ഗ്ലാമർ ലോകത്ത് നിന്ന് വിടപറഞ്ഞ് ആത്മീയ വഴി തിരഞ്ഞെടുക്കുന്നു എന്ന സനാ ഖാന്റെ പ്രഖ്യാപനവും പിന്നാലെയുള്ള വിവാഹ വാർത്തയും ബോളിവുഡിൽ ഏറെ ചർച്ചകർക്ക് വഴിവച്ചിരുന്നു. ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ മുഫ്‍തി അനസ് സയ്യിദിനെയാണ് സന വിവാഹം കഴിച്ചത്. സന തന്റെ പഴയകാല ചിത്രങ്ങളും സോഷ്യൽമീഡിയയിൽ നിന്ന് പിൻവലിച്ചിരുന്നു. പ്രാർത്ഥനകളുടേയും ഭർത്താവിനും ഒന്നിച്ചുള്ള ചിത്രങ്ങളാണ് സനയുടെ ഇൻസ്റ്റഗ്രാമിൽ ഇപ്പോഴുള്ളത്. വിവാഹവുമായി ബന്ധപ്പെട്ട് നിരവധി കഥകൾ വന്നെങ്കിലും അവയോടൊന്നും സന പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ച് ആദ്യമായി പ്രതികരിക്കുകയാണ് താരം. 

അനസിനെ വിവാഹം ചെയ്യാനുള്ള തീരുമാനം ഒരു രാത്രികൊണ്ട് എടുത്ത തീരുമാനമല്ലെന്നാണ് മുൻ ബിഗ് ബോസ് താരം കൂടിയായ സന ഖാൻ പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ. അനസിനെ പോലൊരാളെ ഭർത്താവായി ലഭിക്കാനായിരുന്നു എല്ലാ നാളും പ്രാർത്ഥിച്ചിരുന്നത്. അതിന്റെ ഫലമാണ് അനസ് തന്റെ ജീവിത്തിലേക്ക് വന്നത്.  മാന്യനായ വ്യക്തിയാണ് അദ്ദേഹം. മുൻവിധിയോടെ കാര്യങ്ങളെ കാണുന്നയാളുമല്ല അനസെന്നും സന പറയുന്നു. 

തന്നേയും ഭർത്താവിനേയും കുറിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന ട്രോളുകളോടും സന പ്രതികരിച്ചു. അദ്ദേഹം സുന്ദരനാണെന്ന് എനിക്കറിയാം. ഒരുപക്ഷേ നിങ്ങൾക്ക് അങ്ങനെ തോന്നുന്നില്ലായിരിക്കാം. അത് കാര്യമാക്കുന്നില്ലെന്നും സന വ്യക്തമാക്കുന്നു. 

സനയെ ഭാര്യയായി ലഭിച്ചതിൽ സന്തോഷവാനാണെന്ന് അനസ് സയ്യിദും പറയുന്നു. ഇടുങ്ങിയ ചിന്താഗതിയുള്ളവർ തങ്ങളെ കുറിച്ച് പറയുന്നത് കാര്യമാക്കുന്നില്ലെന്നും അനസ് വ്യക്തമാക്കി. മറ്റാരെയെങ്കിലും വിവാഹം ചെയ്തിരുന്നെങ്കിൽ താൻ ഇത്രയും സന്തോഷവനായിരിക്കുമെന്ന് തോന്നുന്നില്ലെന്നും അനസ് കൂട്ടിച്ചേർത്തു. 

തന്റെ ജീവിതത്തെ കുറിച്ച് അഭിപ്രായം പറയാൻ ആർക്കും അവകാശമില്ല. ഞങ്ങൾ പരസ്പരം ചേരില്ലെന്ന് ആർക്കും ചിന്തിക്കാം, പക്ഷേ യഥാർത്ഥത്തിൽ തങ്ങൾ വളരെ സന്തോഷത്തോടെയാണ് കഴിയുന്നതെന്നും അനസ് പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിലാണ് സന ഖാൻ സിനിമാ ലോകം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്. നവംബർ ഇരുപതിന് സനയും അനസ് സയ്യിദും വിവാഹിതരാകുകയായിരുന്നു.