2016 ല്‍ ആദ്യം തിയറ്ററുകളില്‍ എത്തിയ ചിത്രം

സിനിമകളുടെ റീ റിലീസ് ഇന്ന് ട്രെന്‍ഡ് ആണ്. എന്നാല്‍ അവിടെയും അപ്രവചനീയതയാണ് അവയെ കാത്തിരിക്കുന്നത്. ആദ്യ റിലീസില്‍ വന്‍ വിജയം നേടിയ ചില ചിത്രങ്ങള്‍ റീ റിലീസില്‍ പരാജയപ്പെടുമ്പോള്‍ അന്ന് പരാജയം നേരിട്ടവയില്‍ ചിലത് വിജയിക്കാറുമുണ്ട്. ആദ്യ റിലീസിലും റീ റിലീസിലും ഒരുപോലെ പ്രേക്ഷകരെ തിയറ്ററുകളില്‍ എത്തിച്ച ചിത്രങ്ങള്‍ അപൂര്‍വ്വവും. ഇപ്പോഴിതാ റീ റിലീസ് ബോക്സ് ഓഫീസിന്‍റെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ് ഒരു ഹിന്ദി ചിത്രം. ഹര്‍ഷ്‍വര്‍ദ്ധന്‍ റാണെ നായകനായെത്തിയ 2016 ചിത്രം സനം തേരി കസം ആണ് അത്.

ആദ്യ റിലീസില്‍ പരാജയം നേരിട്ട സിനിമയാണ് ഇത്. എന്നാല്‍ റീ റിലീസില്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ഈ ചിത്രത്തെ. ആദ്യ തിയറ്റര്‍ റിലീസിലെ പരാജയത്തിന് ശേഷം ടെലിവിഷനിലൂടെയും പിന്നീട് ഒടിടിയിലൂടെയും വലിയ ജനപ്രീതി നേടിയ ചിത്രമാണ് ഇത്. ആ ജനപ്രീതി തന്നെയാണ് ബിഗ് സ്ക്രീനില്‍ റീ റിലീസ് ആയി എത്തിയപ്പോള്‍ ലഭിക്കുന്ന ആവേശകരമായ പ്രതികരണത്തിന് കാരണവും. 

പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം ഇന്ത്യയില്‍ നിന്ന് രണ്ട് ദിവസം കൊണ്ട് നേടിയ നെറ്റ് കളക്ഷന്‍ 9.50 കോടിയാണ്. ആദ്യ ദിനം 4.25 കോടിയും രണ്ടാം ദിനം 5- 5.25 കോടിയും. ഓപണിംഗ് തന്നെ ഒറിജിനല്‍ റിലീസ് സമയത്തേതിന്‍റെ മൂന്നിരട്ടിയാണ് റീ റിലീസില്‍ ചിത്രം നേടിയിരിക്കുന്നത്. റീ റിലീസില്‍ വെറും 2 ദിവസം കൊണ്ടുതന്നെ ആദ്യ റിലീസ് സമയത്തെ ലൈഫ് ടൈം ബോക്സ് ഓഫീസ് ചിത്രം പിന്നിട്ടു എന്നതും കൗതുകകരമാണ്. ഒറിജിനല്‍ റിലീസ് സമയത്തെ ചിത്രത്തിന്‍റെ ഇന്ത്യന്‍ ലൈഫ് ടൈം 9 കോടി ആയിരുന്നുവെന്ന് സാക്നില്‍ക് പറയുന്നു. ഇതോടെ റീ റിലീസില്‍ ഒറിജിനല്‍ റിലീസിനേക്കാള്‍ കളക്റ്റ് ചെയ്യുന്ന സിനിമകളുടെ നിരയിലേക്ക് സനം തേരി കസവും എത്തിയിരിക്കുകയാണ്. 

ALSO READ : സംവിധാനം കമല്‍ കുപ്ലേരി; 'ഏനുകുടി'യുടെ ചിത്രീകരണം വയനാട്ടിൽ തുടങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം