വിനായകന് ഇനിയും മികച്ച കഥാപാത്രങ്ങൾ ലഭിക്കുന്നതും നടൻ കൂടുതൽ തിളങ്ങുന്നത് കാണാനുമാണ് താൻ ആഗ്രഹിക്കുന്നതെന്നും ശാരദക്കുട്ടി കുറിച്ചു.
ഒരുത്തീ എന്ന ചിത്രത്തിന്‍റെ പ്രചാരണ പരിപാടികള്‍ക്കിടെ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ നടൻ വിനായകൻ(Vinayakan) ക്ഷമാപണം നടത്തിയതിൽ പ്രതികരണവുമായി ഡോ. എസ്. ശാരദക്കുട്ടി(Saradakutty). തെറ്റുപറ്റിയതായി തിരിച്ചറിയുമ്പോൾ, ഖേദം പ്രകടിപ്പിച്ച് മാപ്പു പറയുവാൻ കഴിയുമ്പോൾ മനുഷ്യർ കൂടുതൽ വലുതാവുകയാണ്. വിനായകന് ഇനിയും മികച്ച കഥാപാത്രങ്ങൾ ലഭിക്കുന്നതും നടൻ കൂടുതൽ തിളങ്ങുന്നത് കാണാനുമാണ് താൻ ആഗ്രഹിക്കുന്നതെന്നും ശാരദക്കുട്ടി കുറിച്ചു.
ശാരദക്കുട്ടിയുടെ വാക്കുകൾ
മികച്ച ഒരഭിനേതാവ് നല്ല ഒരു കഥാപാത്രത്തെ മനോഹരമായി , ഗംഭീരമായി അവതരിപ്പിച്ചതിന്റെ സന്തോഷം പങ്കു വെച്ച് അദ്ദേഹത്തെ അഭിനന്ദിച്ചതിന്റെ പിറ്റേന്ന് തന്നെ ചില പരസ്യ നിലപാടുകളുടെ പേരിൽ ശക്തമായി എതിർക്കേണ്ടി വന്നപ്പോൾ വിഷമം തോന്നി. വിനായകനെ കുറിച്ചാണ്. തെറ്റുപറ്റിയതായി തിരിച്ചറിയുമ്പോൾ, ഖേദം പ്രകടിപ്പിച്ച് മാപ്പു പറയുവാൻ കഴിയുമ്പോൾ മനുഷ്യർ കൂടുതൽ വലുതാവുകയാണ്. വിനായകന് ഇനിയും മികച്ച കഥാപാത്രങ്ങൾ ലഭിക്കുന്നതും അദ്ദേഹം കൂടുതൽ തിളങ്ങുന്നതും കാണുവാൻ തന്നെയാണാഗ്രഹിക്കുന്നത്.
ഇന്നാണ് ക്ഷമാപണം നടത്തിക്കൊണ്ട് വിനായകൻ രംഗത്തെത്തിയത്. "നമസ്കാരം, ഒരുത്തി സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽ ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ [ ഒട്ടും വ്യക്തിപരമായിരുന്നില്ല 🙏🏿]വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു" എന്നായിരുന്നു വിനായകൻ കുറിച്ചത്.
വിനായകനെതിരെ നേരത്തെ ശാരദക്കുട്ടി പറഞ്ഞത്
ഒരു മികച്ച സിനിമയുടെ, അതും വളരെ മികച്ച ഒരു സ്ത്രീപക്ഷ സിനിമയുടെ പ്രമോഷനിടയിൽ സ്വന്തം വിവരക്കേടും അഹന്തയും അൽപത്തവും ഹുങ്കും എന്നു വേണ്ട, ഉള്ളിലെ സകല വൃത്തികേടുകളും വലിച്ചു പുറത്തെടുത്തു മെഴുകി അതിൽ കിടന്നുരുണ്ട് പിരണ്ട് നാറിക്കുഴഞ്ഞ വിനായകൻ മഹാ അപമാനമാണ്. മഹാ പരാജയമാണ്. ചോദ്യം ചോദിച്ച് അയാളെ അവിടെത്തന്നെയിട്ട് കുഴച്ച്പുരട്ടിയെടുത്താഘോഷിച്ച ചോദ്യകർത്താക്കൾ വീട്ടിൽ ചെന്ന് സോപ്പും ഡെറ്റോളും സുഗന്ധദ്രവ്യങ്ങളും ചേർത്ത് ചൂടുവെളളത്തിലൊന്ന് കുളിക്ക്. അന്തരീക്ഷത്തിലാകെ നാറ്റമാണ്. മഹാ കഷ്ടം. മഹാനാണക്കേട്. കലാകാരനാണത്രേ.
ഒരുത്തീ സിനിമയുടെ പത്രസമ്മേളനത്തിനിടെ ആയിരുന്നു വിനായകന്റെ സ്ത്രീ വിരുദ്ധ പരാമർശം. ‘എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്‌സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്ന്. നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്‌സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും.ഇതാണോ നിങ്ങള്‍ പറഞ്ഞ മീ ടൂ? ഇതല്ലെങ്കില്‍ എന്താണ് നിങ്ങള്‍ പറയുന്ന മീ ടൂ? നിങ്ങളെനിക്ക് പറഞ്ഞ് താ', എന്നായിരുന്നു വിനായകൻ പറഞ്ഞത്. പിന്നാലെ സിനിമയ്ക്ക അകത്തും പുറത്തുമുള്ളനിരവധി പേർ രംഗത്തെത്തുകയും ചെയ്തു. ഇതിനിടയിൽ നവ്യ നായരും സംവിധായകന്‍ വി.കെ. പ്രകാശും ഒപ്പം ഉണ്ടായിരുന്നിട്ടും നിശബ്ദത പാലിച്ചതിനെതിരെയും വിമർശനങ്ങൾ ഉയരുന്നിരുന്നു.
