'കൃഷ്‍ണ സ്റ്റോഴ്‌സ്' വീണ്ടും പടുത്തുയര്‍ത്താന്‍ 'സാന്ത്വനം' കുടുംബം; പരമ്പര റിവ്യൂ
തമ്പിയോട് ഇനി പ്രശ്‌നത്തിനൊന്നും നില്‍ക്കേണ്ടെന്ന് തീരുമാനിച്ച ജേഷ്ഠാനുജന്മാര്‍ കട പഴയതിലും വിപുലമാക്കി തുറക്കാനുള്ള ശ്രമത്തിലാണുള്ളത്

പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ പരമ്പരയാണ് സാന്ത്വനം. കൂട്ടുകുടുംബ ബന്ധങ്ങളിലെ മനോഹാരിതയും ഊഷ്മളതയുമെല്ലാം സ്‌ക്രീനിലേക്ക് പറിച്ചുനടാന്‍ പരമ്പരയ്ക്കായിട്ടുണ്ട്. വല്ലാത്തൊരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് നിലവില്‍ പരമ്പര മുന്നോട്ടുപോകുന്നത്. തമ്പി എന്ന കഥാപാത്രത്തിന്‍റെ പ്രതികാരത്തില്‍ സാന്ത്വനം കുടുംബത്തിന്റെ പ്രധാന വരുമാനമാര്‍ഗമായിരുന്ന കട കത്തി നശിച്ചിരിക്കുകയാണ്. സാന്ത്വനത്തിലെ ശിവന്റെ ഹോട്ടല്‍ തുടങ്ങിയതിന്റെ പിറ്റേന്നുതന്നെ അത് പൂട്ടിച്ച്, അതിന്റെ വീരവാദം പറയാനായി ശിവന്റെ മുന്നിലേക്ക് എത്തിയതായിരുന്നു തമ്പി. ആ സമയത്ത് ശിവന്‍ അടിച്ചതായിരുന്നു തമ്പിയുടെ പ്രതികാരത്തിന്റെ അടിസ്ഥാനം. സാന്ത്വനത്തിലെ ഹരിയുടെ ഭാര്യയായ അപ്പു എന്ന അപര്‍ണ്ണയുടെ അച്ഛനാണ് തമ്പി. പല കാര്യത്തിലും അപ്പു അച്ഛനെ പിന്തുണയ്ക്കാറുണ്ടെങ്കിലും, കടയ്ക്ക് തീവച്ച പ്രശ്‌നത്തില്‍ അപ്പു നേരിട്ടുചെന്ന് തമ്പിയോട് കയര്‍ത്ത് സംസാരിച്ചിരുന്നു.
ഇനി ഒരു ബന്ധവും പറഞ്ഞ് സാന്ത്വനത്തിലേക്ക് വരരുതെന്നും താനും അച്ഛനുമായുള്ള എല്ലാ ബന്ധവും ഇവിടെവച്ച് അവസാനിക്കുകയാണെന്നും പറഞ്ഞാണ് അപ്പു തമ്പിയുടെ മുന്നില്‍നിന്നും പോകുന്നത്. കട ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് കത്തി നശിച്ചതെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു തമ്പിയുടെ പ്ലാന്‍. എന്നാല്‍ സംഗതി ചെയ്തത് തമ്പിയും കൂട്ടരുമാണെന്ന് എല്ലാവര്‍ക്കും മനസ്സിലായി. കേസില്ലായെന്ന് പറഞ്ഞുകൊണ്ട് ഒരു തിരിച്ചടിയ്ക്കാണ് സാന്ത്വനത്തിലെ മൂത്ത ഏട്ടനായ ബാലന്‍ തീരുമാനിച്ചതെങ്കിലും അതുമൂലം കുടുംബത്തിനുണ്ടാകുന്ന ഭാവി ഭവിഷ്യത്തുകള്‍ ആലോചിച്ച്, ആ പ്ലാനുകള്‍ ബാലന്‍ ഒഴിവാക്കുകയായിരുന്നു.
സംഭവം നടക്കുന്ന സമയത്ത് അപ്പുവിന്റെ ഭര്‍ത്താവ് ഹരി നാട്ടിലില്ലായിരുന്നു. ചെറിയ അനിയനായ കണ്ണനെ പഠിക്കാനായി ചെന്നൈയിലേക്ക് കൊണ്ടുവിടാനായി ഹരി പോയ സമയത്താണ് പ്രശ്‌നങ്ങള്‍ നടക്കുന്നത്. തിരിച്ചെത്തി കാര്യങ്ങള്‍ അറിഞ്ഞയുടന്‍ തമ്പിയെ കൊല്ലുമെന്നുപറഞ്ഞാണ് ഹരി പോകുന്നത്. എന്തെല്ലാം പ്രശ്‌നങ്ങളുണ്ടായാലും കൂളായി ഇരിക്കാറുള്ള ഹരിക്ക് പോലും ഈ പ്രശ്‌നത്തില്‍ ആകെ മനോനില തെറ്റി. അച്ഛന്റെ കാലംമുതലേ നടത്തിവരുന്ന, കുടുംബത്തിന്റെ ഏക ആശ്രയമായ കടയായതുകൊണ്ടാണ് എല്ലാവരും വൈകാരികമായി ഇടപെടുന്നത്. തമ്പിയോട് ഇനി പ്രശ്‌നത്തിനൊന്നും നില്‍ക്കേണ്ടെന്ന് തീരുമാനിച്ച ജേഷ്ഠാനുജന്മാര്‍ കട പഴയതിലും വിപുലമാക്കി തുറക്കാനുള്ള ശ്രമത്തിലാണുള്ളത്. നമ്മള്‍ ഒത്തുപിടിച്ചാല്‍ എല്ലാം പഴയതിലും ഗംഭീരമാക്കിമാറ്റാം എന്നുപറഞ്ഞ് ഒന്നിച്ച് ശ്രമിക്കുന്ന സഹോദരന്മാരെ പരമ്പരയില്‍ കാണാം. തമ്പിയോട് പ്രതികാരം ഒന്നും വേണ്ടായെന്ന് ജേഷ്ഠാനുജന്മാര്‍ പറയുന്നെങ്കിലും, എന്തെങ്കിലും പണി എവിടെ നിന്നെങ്കിലും കിട്ടുമെന്ന പേടിയിലാണ് തമ്പിയുള്ളത്.
ALSO READ : കരിയറിലെ ആദ്യ 'സെഞ്ചുറി' അടിക്കുമോ വിശാല്‍? 'മാര്‍ക്ക് ആന്‍റണി' 10 ദിവസം കൊണ്ട് നേടിയത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക