Asianet News MalayalamAsianet News Malayalam

മക്കളെ അശ്രദ്ധമായി വിടരുത്, ട്രെയിൻ യാത്രയിലെ അനുഭവം പങ്കുവച്ച് സന്തോഷ് പണ്ഡിറ്റ്

മാതാപിതാക്കള്‍ കുഞ്ഞു കുട്ടികളെ കുറേ കൂടി ശ്രദ്ധയോടെ നോക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്.

Santhosh Pandits experience in train journey
Author
Kochi, First Published Mar 2, 2020, 12:09 PM IST

ദേവനന്ദ എന്ന പെണ്‍കുട്ടി മരിച്ചതിന്റെ പശ്ചാത്തലത്തില്‍ കുറിപ്പുമായി സന്തോഷ് പണ്ഡിറ്റ്. ട്രെയിനിലെ യാത്രയില്‍ തനിക്ക് ഉണ്ടായ ഒരു അനുഭവമാണ് സന്തോഷ് പണ്ഡിറ്റ് പങ്കുവച്ചത്.  

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്‍ബുക്ക് പോസ്റ്റ്

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം

കേരളത്തില്‍ കുട്ടികളെ കാണാതാവുന്ന പരാതികള്‍ ഈയിടെയായി വർധിച്ചു വരികയാണല്ലോ..വ൪ഷത്തില്‍ 3800 ഓളം കുട്ടികളെയാണ് കാണാതാവുന്നത്. (നഷ്‍ടപ്പെടുന്ന കുട്ടികളെല്ലാം എവിടെ പോകുന്നോ ആവോ ?)

മുമ്പൊരു ട്രെയിൻ യാത്രക്കിടയില്‍ എന്റെ അനുഭവം പറയാം ട്ടോ. ഒരു അച്ഛനും രണ്ടു വയസ്സുകാരനും നീണ്ട യാത്ര ചെയ്യുകയായിരുന്നു.  മകന്റെ കാര്യത്തില്‍ തീരെ ശ്രദ്ധ അയാള്‍ വച്ചിരുന്നില്ല. ആ കുഞ്ഞു കുട്ടി ട്രെയിനിൽ കയറിയതു മുതല്‍ മൊത്തം ഓടി നടക്കുകയായിരുന്നു. രാത്രി കഴിഞ്ഞ് പകല് സമയം ആയപ്പോള്‍ ആ കുട്ടിയെ സീറ്റിലിരുത്തി ആ അച്ഛൻ ബാത്ത് റൂമില്‍ കുളിക്കാനായ് പോയ് ട്ടോ. (ആരേയും ഏല്‍പിച്ചില്ല)

രണ്ട് മിനിറ്റ് നോക്കി ക്ഷമ നശിച്ച കുട്ടി പെട്ടെന്ന് അച്ഛനെ തിരഞ്ഞ് ഓടിപ്പോയി. ബാത്ത് റൂമിനുള്ളിലായ അച്ഛനെ കാണാനാവാത്തതില്‍ മനം നൊന്ത് ഓടുന്ന ട്രെയിനിന്റെ ഡോറിനടുത്ത് പോയി ഉറക്കെ കരഞ്ഞു. ഭാഗ്യത്തിന് ഈ സീൻ കണ്ടുനിന്ന ഞങ്ങൾ പെട്ടന്നു തന്നെ കരയുന്ന കുട്ടിയെ അനുനയിപ്പിച്ചു.

പല്ലു തേപ്പും കുളിയും എല്ലാം കഴിഞ്ഞ് 15 മിനിറ്റിന് ശേഷമാണ് ആ കുട്ടിയുടെ അച്ഛൻ എത്തിയത്. അതു വരെ ഞങ്ങള്‍ ആ കുട്ടിയെ ആശ്വസിപ്പിച്ചു. അതേസമയം ആ 15 മിനിറ്റിനിടയില്‍ ആ ട്രെയിൻ ഒരു സ്റ്റോപ്പില്‍ നിറുത്തിയിരുന്നു. അച്ഛനെ കാണാത്ത വിഷമത്തില്‍ ആ കുട്ടി സ്റ്റോപ്പില്‍ സ്വന്തം നിലയില്‍ ഇറങ്ങിയിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ. (ആ മനുഷ്യൻ അങ്ങനെ പോകുന്ന സമയം യാത്രക്കാരായ ആരെയെങ്കിലും ആ കുഞ്ഞു കുട്ടിയെ ഒന്നു ഏൽപിച്ചുമില്ല. പലരും എത്ര അശ്രദ്ധമായാണ് മക്കളെ നോക്കുന്നത്)

അതുപോലെ ട്രെയിനിലും ബസ്സിലും അടക്കം ഭിക്ഷക്കായ് വരുന്നവ൪ക്ക് ദയവു ചെയ്‍ത് ആരും പണം കൊടുക്കരുത്. ഭക്ഷണം മാത്രം നല്‍കുക. നമ്മളുടെ വികാരത്തെ ചൂഷണം ചെയ്‍ത് പല കുട്ടികളേയും തട്ടി കൊണ്ടു വന്ന് അംഗ വൈകല്യം വരുത്തിയാണ് നമ്മുടെ മുമ്പില്‍ ഭിക്ഷക്ക് വരുന്നത്. Be careful..

മാതാപിതാക്കള്‍ കുഞ്ഞു കുട്ടികളെ കുറേ കൂടി ശ്രദ്ധയോടെ നോക്കുക. എവിടെയും പോവില്ല , ചുറ്റുവട്ടത്ത് തന്നെയുണ്ടാവും എന്ന വിശ്വാസത്തിൽ നമ്മുടെ മക്കളെ അശ്രദ്ധമായി തുറന്നുവിടരുത്.

വീട്ടുജോലി തിരക്കുകൾക്കിടയിൽ പലപ്പോഴും നമ്മുടെ കുട്ടി വിളിപ്പുറത്തുണ്ടോ എന്ന് അമ്മമാർ ഉറപ്പുവരുത്തുക. അന്യ സംസ്ഥാനത്തുകാരും മറ്റു ടീമും കൊണ്ട് ഇപ്പോള്‍ കേരളം നിറഞ്ഞിരിക്കുന്നു. ഇവരില്‍ ചിലരെങ്കിലും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാകാം. അവരെ നാം ശ്രദ്ധിക്കണം.

ദേവനന്ദ മോൾക്ക് ആദരാഞ്ജലികൾ

എന്ന് സന്തോഷ് പണ്ഡിറ്റ് (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല)

Follow Us:
Download App:
  • android
  • ios