ് കുമാര്‍ നായകനായെത്തിയ സാമ്രാട്ട് പൃഥ്വിരാജ് എന്ന ചിത്രവും. ജൂണ്‍ 3ന് ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. ഇപ്പോഴിതാ ചിത്രം ഒടിടിയില്‍ റിലീസിന് ഒരുങ്ങുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രത്തിന്‍റെ സ്ട്രീമിംഗ്. ജൂലൈ 1 ആണ് റിലീസ് തീയതി. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും പ്രൈമില്‍ ചിത്രം കാണാനാവും.

അതേസമയം സമീപകാല ബോളിവുഡില്‍ തിയറ്ററുകളില്‍ വലിയ പരാജയം നേരിട്ട ചിത്രം കൂടിയാണ് ഇത്. 200 കോടി ബജറ്റ് കണക്കാക്കപ്പെടുന്ന ചിത്രത്തിന്‍റെ ഇന്ത്യന്‍ കളക്ഷന്‍ 70 കോടിയില്‍ താഴെയേ വരൂ. റിലീസ് ചെയ്യപ്പെട്ട വിദേശ മാര്‍ക്കറ്റുകളിലും മോശം പ്രകടനമായിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ 90 കോടിക്ക് താഴെയാണ് ചിത്രത്തിന്‍റെ കളക്ഷനെന്ന് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Scroll to load tweet…

ചന്ദ്രപ്രകാശ് ദ്വിവേദി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ഹിസ്റ്റോറിക്കല്‍ ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. പൃഥ്വിരാജ് ചൌഹാന്‍റെ ടൈറ്റില്‍ റോളിലാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍. മാനുഷി ഛില്ലറിന്‍റെ ബോളിവുഡ് അരങ്ങേറ്റമായ ചിത്രത്തില്‍ സഞ്ജയ് ദത്ത്, സോനു സൂദ്, മാനവ് വിജ്, അശുതോഷ് റാണ, സാക്ഷി തന്‍വാര്‍, ലളിത് തിവാരി, അജോയ് ചക്രവര്‍ത്തി, ഗോവിന്ദ് പാണ്ഡേ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 12-ാം നൂറ്റാണ്ടില്‍ രാജാവായിരുന്ന പൃഥ്വിരാജ് ചൌഹാനെക്കുറിച്ച് ചന്ദ് ബര്‍ദായി എഴുതിയ പൃഥ്വിരാജ് റാസൊ എന്ന ഇതിഹാസ കവിതയെ ആസ്പദമാക്കിയാണ് ചന്ദ്രപ്രകാശ് ദ്വിവേദി തിരക്കഥയൊരുക്കിയിരിക്കുന്നത്. മനുഷ് നന്ദന്‍ ആണ് ഛായാഗ്രാഹകന്‍. ശങ്കര്‍ എഹ്സാന്‍ ലോയ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം സഞ്ചിത് ബല്‍ഹര, അങ്കിത് ബല്‍ഹര എന്നിവരാണ്. യഷ് രാജ് ഫിലിംസ് ആണ് നിര്‍മ്മാണം. 

ASLO READ : 'കടുവ'യെ ചൊല്ലി തർക്കം, പരാതി പരിശോധിച്ചേ സെൻസർ സർട്ടിഫിക്കറ്റ് നൽകാവൂ എന്ന് കോടതി