2014 മുതല്‍ സിനിമയില്‍ സജീവമാണെങ്കിലും സന്തോഷ് കീഴാറ്റൂര്‍ എന്ന അഭിനേതാവിന് ബ്രേക്ക് നല്‍കിക്കൊടുത്തത് 'പുലിമുരുകനി'ലെ അതിഥിവേഷമാണ്. അതിഥിവേഷമെങ്കിലും സിനിമയില്‍ അതീവപ്രാധാന്യമുള്ള വേഷമായിരുന്നു അത്, 'മുരുകന്‍റെ' അച്ഛന്‍ വേഷം. അച്ഛനെ പുലി പിടിച്ചതിലുള്ള വൈരാഗ്യമാണ് 'മുരുകനെ' വലുതായപ്പോള്‍ പുലിവേട്ടക്കാരനാക്കി മാറ്റുന്നതില്‍ ഒരു പ്രധാന കാരണം തന്നെ. അതേസമയം പിന്നാലെയെത്തിയ മറ്റു ചില ചിത്രങ്ങളില്‍ക്കൂടി സന്തോഷ് കീഴാറ്റൂരിന്‍റെ കഥാപാത്രങ്ങള്‍ മരിച്ചതോടെ ട്രോളന്മാര്‍ ഇക്കാര്യം ശ്രദ്ധിച്ചു. സന്തോഷ് കീഴാറ്റൂരിന്‍റെ കഥാപാത്രമാണെങ്കില്‍ സിനിമയില്‍ മരിക്കും എന്ന രീതിയില്‍ വന്ന ട്രോളുകളും പലപ്പോഴും വൈറല്‍ ആയി. അതേസമയം അങ്ങനെയല്ലാതെയുള്ള നിരവധി കഥാപാത്രങ്ങളെയും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട് എന്നത് മറ്റൊരു കാര്യം.

എന്നാല്‍ സന്തോഷ് കീഴാറ്റൂരിനെക്കുറിച്ച് സോഷ്യല്‍ മീഡിയയിലെ സിനിമാപ്രേമികള്‍ പലപ്പോഴും സംസാരിക്കുക 'മരിക്കാനുള്ള ഈ യോഗ'ത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാവും. കഴിഞ്ഞ ദിവസം സന്തോഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്കുതാഴെ ഒരു ആരാധകന്‍ ഇക്കാര്യം നേരിട്ടു ചോദിച്ചെത്തി. അതിനു സന്തോഷ് മറുപടിയും നല്‍കി. 

സുരേഷ് ഗോപിയെ നായകനാക്കി നിധിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന 'കാവല്‍' എന്ന ചിത്രത്തില്‍ സന്തോഷിനും വേഷമുണ്ട്. കാവലിന്‍റെ ലൊക്കേഷനില്‍ സംവിധായകനും മറ്റ് സാങ്കേതികപ്രവര്‍ത്തകര്‍ക്കുമൊപ്പമുള്ള ചിത്രങ്ങളാണ് സന്തോഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. അതിനുതാഴെയാണ് ആരാധകര്‍ 'മരണക്കാര്യം' ചോദിച്ച് എത്തിയത്. 

'ഇതിലും അണ്ണൻ ക്ലൈമാക്സിൽ മരിക്കുമോ' എന്നായിരുന്നു ഒരു ആരാധകന്‍റെ ചോദ്യം. 'ഇങ്ങനെ കൊല്ലാതെ' എന്നായിരുന്നു സന്തോഷ് കീഴാറ്റൂരിന്‍റെ മറുപടി. 'ഇങ്ങനെ പറഞ്ഞോണ്ടിരുന്നാൽ പുള്ളി നേരത്തേ മരിക്കു'മെന്ന് കുറിച്ച ആളോട് സന്തോഷിന്‍റെ മറുപടി ഇങ്ങനെ- 'താങ്കൾക്ക് എല്ലാരും മരിക്കുന്നതാ ഇഷ്ടം അല്ലെ എന്ത് മനുഷ്യനാടോ താൻ'. 'വെടികൊണ്ടായിരിക്കും അല്ലേ' എന്നാണ് മറ്റൊരാളുടെ ചോദ്യം. 'അല്ല ചക്ക തലയില്‍ വീണിട്ടാണെ'ന്ന് സന്തോഷിന്‍റെ നര്‍മ്മം നിറഞ്ഞ മറുപടി.

 

നെറ്റ്ഫ്ളിക്സിലൂടെ ഓണം റിലീസ് ആയെത്തിയ 'മണിയറയിലെ അശോകനാ'ണ് സന്തോഷ് കീഴാറ്റൂരിന്‍റേതായി അവസാനമെത്തിയ ചിത്രം. മരക്കാര്‍, തുറമുഖം തുടങ്ങിയ ശ്രദ്ധേയ പ്രോജക്ടുകളിലൊക്കെ അദ്ദേഹത്തിന് വേഷമുണ്ട്.